കനമില്ലാത്ത
തോടിനുള്ളിലെ
കരയിക്കുന്ന
എരിവായ് ഉള്ളി.
എളുപ്പമെടുക്കാനായ്
അടുക്കളയിലെ
ചുമര്‍റാക്കിലെ
കയ്യെത്താക്കോണില്‍ നിന്നും
താഴേക്കിറക്കിയ
ഉള്ളിപ്പാത്രമിപ്പോള്‍
ഉപ്പിനും , പഞ്ചസാരയ്ക്കുമിടയില്‍ !
കനമില്ലാതെ ,
ചെറുതായി
ഉള്ളി അരിഞ്ഞ്
കരഞ്ഞ്, കരഞ്ഞ്
കലങ്ങി തീരുന്ന
പകലുകള്‍ .
ഉത്തരം വേണ്ടാത്ത
കണ്ണീരിനു
ഉള്ളിയെന്നോമന-
പ്പേരിട്ടതാരാണ്?
ഊണ്‍മേശമേല്‍
പതിവായ്
ചൂടുള്ള ഉള്ളിവട ,
ഉള്ളിത്തീയല്‍ ,
ഉള്ളിസാമ്പാര്‍
ഉള്ളിത്തോരന്‍!
.
അരിഞ്ഞ് കൂട്ടിയ
സങ്കടങ്ങളെ
പുതിയ പേരിട്ട്
വിളമ്പുമ്പോള്‍
അനുസരണയില്ലാത്ത
മനസ്
വെറുതെ പിറുപിറുത്തു
"ഇതെന്‍റെ രക്തമാ -
ണിതെന്‍റെ മാംസമാ -
ണെടുത്തു കൊള്ളുക .".
No comments:
Post a Comment