Tuesday, October 21, 2014

ആശ്വാസം / കല്‍പ്പറ്റ നാരായണന്‍

അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈരം കെടുത്തില്ല
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതുവരെ
തല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല
ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല
ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടി
രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു
തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയും
എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന്
അമ്മ ഇന്നലെ മുക്തയായി
ഒടുവില്‍ അമ്മയെന്നെ
പെറ്റു തീര്‍ന്നു
ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ല

( ഒരു മുടന്തന്റെ സുവിശേഷം )

No comments:

Post a Comment