Sunday, March 29, 2015

രേഷ്മ നാരായണൻ / രണ്ടു പെണ്കുട്ടികള്‍


അവര്‍,
ഒരേ കഥകളുള്ള
രണ്ടു പെണ്കുട്ടികളായിരുന്നു

ഒരുവള്‍,
കടല്ക്കാറ്റുകളില്‍ വരണ്ടുണങ്ങി,
തണുപ്പ് പുതച്ച
പാതിരാക്കാറ്റില്‍ പോലും
പിടഞ്ഞുവീണവള്‍,
കരിയിലയെന്ന്
പരിതപിക്കപ്പെട്ടിരുന്നു
ഒരുവള്‍,
മഞ്ഞുതുള്ളികള്‍ കല്ലുകളായവള്‍,
ചാറ്റല്‍മഴയില്‍ പോലും
കുതിര്‍ന്ന് പോയവള്‍ ,
മണ്ണാങ്ങട്ടയെന്ന്
ആക്ഷേപിക്കപ്പെട്ടിരുന്നു
എങ്കിലും
കാറ്റെന്നു ഒരുവള്‍,
മഴയെന്ന് ഒരുവള്‍,
പരസ്പരം വിളിക്കപ്പെട്ടിരുന്നു
അവര്‍ ഒരുമിച്ചിരുന്ന സന്ധ്യകളില്‍
ആകാശം പലപ്പോഴും
തെളിഞ്ഞതായിരുന്നു
ചെറിയ ഇലയനക്കങ്ങളിലോ
ഉരുകിവീണ നനവുകളിലോ
യുഗാന്ത്യത്തിലെന്ന പോലെ പേടിച്ച്
അവര്‍ തമ്മില്‍ പുണര്‍ന്നിരുന്നു
എന്നിട്ടും,
കാറ്റും മഴയും കൈകോര്ത്തു വന്ന
ഒരു പാതിരയില്‍
കെട്ടിപ്പിടിച്ച വിരലുകള്‍ അടര്‍ന്ന്
ഒരുവള്‍ പറന്നുപോവുകയും
മറ്റൊരുവള്‍
ഒലിച്ചുപോവുകയും ചെയ്തു
എന്നത്തെയുമെന്ന പോലെ
അപ്പോളും
അവരുടേത് ഒരേ കഥയായിരുന്നു
--------------------------------------

പൂമരക്കൊമ്പത്ത്‌ / അയ്യപ്പപ്പണിക്കര്‍


പൂമരക്കൊമ്പത്തു വന്നിരുന്നു
പാടിപോൽ രണ്ടിളം പൈങ്കിളികൾ
അന്തി വന്നെത്തി കിഴക്കുനിന്നു-
മന്ധകാരത്തിൻ വലയുമായി.
ആകാശപ്പൂമുല്ല പൂവിട്ടല്ലോ
ആഴിത്തിരകളുറങ്ങിയല്ലോ
ചുറ്റിക്കറങ്ങിക്കറങ്ങിനിന്നൂ
നിത്യ ദു:ഖത്തിലീ സൗരയൂഥം.
എത്തീ കിഴക്കു വെളിച്ചമപ്പോൾ
പൊട്ടിക്കരഞ്ഞതു മാരിവില്ലോ?
പൂമരക്കൊമ്പിലുലഞ്ഞു തൂങ്ങി
പൈങ്കിളിയല്ലിളം പൂങ്കുലകൾ.

----------------------------

Friday, March 27, 2015

ശരാശരി / അഭിരാമി


വികൃതികളെ ഒളിഞ്ഞുനോക്കുന്ന
മെലിഞ്ഞ ചൂരലിന്‍റെ കൈ പിടിച്ച്
കണക്കുടീച്ചര്‍ ക്ലാസിലെത്തി
ഒന്നിലൂടെയും രണ്ടിലൂടെയും ചാടിമറിഞ്ഞ്
അവര്‍ കുട്ടികളെ രസിപ്പിച്ചു
കളിമൂത്ത് ടീച്ചര്‍ പറഞ്ഞു
'നാളെ മഞ്ചാടി കൊണ്ടുവരണം
ശരാശരി പഠിപ്പിക്കാം'
കുട്ടികള്‍ പൊട്ടിച്ചിരിച്ചു
മഞ്ചാടിക്കുണ്ടോ ശരാശരി?
ആരും കാണാതെ
ത്രികോണങ്ങളെ ചാരി
ടീച്ചറും ഊറിച്ചിരിച്ചു.
----------------------------

