Friday, October 17, 2014

കുട്ടികളുടെ ഗ്രഹത്തിൽ/അരുണ്‍ ഗാന്ധിഗ്രാം



കുട്ടികൾ മാത്രം അധിവസിക്കുന്ന ഒരു ഗ്രഹത്തെ
ഞാൻ സ്വപ്നത്തിൽ കാണുന്നു.

വെള്ളസ്സാരി പോലെയുള്ളതും
വെള്ളിത്തൂണ് പോലെയുള്ളതും
ആകാശനീല ദുപ്പട്ട പോലെയുള്ളതും
പുഴകളാണെന്ന്
ഒരു കുട്ടി പറഞ്ഞുതരുന്നു.

കുട്ടികളുടെ ഗ്രഹത്തിൽ
ഒരു പുഴയും മറ്റൊന്നിനെപ്പോലെയല്ല
പറഞ്ഞുതരാൻ ഒരു കുട്ടിയില്ലെങ്കിൽ
അതെല്ലാം പുഴകളാണെന്നു പോലും
മനസ്സിലാവുകയേയില്ല.

മഞ്ഞ മയിലുകൾ
കറുപ്പൻ തത്തകൾ
മഞ്ഞക്കുയിലുകൾ
ഓറഞ്ചു കൊക്കുകൾ
വയലറ്റ് ഉപ്പന്മാർ

കുട്ടികളുടെ ഗ്രഹത്തിൽ
ഒരു പക്ഷിയും മറ്റൊന്നിനെപ്പോലെ പാടുന്നില്ല.
എങ്കിലും ഓരോ പക്ഷിയും പാടുന്നതെങ്ങനെയെന്ന്
ഓരോ കുഞ്ഞും നിങ്ങളെ പഠിപ്പിച്ചുതരും.

പൂച്ചയേക്കാൾ ചെറിയ കടുവകൾ
ആനയേക്കാൾ വലിയ മുയലുകൾ
വിഷപ്പല്ലുകളും ഇരട്ടനാക്കുകളുമില്ലാത്ത സർപ്പങ്ങൾ
കിരീടംവച്ച് പുഞ്ചിരിക്കുന്ന സിംഹം
കുട്ടികളുടെ ഗ്രഹത്തിൽ
അപകടകാരിയായ ഒരു മൃഗം പോലുമില്ല

അവിടെ കാണാം,
ഏഴു നിറങ്ങളിലൊതുങ്ങാത്ത മഴവില്ലുകൾ
ഇടിയും മിന്നലുമില്ലാത്ത മഴച്ചാറ്റലുകൾ
മുള്ളൻപന്നിയെപ്പോലെ തലമുടി വളർത്തിയ മഞ്ഞസൂര്യൻ
ഒരിക്കലും വളരാത്ത അർദ്ധചന്ദ്രൻ
ഒരു മരത്തെയും കടപുഴക്കാത്ത കാറ്റ്
കയ്യെത്തിച്ചാൽ പറിക്കാവുന്ന ഫലങ്ങളുള്ള വൃക്ഷങ്ങൾ

പക്ഷേ,
ആപ്പീസുകൾ
കടമുറികൾ
വിദ്യാലയങ്ങൾ
കച്ചവടസ്ഥാപനങ്ങൾ
ഇവയൊന്നും അവിടെയില്ല.
എല്ലായിടവും കളിസ്ഥലങ്ങൾ മാത്രം.

കുട്ടികളുടെ ഗ്രഹത്തിൽ
കരയുന്ന കുട്ടികളാണ്
എല്ലാ കളിയിലും ജയിക്കുക.
ചിരിക്കുന്ന കുട്ടികൾ
അവർ ജയിക്കുന്നതുകണ്ട്
കുറുമ്പൻ കണ്ണുകളിറുക്കുകയേയുള്ളൂ.

ഐസ്ക്രീം പൊഴിയുന്ന മഞ്ഞുകാലം
ചോക്കലേറ്റുകൾ പാകിയ നിരത്തുകൾ
മിഠായിച്ചെടികൾ ബലൂണുകളും റബ്ബർ പന്തുകളും വിളയുന്ന പാടങ്ങൾ
തൊട്ടാൽ കഥപറയുന്ന മുത്തശ്ശിക്കുന്നുകൾ

കുട്ടികളുടെ ഗ്രഹത്തിൽ
ഒരൊറ്റ പോലീസുകാരൻ പോലുമില്ല.

എങ്കിലും,
ഉറക്കം
ഭക്ഷണം
വിനോദം
ഇവയല്ലാതെ എന്തിനെക്കുറിച്ച് ചിന്തിച്ചാലും
അവരെ കുട്ടികളുടെ ഗ്രഹത്തിൽ നിന്ന്
എന്നേക്കുമായി പുറത്താക്കുമത്രേ.

നമ്മളെല്ലാം കുട്ടികളുടെ
ഗ്രഹത്തിൽ നിന്ന്
പുറത്താക്കപ്പെട്ടവരാണ്.

2 comments:

  1. നമ്മളോ..........!!? നൊണ പറേര്‌ത്ട്ടാ.

    ഈ പറഞ്ഞതൊക്കെ വച്ചുള്ള ഒരു അനിമേഷൻ ഫിലിം ഉണ്ടായിരുന്നൂലൊ...! പേരൊന്നും ഓർമ്മീല്യ. പക്ഷെ ണ്ട്.

    ആരും പറഞ്ഞുകൊടുത്തിട്ടല്ല, പക്ഷെ ആ കൊച്ച് എന്നും പ്രാർത്ഥിക്കുന്നത് ഇങ്ങനാണ്. 
    "ഇനിതൊട്ട് ആരും വലുതാവല്ലേ, വലുതായി വയസ്സായി ആരും മരിച്ചുപോവല്ലേ".

    ReplyDelete
  2. ചെറുതിനി ഈ വഴി വരുമോന്നറീല്യ, വന്നാലും വന്നില്ലേലും വേഡ് വെരിഫിക്കേഷൻ മാറ്റുന്നത് നല്ലത്.
    കഥയില്ലാത്തവളിൽ അഭിപ്രായിക്കാനുള്ള വാതിൽ തുറന്നിട്ടാൽ അതും നല്ലത്ട്ടാ!

    ReplyDelete