Friday, October 24, 2014

ഒരു കുമ്പിള്‍ കടല മതി നമുക്കിടയിലെ കടല്‍ നികത്താന്‍..../ സുനിൽ തിരൂർ

ഒരു കുമ്പിള്‍ കടല മതി
നമുക്കിടയിലെ കടല്‍ നികത്താന്‍....
----------------------------------

കടൽത്തിര എണ്ണിയില്ല
അസ്തമയ സംഗീതത്തിന് ചെവിയോർത്തില്ല
കടല കൊറിച്ചില്ല
ചുവപ്പിലേയ്ക്കൂളിയിടുന്ന
വള്ളങ്ങളിലേയ്ക്ക് കണ്ണെറിഞ്ഞില്ല
കരിങ്കല്ലൊതുക്കുകളിൽ തട്ടി
ജീവിതം പോലെ ചിതറുന്ന
തിരകൾ നോക്കിനിൽക്കെ
എത്ര പെട്ടെന്നാണ്
നിന്റെ കണ്ണുകളിലെ
കടൽ വറ്റിപ്പോകുന്നത്....
----------------------------
 അക്ഷരങ്ങളെല്ലാം
പലവഴി ചിതറിയോടുന്ന,
ഈ പഴയ കത്തിൽ നിന്നും
ഏതക്ഷരത്താൽ
വായിച്ചു തുടങ്ങണം ,നിന്നെ ?
-----------------------------
 വായിച്ചു തീരുന്നതിനനുസരിച്ചു
അക്ഷരങ്ങൾ മാഞ്ഞുപോകുന്ന
ഒരത്ഭുതപ്പുസ്തകമുണ്ടായിരിക്കു
മോ ?
വെളുത്ത കടലാസ്സുകൾ മാത്രമുള്ള
നിന്നെ തുറന്ന് കാണിച്ച്
നീയെന്റെ ചോദ്യത്തിന്റെ മുനയൊടിക്കുന്നു...!
 -------------------------------
 ഓരോ കൂടുമാറ്റങ്ങളിലും
കൂടെ വരാതെ
ഒളിച്ചിരിക്കുന്ന ഓർമ്മകളുണ്ട്‌..
ഒരിക്കൽ തിരിച്ചുപോകുമ്പോൾ
അവയെയെല്ലാം
കൂടെ കൊണ്ട്പോകണം.....
കണ്ണാടിയിലെന്നപോലെ
എന്നെ കാണിച്ചുതരാൻ
മറ്റൊന്നിനുമാവില്ലല്ലോ...!

 ----------------------------
രാത്രി,
പടർന്നു പന്തലിച്ച
നിറയെ പഴുത്ത കായ്കളുള്ള
ഒരു ഞാവൽ മരമാകുന്നു..
നിലാവിന്റെ തുണ്ടുകൾ
കൊതിക്കണ്ണുകളുള്ള കുഞ്ഞുങ്ങളെപ്പോലെ
അതിന്റെ ചില്ലകൾ നീളെ
ഒഴുകിക്കളിയ്ക്കുന്നു.

കാലത്തിന്റെ
ഇങ്ങേയറ്റത്ത് നിന്ന്
ഒരിക്കലും നിനക്ക് കിട്ടാനിടയില്ലാത്ത
മറുപടിക്കത്തിൽ
ഞാൻ ഈ ചിത്രമയക്കുന്നു..!
-------------------------------
 പുലരും വരെ
അണിഞ്ഞൊരുങ്ങിയിരിക്കാൻ
നിലാവിന്റെ ഉടയാടകൾ കടം വാങ്ങിയിട്ടുണ്ട്,
ഒരു നാണംകുണുങ്ങി രാവ്...!
--------------------------------
ഇലകളാൽ എഴുതിയിരുന്നു
ചില്ലകളാൽ
വരച്ചുവെച്ചിരുന്നു
പൂക്കളാൽ അലങ്കരിച്ചിരുന്നു..
എന്നിട്ടും മരമേ,
നിന്റെ ആത്മാവായ
ഈ വെളുത്ത കടലാസ്സിൽ നിന്നും
സ്വാതന്ത്ര്യത്തിലേയ്ക്ക്,
ഒരു വേരുപോലും
മുള പൊട്ടുന്നില്ലല്ലോ....!