ഒരു ഫെമിനിസ്റ്റിനെ പ്രണയിക്കുമ്പോൾ ...! / ശ്രീജിത്ത്‌ അരിയല്ലൂർ


തീരേ ചെറിയ കുഞ്ഞുങ്ങളെ
അക്കവും അക്ഷരവും പഠിപ്പിക്കുമ്പോൾ
എന്ന പോലെ ക്ഷമയുണ്ടാവണം...!

പറ്റുമെങ്കിൽ നിങ്ങൾ
കുറച്ചു കാലത്തേയ്ക്ക്
ഒരൊച്ചു തന്നെയാകണം...
ഒട്ടും ധൃതി പാടില്ല ഒന്നിനും...!

ഒന്നെന്നെഴുതിക്കൊടുത്താൽ
രണ്ടെന്നെഴുതുന്നത്
അറിയാഞ്ഞിട്ട്‌ മാത്രമല്ല ;
ഉള്ളിലൂറിക്കിടക്കുന്ന
ഒറ്റയ്ക്ക് നിൽക്കാനുള്ള
ബോധംകൊണ്ട് തന്നെയാണ് ...!

അവളുടെ അക്കങ്ങൾ വിഭജിക്കാവുന്നതും
വാക്കുകൾ ഏതു നേരത്തും
പിരിച്ചെഴുതാവുന്നതുമായിരിക്കും...!

അവളെ പ്രണയിക്കാൻ തുടങ്ങും മുമ്പ്
വരാലിനെ പിടിക്കാൻ ശ്രമിച്ചോ
കൈതമുള്ളുഴിഞ്ഞോ
മുള്ളൻ പന്നിയെ മെരുക്കിയൊ
റുബിക്സ് ക്യുബിൽ ഒരേ വശം ഒരു നിറം വരുത്തിയോ
പരിശീലിക്കുന്നത് നന്നാവും ...!

അവളെപ്പോഴും ഒറ്റയ്ക്ക് നിൽക്കുന്ന മരങ്ങളെയോ
അരിച്ചു നീങ്ങുന്ന ഉറുമ്പുകളേയോ
പൂമൊട്ടിലിരിക്കും തുമ്പിക്കുഞ്ഞനേയോ
ഒരു കൊക്കിനെയോ മൈനയെയോ പൊന്മാനേയോ
ഇലക്ട്രിക് പോസ്റ്റിനേയോ വരെ ചൂണ്ടിക്കാണിച്ച് തന്ന്
ഒറ്റയ്ക്കാവുന്നതിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഉപന്ന്യസിക്കും ...!

അവളുടെ വാദങ്ങൾ കേട്ടോണ്ടിരിക്കാൻ
നല്ല മനോബലം വേണം ...!
അവൾ സംസാരിക്കുമ്പോൾ
വാക്കുകളിലേക്ക്‌ ശ്രദ്ധിക്കും പോലിരുന്ന്
ചുണ്ടുകളിലേക്ക്‌ ശ്രദ്ധിക്കണം ...!

ഫെമിനിസ്റ്റാണെന്നേ ഉള്ളൂ;
കമ്മലില്ലാ മാലയില്ലാ എന്നേയുള്ളൂ ...
ചുണ്ടിൽ മാന്തളിൻ തോൽ പൊളിച്ച പോൽ
നിറമുള്ള ലിപ്സ്റ്റിക്കെഴുതിയിരിക്കും...!
ചുംബിച്ചാൽ മതി വരാത്ത ചുണ്ടാണ് ...!
അപ്പുറമിപ്പുറം കര കെട്ടിയ കണ്ണിൽ നോക്കിയിരുന്നാൽ
നിന്ന നിൽപ്പിന് വടിയായിപ്പോയാലും ഭാഗ്യമാണ്...!
(സൂക്ഷിക്കണേ ;
ഇപ്പോൾ അവസാനം പറഞ്ഞത് ആത്മഗതമാകണേ,
അല്ലേൽ പിന്നെ അത് വെച്ചാവും അഹങ്കാരം...!)

