Monday, October 27, 2014

രണ്ടു വീടുകള്‍ - മികച്ചതല്ലാത്ത രണ്ടു കവിതകള്‍./ വിഷ്ണു പ്രസാദ്


1
അതിഥി
---------------------------------
കലഹത്തിന്റെ കൂടായിരുന്നു ഞങ്ങളുടെ വീട്.
ചെറുതും വലുതുമായ കലഹങ്ങള്‍,
കാരണത്തിലും അകാരണത്തിലും പൊട്ടുന്നവ.
ആരും ആരോടും എപ്പോഴും ഒരു കലഹത്തിലേക്ക്
വഴുതിവീഴാം...
അങ്ങനെയായിരുന്നു കാര്യങ്ങളുടെ
(അതോ വീടിന്റെയോ) കിടപ്പ്.
പരസ്പരം പോരാടുന്നവരുടെ വീട്
ഓരോ മുറിയിലും ചില ആയുധങ്ങള്‍ കരുതും.
ഉലക്ക,ചൂല്,ചിരവ...അടുക്കള നല്ലൊരു ആയുധപ്പുരയാണ്...
കേടായ റേഡിയോ,കസേര,കുട തുടങ്ങിയവ
സന്ദര്‍ഭത്തിനനുസരിച്ച് ആയുധങ്ങളാവും.
ആര്‍ക്കും പരിക്കുപറ്റാതെ നോക്കേണ്ടത്
അയല്‍‌വക്കക്കാരുടെ ചുമതലയാണ്.
അവര്‍ അത് കൃത്യമായി ചെയ്തു വന്നു.
പ്രതിഫലമായി ഇഞ്ചിയോ ചേനയോ തേങ്ങയോ
അവര്‍ മോഷ്ടിക്കുന്നത് ഞങ്ങള്‍ കണ്ണടച്ചു.
ഓരോ ദിവസവും ഓരോ ദിവസമായിരുന്നു.
ചിലപ്പോഴൊക്കെ ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു.
അപ്പോഴൊക്കെ നിശ്ശബ്ദത അപശബ്ദങ്ങളിലേക്കുള്ള
ഒരു വാതില്‍ച്ചതുരമായാണ് പ്രവര്‍ത്തിച്ചത്.
അങ്ങനെയുള്ള വീട്ടിലേക്കാണ്
ഒരു വൈകുന്നേരം, ഓട്ടോറിക്ഷയില്‍
ഒരു ടെലിവിഷന്‍ വന്നിറങ്ങുന്നത്.
സ്വീകരണമുറിയില്‍ ചെന്നിരുന്ന്
അത് 24 മണിക്കൂറും പ്രവര്‍ത്തിച്ചു.
പാട്ടായി,പരസ്യമായി,സിനിമയായി,സീരിയലായി...
ഞങ്ങളൊക്കെ അതിന്റെ മുന്നിലുമായി.
അവനവനെക്കുറിച്ചോ
മറ്റുള്ളവരെക്കുറിച്ചോ ആലോചിക്കാതായി.
ഒന്നിനെക്കുറിച്ചും
(എന്തിന്,റിമോട്ടിനെക്കുറിച്ചു പോലും)
കലഹിക്കുവാന്‍ സമയമില്ലാതായി.
സീരിയലില്‍ നിന്ന് സീരിയലിലേക്ക്
പൊങ്ങുതടികള്‍ പോലെ ഞങ്ങള്‍ ഒഴുകി.
എല്ലാ ദിവസവും ഒരേ ദിവസമായി.
ഒരു ഞായറാഴ്ച അതു പറഞ്ഞു:
‘ധര്‍മ സംസ്ഥാപനാര്‍ഥായാ
സംഭവാമി യുഗേ യുഗേ...’
സമാധാനത്തിന്റെ സംസ്ഥാപകനെ വണങ്ങി
ഒരു വേള പറയാതിരിക്കാനായില്ല:
‘അതിഥി ദേവോ ഭവ...’
കലഹങ്ങള്‍ കൊണ്ട് വെവ്വേറെ അടയാളപ്പെടുത്തിയ
ദിവസങ്ങള്‍ ഇനി തിരിച്ചു വരികയില്ല.