-------------------------------
 
 സൂക്ഷിച്ചു വെച്ച ഒരിലയിൽ നിന്നും
പതിയെ മാഞ്ഞുപോകുന്നുണ്ട്,
വേനൽ വിഴുങ്ങില്ലായെന്ന്
അഹങ്കരിച്ച
ഒരു പച്ചപ്പ്‌...!
------------------------------
 വീട്ടുവളപ്പിലെ ഇളംകാറ്റുകൾ
കാടന്വേഷിച്ചിറങ്ങും മുൻപ്
ഒരു പൂമരമെങ്കിലും
നട്ടുപിടിപ്പിക്കണം..!
----------------------------
 മഴ വീഴുമ്പോൾ
മനസ്സൊലിപ്പ് തടയാൻ
നിന്റെ ഓർമ്മയുടെ വേരുകളെ
വീടിനുചുറ്റും
ആഴത്തിൽ പടർത്തിയിടണം ..!
-------------------------------
"അകാശത്തുനിന്നടര്‍ത്തിയെടുത്ത,
ഒരൊറ്റനക്ഷത്രം
ഇടവമേഘത്തില്‍ നിന്നും
ഒരുനുള്ള് കണ്മഷി
അസ്തമയ സൂര്യന്‍റെ
ഒരു കുമ്പിള്‍ ചുവപ്പ്.."

നിനക്കണിഞ്ഞൊരുങ്ങാന്‍
ഇത് തന്നെ ധാരാളം...!
----------------------------
 ഒറ്റ താക്കോലിട്ടു തുറക്കാൻ കഴിയുന്ന
കുറെ അറകളുള്ള
ഒരു പുരാതന വീടാണ് നീ..
ഞാനോ,
കുറെ താക്കോലുകളുണ്ടായിട്ടും
നിനക്കിനിയും
തുറക്കാൻ കഴിയാത്ത
ഒറ്റമുറിയുള്ള ആധുനിക വീടും..!

------------------------------
 പല നിറങ്ങളിൽ കത്തുന്ന
മെഴുകുതിരികൾ വേണം
ഓരോന്നാ,യണയുമ്പോൾ
നഷ്ട്ടമാകും നിറങ്ങളിൽ നിന്ന്
ഓരോ കാലത്തേയും
വേർതിരിച്ചൊതുയ്ക്കി വെയ്ക്കണം
എല്ലാമണഞ്ഞ്
ഇരുൾ മാത്രമാകുമ്പോൾ
നിൻമിഴിവെട്ടം
തുണയായി മാറണം..!

 -------------------------------
കൌതുകക്കാഴ്ച്ചകൾക്കൊപ്പം
കുതിച്ചുപായുന്ന നിന്‍റെ കണ്ണുകള്‍
ഏതെങ്കിലും
പാറക്കെട്ടില്‍ തട്ടി
പൊട്ടിച്ചിതറുമ്പോൾ മാത്രം
നമുക്കീ ചുരമിറങ്ങാം....

-------------------------------
വാക്കുകളും വരികളും നിറച്ച
എത്ര
രഥങ്ങളാണ്
കൊതിപ്പിച്ചു മിന്നായം പോലെ
മുന്നിലൂടെ
മാഞ്ഞുപോകുന്നത്.
കൈയ്യെത്തിക്കുമ്പോൾ
വിരൽത്തുമ്പിനറ്റത്ത്,
മൃദുവായി
തൊട്ടുതൊട്ടില്ലെന്ന മട്ടിൽ
കടന്നുപോകുന്നത്.

കുന്നിമണിയോളം
ഒരു വാക്ക്
മയിൽ‌പ്പീലികണ്ണ് പോൽ
ഒരു വരി
ഈ വഴിയരികിലൊന്ന്
തൂവിപ്പോയിരുന്നെങ്കിൽ...!
 -----------------------------
നിറയെ
ജാലകങ്ങളുള്ള
ഒറ്റമുറിയിൽ നിന്ന് ,
ഓരോന്നായ് അടയുമ്പോൾ
അപ്രത്യക്ഷമാകുന്ന വെളിച്ചം നോക്കി
നെടുവീർപ്പിടുന്ന ജീവിതമേ...

എല്ലാമടഞ്ഞ് ഇരുൾ വിഴുങ്ങും മുൻപേ,
ഓർമ്മകളിലേയ്ക്ക് തുറക്കുന്ന
ഒരേയൊരു കിളിവാതിൽ
ബാക്കി വെച്ചേക്കണേ.. !

No comments:

Post a Comment