അവൾ എന്തൊക്കെയാ പറഞ്ഞു കൂട്വാന്ന്
അവൾക്ക് തന്നെ ഒരു പിടിയുമില്ലാത്തതാണ് ...!
യൂ ട്യൂബിൽ തലയറുക്കുന്നതോ
ഹൃദയം കുത്തിക്കീറുന്നതോ
ആളുകൾ ചതഞ്ഞരയുന്നതോ ആയ ദൃശ്യങ്ങൾ
നാല് നേരവും കാണുന്നത് നല്ലതാണ് ...!

ഭർത്താവിന്റെ എട്ടുകാലി വലയെക്കുറിച്ചും
നടു നിവർത്താനാവാ പണികളെക്കുറിച്ചും
വീട്ടുകാരുടേയും നാട്ടുകാരുടേയും തുടരൻ കണ്ണുകളേക്കുറിച്ചും
അവൾ സങ്കടപ്പെടുമ്പോൾ
ശരിക്കും നമുക്കും സങ്കടം വരും ...!
അപ്പോൾ അവൾ അനുവദിക്കുകയാണെങ്കിൽ മാത്രം
ഒന്ന് വാരിപ്പുണരുന്നതിനോളം ആശ്വാസം
അവൾ ജീവിതത്തിൽ അന്നോളം അനുഭവിച്ചിട്ടുണ്ടാകില്ല ...!
(അപ്പോഴുംഎങ്കിലും പ്രണയമേ
നീ വല്ലാത്ത പണിയാണ്
എനിക്കിട്ട് തന്നതെന്ന ഓർമ്മയുണ്ടാകണേ...!)

ആണിനെക്കുറിച്ചും ആണിന്റെ ലോകത്തേക്കുറിച്ചും
ഇവളോളം പഠിച്ചു വെച്ചിട്ടുണ്ടാകില്ല ആണൊരുത്തനും...!
ഒരു വിശ്വാസിയേക്കാൾ
സദാ ദൈവത്തെ ഓർത്തോണ്ടിരിക്കുന്ന
പാവം യുക്തിവാദിയെപ്പോലെ...!

ഓമലേയെന്നു വിളിക്കുമ്പോഴും
പണ്ടിങ്ങനെ വിളിച്ചവരേക്കുറിച്ചും
കൂടെക്കിടന്നവരേക്കുറിച്ചും
ഇപ്പോഴും അവൾ വരച്ച വരക്കപ്പുറം നിന്ന് തൊഴുതു പോകുന്ന
പ്രണയക്കുട്ടന്മാരെക്കുറിച്ചു പറഞ്ഞും
നമ്മളെ പച്ചയ്ക്ക് കീറിക്കൊണ്ടിരിക്കുമ്പോഴും
എതിർത്ത് ഒരക്ഷരം മിണ്ടിപ്പോകരുത്‌...!

അവളല്ലാതാരേയും
ഇനി പ്രണയിക്കാൻ പറ്റാത്തത്രയും പ്രണയിച്ച
നമ്മളോടവൾ
ഇത്ര കാലവും പുൽകിയ മനസ്സിനേയും
ശരീരത്തേയും മറന്ന്,
അവളെയോർത്ത്‌ വർഷങ്ങളോളം നീണ്ടുപോയ നിമിഷങ്ങളേയും മറന്ന്
'വഴി മാറെടാ മുണ്ടക്കൽ ശേഖരായെന്ന്'
നിരന്തരം പറഞ്ഞോണ്ടിരിക്കും ...!

