വറുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്...
മരിച്ചവന്‍റെ ഫോട്ടോയ്ക്ക് പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത.
ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു.
ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ
അകന്നു പോകുന്നു,
വിജനമായ തെരുവും
നിശ്വാസങ്ങള്‍ മൂടിയ ഒരു മേല്‍ക്കൂരയും...
ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.
എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?
No comments:
Post a Comment