Friday, October 17, 2014

ശിക്ഷ / ടി പി രാജീവന്‍


ഒടുവില്‍ എന്നെ
എന്നിലേയ്ക്കുതന്നെ
നാടുകടത്താന്‍
ഞാന്‍ തീരുമാനിച്ചു.
ഞാന്‍
ഒരു രാജ്യമായിരുന്നെങ്കില്‍
ആ രാജ്യത്തിനെതിരെ
ഞാന്‍ നടത്തിയ
ഗൂഢാലോചനകള്‍
അട്ടിമറിശ്രമങ്ങള്‍
കലാപങ്ങള്‍
എല്ലാം പരിഗണിക്കുമ്പോള്‍
ഇതിലും കുറഞ്ഞൊരു ശിക്ഷ
എനിക്കുപോലും വിധിക്കാന്‍ കഴിയില്ല,
എനിക്കെതിരെ.
ജനിക്കുന്നതിനു മുമ്പുതന്നെ
എനിക്കു ഭാര്യയും
മക്കളുമുണ്ടായിരുന്നു.
എത്ര ജന്മങ്ങള്‍ ജീവിച്ചുതീര്‍ത്താലും
തീരാത്ത പാപങ്ങളും കടങ്ങളും
ചങ്ങമ്പുഴയോ ഷെല്ലിയോ
കീറ്റ്സോ ആയിരുന്നു ഞാനെങ്കില്‍
ജനിക്കുന്നതിനുമുമ്പുതന്നെ
ക്ഷയരോഗം വന്നോ
ബോട്ടപകടത്തില്‍പ്പെട്ടോ
മരിക്കേണ്ടവനായിരുന്നു ഞാന്‍.
പോയ നൂറ്റാണ്ടിന്റെ
ആദ്യപകുതിയിലോ
അതിനുമുമ്പത്തെ
ഏതെങ്കിലും നൂറ്റാണ്ടിന്റെ
അവസാനത്തിലോ ആയിരുന്നു
എന്റെ ജനനമെങ്കില്‍
കലിംഗ
കുരിശ്
പ്ലാസി
ശിപായി
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍
ഇവയിലേതിലെങ്കിലും
കൊല്ലപ്പെടുമായിരുന്നു ഞാന്‍.
ഞാന്‍
ഒരു ദ്വീപോ
മരുഭൂമിയോ ആയിരുന്നെങ്കില്‍
എന്നെപ്പോലെ
ഒരു കുറ്റവാളിയെ തുറന്നുവിടാന്‍
എന്നെക്കാള്‍ ഏകാന്തവും
തണുത്തുറഞ്ഞതും
ചുട്ടുപൊള്ളുന്നതുമായ ഒരിടം
വേറെയില്ല.

No comments:

Post a Comment