അതിനെയൊക്കെ വെറും
രഞ്ജിത്ത് ഡയലോഗായി കേട്ടോണ്ടിരുന്നാൽ മതി...!
തളരരുത്...!
ഒരക്ഷരം മറുത്തു മിണ്ടിപ്പോകരുത്‌...!
അവളെന്തെല്ലാം പറഞ്ഞാലും കൂട്ടുകാരാ
കത്തിയേറിൽ ചാരി നിൽക്കും കുട്ടിയേപ്പോൽ
നീയവൾക്കു മുമ്പിൽ
പതറാതെ നിന്ന് പ്രണയിക്കണം ...!

ഉള്ളിനുള്ളിൽ അവളോളം സത്യമുള്ളവൾ വേറെയില്ല ...!
ഇടക്കൊന്നയഞ്ഞാൽ അവൾ തന്നെ പറയും ;
'നിന്നോളം എന്നെയറിഞ്ഞവർ വേറെയില്ലെന്ന് '...'
നിന്റെ കൂടെ കുത്തി മറിഞ്ഞത്ത്രയും സുഖം
വേറെയറിഞ്ഞില്ലിന്നേ വരെ'യെന്ന്...!

കുഞ്ഞു നാൾ മുതൽ ഈ നിമിഷം വരേയും
അവൾ അനുഭവിച്ചു തീർത്ത വേദനകൾക്ക് നിന്റെ മനസ്സ് നൽകുക ...!

എത്രയകറ്റി നിർത്തിയാലും
പെട്ടന്നടുക്കാൻ സാധ്യതയുള്ളരണ്ട് വൻ കരകളെപ്പോലെ
അവൾ നമ്മളിലെപ്പോളും
ഒരടുപ്പത്തിനുള്ള വിടവ് സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്നതിനെ
അനുഭാവ പൂർവ്വം മനസ്സിലാക്കുക ...!

ഒരിക്കലും മനസ്സ് മടുക്കരുത് ...!
ഒറ്റയ്ക്ക് വറ്റി വരണ്ടു നിൽക്കുവാനിഷ്ടമെന്ന് അവൾ പറയുമ്പോഴും
അവൾക്കുള്ളിലുള്ളനീരൊഴുക്കുകളെ തിരിച്ചറിയുക ...!

(ആ ഹോട്ടലുകാരുടെ എർപ്പാടുണ്ടല്ലോ ;
ഊണ്‍ കഴിഞ്ഞെന്ന് ബോർഡു തൂക്കി
ഉള്ളിലിരുന്നൊറ്റയ്ക്ക് വെട്ടി വിഴുങ്ങുന്ന ...!
അതെ,അവളങ്ങിനെ ആയിരിക്കും ...!
അതവളുടെ സ്വാതന്ത്ര്യമെന്നും നമ്മളറിഞ്ഞില്ലെന്നും നടിക്കുക ...!
കാരണം അവളോളം വിശ്വസിക്കാവുന്നവൾ വേറെയില്ല തന്നെ ...!)

ഇപ്പോഴത്തെ സൗന്ദര്യവും സാഹിത്യവും
സംസ്കാരവും രാഷ്ട്രീയവുമൊക്കെ ചുക്കി ചുളിഞ്ഞു തുടങ്ങുമ്പോൾ,
എല്ലാത്തിലും നര വീണു കഴിയുമ്പോൾ
അവൾ നമ്മെയോർക്കും ...!
നമ്മെ വിളിക്കും ...!

നഷ്പ്പെട്ട നിമിഷങ്ങളുടെ വേദനയോ
നിരാസങ്ങളുടെ നെഞ്ചുരുക്കങ്ങളോ ശബ്ദത്തിൽ കലരാത്തവിധം
വാരിയെല്ലുകൾ സേമിയം നുറുക്കാവും വിധം കെട്ടിപ്പിടിച്ച്
അന്നവളുടെ ചെവിയിൽ സ്നേഹത്തോടെ പറയണം ;

'എന്റെ ഫെമിനിസ്റ്റേ
സ്നേഹമെന്ന് പറഞ്ഞാൽ
പരസ്പരം കെട്ടിയിടൽ തന്നെയാണ് ...!
ജീവിതമെന്നു പറഞ്ഞാൽ ആ കെട്ടിനെ
ഒരൂരാക്കുടുക്കാക്കൽ എന്ന കല തന്നെയാണെ'ന്ന്...!

