Wednesday, October 15, 2014

രണ്ടിലൊന്ന് / ജയദേവ് നയനാർ



ഉവ്വല്ലോ, ആര്‍ക്കുമെന്നപോലെ
എനിക്കുമുണ്ടല്ലോ
രണ്ടിലൊന്നു തിരഞ്ഞെടുക്കാനുള്ള
സ്വാതന്ത്ര്യമോ അവകാശമോ
എന്തു കുന്തമാണോ അത്.
ഞാന്‍ ചെകുത്താനെ
സ്വീകരിച്ചത് എന്‍റെ
കടല്‍പ്പേടി കൊണ്ടാണെന്നൊക്കെ
പലരും പറഞ്ഞുള്ളില്‍
ചിരിക്കുന്നതൊക്കെ
കാണാഞ്ഞിട്ടൊന്നുമല്ല.
ചെകുത്താനോടത്രമേല്‍
പ്രണയമായിട്ടൊന്നുമല്ല.
കടലിനെപ്പോലെ
മീനിനൊപ്പം നീന്താനൊന്നും
ഏതായാലും പറയില്ല.
കടല്‍ക്കാക്കയെപ്പോലെ
വെറുതേ പറപ്പിക്കില്ല.
രാത്രിക്കുരാത്രി സൂര്യനെ
ഒളിപ്പിക്കുകയുമില്ല.
കരയിലേക്കു ചെന്ന്
ഓരോന്നിനെയൊക്കെ
വലിച്ചടുപ്പിച്ചു
മൂന്നാംപക്കം കൊണ്ടുചെന്നു
വലിച്ചെറിയുകയും മറ്റുമില്ല.
ചെകുത്താന്‍ ഒറ്റവീര്‍പ്പിനങ്ങ്
തീര്‍ത്തേക്കുമല്ലോ.
കുറുനരിക്കും പരുന്തിനുമായി
ഒന്നും ബാക്കി വച്ചേക്കില്ലല്ലോ.
കൂട്ടത്തില്‍ ഒന്നുകൂടി
നേരും നെറിയും
ചെകുത്താനു തന്നെ.

No comments:

Post a Comment