വിസ്മൃതിയുടെ ഈ ദയവ്
സമാധാനത്തെ പരിപാലിക്കുന്ന വിധം കണ്ട്
ഇടയ്ക്കിടെ ഒരു ഭയം ഇറങ്ങി വരുന്നുണ്ട്...
അടഞ്ഞുപോയ കലഹതാത്പര്യം
വേഷം മാറി വരുന്നതാവുമോ...?
------------------------------
2
സുപ്രഭാതം
-----------------------------
സുപ്രഭാതവുമായി
ഒരു സംഭാഷണത്തിനു ശ്രമിക്കുകയാണ്
സുകുമാരിയമ്മ.
സുപ്രഭാതം പഴയതുപോലല്ല.
മിണ്ടുന്നില്ല ഒന്നും.
വല്ലാത്ത ഗൌരവം പിടിച്ച
അതിന്റെ മോന്തയ്ക്ക് നോക്കി
കൊഞ്ഞനംകുത്തി സുകുമാരിയമ്മ.
അതുകണ്ട് മയിലുകള്‍ ചേക്കിരിക്കുന്ന തെങ്ങുകള്‍ ഒറ്റച്ചിരി.
അതുകേട്ട് അടുത്തതൊടിയിലെ പൂത്താങ്കീരികള്‍ പാറിവന്ന് ചിരി.
അതറിഞ്ഞ തൊടിയാകെ ആടിയാ‍ടിച്ചിരി
ഗേറ്റുകടന്ന് നട്ടുച്ചയ്ക്ക് ഒരു പശു കയറിവരും
സുകുമാരിയമ്മ അതിനെ ഓടിക്കില്ല.
കഞ്ഞിവെള്ളം ബക്കറ്റിലാക്കി കൊണ്ടുക്കൊടുക്കും
ആടിചൊറിഞ്ഞു കൊടുക്കും
വല്ലപ്പോഴും ഒരു നായ വേലി നൂണ്ട് വരും
സുകുമാരിയമ്മ അതിനെ ആട്ടില്ല.
ഒരു വീട്ടില്‍ നിന്ന് അടുത്ത വീട്ടിലേക്ക്
മനുഷ്യര്‍ ഇനി വരുകയില്ലെന്ന് അവര്‍ക്കറിയാം.
ഒറ്റയ്ക്കായിപ്പോയെങ്കിലെന്താ
ആകെയുള്ളൊരു ചെക്കന്‍ കെട്ടിയപെണ്ണുമായ്
ദുബായിലാണെങ്കിലെന്താ
വയസ്സെഴുപതായെങ്കിലെന്താ
അരീംസാധനങ്ങളും ഒറ്റയ്ക്കു വാങ്ങിക്കൊണ്ടന്നാലുമെന്താ
ഒറ്റയ്ക്കു വെച്ചുണ്ടാക്കിത്തിന്നാലുമെന്താ
എന്ന് ഉറക്കെയുറക്കെ ചോദിക്കണമെന്നുണ്ട്.
ചോദിച്ചില്ല
തൊടിയിലെ കിളികള്‍ക്കും പച്ചകള്‍ക്കും പ്രാണികള്‍ക്കും
എല്ലാമറിയാം
അതുകൊണ്ട് ഈ സുപ്രഭാതത്തിന്റെ ചിരിച്ച മുഖത്തേക്ക് നോക്കി
സുകുമാരിയമ്മ ഒരിക്കല്‍ കൂടി പറഞ്ഞു.
ഇനി എവിടക്കുമില്ല,
ഇവിടെത്തന്നെയങ്ങട്ട് കഴിഞ്ഞാ മതി
ഓര്‍മ്മയുടെ ധന്വന്തരംകുഴമ്പിട്ട് വീടപ്പോള്‍
സ്വന്തം കാലുകള്‍ നീട്ടിവെച്ച് ഉഴിഞ്ഞുകൊണ്ടിരുന്നു
തളിരിലകളില്‍ ആരോകൊണ്ടുവെച്ച വെയിലുണ്ണികള്‍ കയ്യുംകാലുമിട്ടടിച്ച്
ള്ളേ ള്ളേ എന്ന് തേനൊലിപ്പിച്ച് ചിരിച്ചുകൊണ്ടിരുന്നു.

No comments:

Post a Comment