Sunday, October 19, 2014

ദി കമ്പനി / ഉമാ രാജീവ്


എൺപതുകൾക്കു മുൻപെപ്പഴോ ആണ് കമ്പനി വന്നത്
കുറുക്കൻ കൂവുമായിരുന്ന
കിഴക്കൻ കുന്നുകളെ
ഇടിച്ചു നിരത്തി ,
പാടവരമ്പിനെ പതിച്ചുനീട്ടി
റോഡും പാലവും വന്നു
മത്തങ്ങ കോലിൽ നാട്ടിയപോലെ
നാലു ടാങ്കുകൾവന്നു
ചുവന്ന നിലാവു വീഴ്ത്തുന്ന
കൂറ്റൻ ടവറുകൾവന്നു
വെളുപ്പിനു ടാങ്കർലോറിക്കടിയിൽ കിടന്നുറങ്ങുന്ന
വൈകുന്നേരം കോഴിയുടേ പപ്പും പൂടയും പറിക്കുന്ന
ഉള്ളിത്തൊലിപൊളിക്കുന്ന
തലേക്കെട്ടുള്ള സർദാർജിമാർ വന്നു
ഞങ്ങൾക്ക് കമ്പനി
ഇരമ്പിയിരമ്പി കേറ്റംകേറുന്ന
എണ്ണവണ്ടികളായിരുന്നു
മഴവെള്ളം കെട്ടിനിന്ന റോഡിൽ
മഞ്ഞയുപ്പുപരൽ പോലെ തൂവിയ
സൾഫർക്കട്ടകളായിരുന്നു
രണ്ടുവാർ ചെരിപ്പൂരി
വളംകടിക്കാതിരിക്കാൻ
വിരലിടകളോരോന്നുമമർത്തിപറ്റിക്കുന്ന
എണ്ണപ്പാടകളായിരുന്നു
കൂരച്ചുപോയ തെങ്ങിൻ കൂമ്പുകളായിരുന്നു
ഏങ്ങിവലിച്ചു ശ്വാസം വലിക്കുന്ന ചെറിയമ്മയായിരുന്നു
കമ്പനിക്കൊപ്പം
കള്ളിമുണ്ടും പുള്ളിബ്ലൗസുമായി
പണിക്കുപോവുന്ന പെണ്ണുങ്ങളുണ്ടായി
"കാന്റിങ്ങി"ൽ നിന്ന് ചോറുണ്ണുന്ന
ആണുങ്ങളുണ്ടായി
പുഴമുറിച്ചുകടന്ന് ഇരുമ്പ്കമ്പി കടത്തുന്ന
കള്ളൻ ബേബിയുണ്ടായി
പണിക്കുകേറ്റാൻ വെള്ളയുടുപ്പും
കക്ഷത്തിൽ ഡയറിയുമായി നടക്കുന്ന ചേട്ടന്മാരുണ്ടായി
കമ്പനിപ്പേരുള്ള കോളനികളുണ്ടായി
കമ്പനിയുസ്കൂളിൽ പഠിക്കുന്ന കുട്ടികളുണ്ടായി
അവർക്കുമാത്രം കയറാവുന്ന ബസ്സുണ്ടായി
തെക്കുമല്ല , വടക്കുമല്ലാത്തൊരു ഭാഷയുണ്ടായി
അങ്ങനെയിരിക്കെയാണ്
ഞങ്ങളെ "കമ്പനിയെടുക്കാൻ തുടങ്ങിയത്"
ചതുപ്പെന്നൊ , കുരുപ്പെന്നോ,
പറമ്പെന്നോ വയലെന്നോ നോക്കാതെ
നീട്ടിയെറിഞ്ഞൊരൊറ്റവിലയിട്ടു
വടക്കോർത്തുകാർ കമ്പനിയെടുത്തപ്പോൾ
പെണ്ണിനെ കെട്ടിച്ചും , ചെക്കനു ഓട്ടോ വാങ്ങിക്കൊടുത്തും
ബാക്കിയുണ്ടായത് കൊണ്ട്
കിഴക്കോട്ട് കിഴക്കോട്ട് പോയി ടെറസ് വീട് വച്ചു
തെക്കോർത്തുകാർ അമ്മയുമച്ഛനും മാത്രമായവർ
പടിഞ്ഞാട്ട് കായൽക്കരയിലെ ഫ്ലാറ്റിലായി
വട്ടത്തിലും നീളത്തിലും അളക്കാൻകഴിയാത്തോരിടം
മുൻസിപ്പാലിറ്റി ശ്മശാനമാക്കി
മൂന്നുകൊല്ലം കൊണ്ടു കമ്പനിയെടുപ്പ് പൂർത്തിയായി
ചിഹ്നം‌മാഞ്ഞുപോയ ചുവരെഴുത്തുകളും
മണിമുട്ടിയാലും കേൾക്കാനാളില്ല്ലാത്ത പള്ളിമേടയും
നിത്യപൂജമുടങ്ങാത്ത ദേശക്കാവും മാത്രം ബാക്കിയായി
മീനച്ചൂടിൽ പൂരം തൊഴാൻ
പലേനിറങ്ങളിൽ വന്നിറങ്ങും പലരും
അരികുകീറലിന്റെ ആകൃതി ചേർത്ത്
ജിഗ്സോപസിൾ പൂർത്തിയാക്കാൻ
ഒറ്റപ്പന്തിയിൽ ചേർന്നിരുന്നു
പ്രസാദയൂട്ടുണ്ണും അവർ
എന്നിട്ടും ചിലരുണ്ട്
എന്റെ നാടേ എന്റെ നാടേ
എന്നുപറഞ്ഞ്
കിഴക്കേപാലത്തിൽ നിന്നു
ചെരിഞ്ഞ് വടക്കോട്ടു നോക്കുന്നവർ
ആഫ്രിക്കൻപായലിന്റെ വയലറ്റ് പൂക്കളെ
മണക്കാനായുന്നവർ
കിഴക്കേപ്പുഴയിലൂടെ
വടക്കേക്കടവിൽ എത്തി
ദേശദേവതയ്ക്കും
വിശുദ്ധമറിയത്തിനുമിടയ്ക്ക്
ശ്മശാനത്തിന്റെ പുകക്കുഴലിലൂടെ
പരന്ന് കമ്പനിയാകുന്നവർ



No comments:

Post a Comment