Thursday, March 26, 2015

വാതിലുമേറ്റി നടക്കുന്ന ഒരാള്‍ / സച്ചിദാനന്ദന്‍


ഒരാള്‍ ഒരു വാതിലുമേറ്റി
നഗരത്തെരുവിലൂടെ നടക്കുന്നു,
ആ വാതിലിന് ഒരു വീടന്വേഷിച്ചുകൊണ്ട്.

അയാളൊരിക്കല്‍ സ്വപ്നം കണ്ടിരുന്നു,
ആ വാതിലിലൂടെ തന്‍റെ സ്ത്രീയും
കുട്ടികളും സുഹൃത്തുക്കളും കടന്നുവരുന്നത്‌.
എന്നാലിപ്പോള്‍ അയാള്‍ കാണുന്നു ,
പണിയാനാകാതെപോയ ആ വീടിന്‍റെ
ഈ വാതിലിലൂടെ ലോകം മുഴുവന്‍
കടന്നുപോകുന്നത്; മനുഷ്യര്‍, വാഹനങ്ങള്‍,
വൃക്ഷങ്ങള്‍, ജന്തുക്കള്‍, പക്ഷികള്‍, എല്ലാം.
വാതിലിന്‍റെ സ്വപ്നമോ
അതു ഭൂമിയിലൊതുങ്ങുന്നില്ല;
അതിന് സ്വര്‍ഗത്തിന്‍റെ വാതിലാകണം.
തന്നിലൂടെ മേഘങ്ങളും മഴവില്ലുകളും
ഗന്ധര്‍വന്മാരും അപ്സരസ്സുകളും
പുണ്യാത്മാക്കളും കടന്നുപോകുന്നതു സങ്കല്‍പ്പിച്ച്
അത് സ്വര്‍ണംപോലെ തിളങ്ങുന്നു.
പക്ഷെ, അതിനെക്കാത്തു നില്‍ക്കുന്നത്
നരകത്തിന്‍റെ ഉടമസ്ഥനാണ്.
അതിപ്പോഴാഗ്രഹിക്കുന്നതിത്രമാത്രം
എനിക്കെന്‍റെ വൃക്ഷമായാല്‍ മതി
വീണ്ടും നിറയെ ഇലകളണിഞ്ഞ് കാറ്റിലുലഞ്ഞ്
തന്നെ ഏറ്റി നടക്കുന്ന ഈ അനാഥന്
അല്‍പ്പം തണല്‍ നല്‍കിയാല്‍ മാത്രം മതി
.
ഒരാള്‍ ഒരു വാതിലുമേറ്റി
നഗരത്തെരുവിലൂടെ നടക്കുന്നു
ഒരു നക്ഷത്രം അയാളെ പിന്‍ചെല്ലുന്നു.
-------------------------------------------
2003

Tuesday, March 24, 2015

അംബാനിയുടെ ക്ലാസ്സ്‌മേറ്റ്‌ / സച്ചിദാനന്ദന്‍



ഞാന്‍ മുകേഷ് അംബാനിയുടെ
ക്ലാസ്സ്‌മേറ്റ്‌ ആയിരുന്നു,
മൂന്നാംക്ലാസ്സില്‍ സ്കൂള്‍വിടുംവരെ.
മുകളിലേക്ക് നോക്കുമ്പോള്‍ അതാ
അയാള്‍ പറന്നു പോകുന്നു.

പറക്കുന്ന നിഴലിന്നൊപ്പം
ഞാനും ഓടി, കാശി വരെ.
അവില്‍പൊതി കയ്യില്‍നിന്നുവീണു,
ഗംഗാതീരത്തെ മനുഷ്യച്ചാരത്തില്‍.

പൂണൂലിട്ട ഒരു കാക്ക
അതെടുത്തു പാഞ്ഞു,
ഒരു പുരാണത്തിന്റെ
ജനലില്‍ ചെന്നിരുന്നു.
ഞാന്‍ അതിന്റെ വാതിലില്‍ നില്‍പ്പായി,
കുടില്‍ കൊട്ടാരമാകുന്നതുംകാത്ത്.

അപ്പോളൊരു മഴയില്‍ എന്റെ
കുടിലിന്റെ നാലാമത്തെ ചുവരും വീണു
അതില്‍ നിന്ന് ഒരു സ്ത്രീ പുറത്ത് വന്നു,
ഒരു നായ കുരച്ചു.
ഞാന്‍ മഴയില്‍ പിടിച്ചു കയറിപ്പോയി
ഒരു മേഘം എന്നെ തുറിച്ചു നോക്കി:
‘നീയോ അംബാനിയുടെ ക്ലാസ്സ്‌മേറ്റ്‌!’

ഞാന്‍ പുല്ലില്‍ വീണു ചിതറി.

നല്ല നാളുകള്‍ വന്നു.
-----------------------------------

പകല്‍നിലാവ് / കുരീപ്പുഴ ശ്രീകുമാർ



സാക്ഷ്യം ആകാശപ്പെരുമാള്‍
ബോദ്ധ്യം പ്രണയത്തിരുനാള്‍
രാക്കിളിക്കൂട്ടുകാരില്ല
പൂത്തിരിത്താരകളില്ല
മുറ്റം വെയില്‍ച്ചാര്‍ കുടിക്കേ
ഒറ്റയ്ക്കുവന്നൂ നിലാവ്.
കണ്ണില്‍ വിഷാദസമുദ്രം
ചുണ്ടില്‍ ആക്രാന്തമാധുര്യം
ലോകപുരാതനകാവ്യം
വായിച്ച നെഞ്ചിലാകാശം.
എങ്ങോ വെയിലൊളിച്ചപ്പോള്‍
എങ്ങും പരന്നൂ നിലാവ്
ഓറഞ്ചുവൃക്ഷത്തണലില്‍
രാമച്ചമെന്നതുപോലെ
ചാഞ്ഞും ചരിഞ്ഞും കിടക്കും
കേരളമെന്നതുപോലെ
നെറ്റിയില്‍ തൊട്ടൂ നിലാവ്
സ്വപ്നത്തിലെ മാന്‍കിടാവ്.
ഉച്ചിയില്‍ ചന്ദ്രഗിരിയും
പൊക്കിളില്‍ ഇഷ്ടമുടിയും
കൈവിരല്‍ തോറും കബനി
കാല്‍നഖത്തില്‍ താമ്രപര്‍ണി
വെണ്‍മുലയില്‍ പാല്‍ഭവാനി
കണ്‍മുന ചിത്താരിക്കാരി
ഓമല്‍വയറ്റില്‍ നിളയും
താഴെയായ് ചൂര്‍ണിപ്പുഴയും.
ചുംബനത്തിന്‍ ജലപാതം
മുങ്ങിപ്പോയ് രണ്ടു ദേഹങ്ങള്‍
ഓളങ്ങളില്‍ സഞ്ചരിച്ചു
സ്നേഹത്തിന്നോര്‍ഗാസപ്പൂക്കള്‍
ഉത്സവം ഘോഷിച്ചതുള്ളം
വിസ്മയമെന്നതേ കള്ളം.
പെട്ടെന്നു പെയ്തു മേഘങ്ങള്‍
പൊട്ടി കണ്ണീരിന്‍ മലകള്‍
ദു:ഖത്തിന്‍ ഭിത്തിപ്പുറത്ത്
ഹര്‍ഷത്തിന്‍ പോസ്റ്റര്‍ പതിച്ച്
ഒറ്റയ്ക്കുതന്നെ മടങ്ങി
കുട്ടിയെപ്പോല്‍ തേന്‍നിലാവ്.
ഓര്‍ക്കുമ്പോളോര്‍ക്കുമ്പോളെല്ലാം
നേര്‍ത്തൊരു കാളലുണ്ടുള്ളില്‍.
-----------------------------------

Saturday, March 21, 2015

പ്രണയിച്ചിരുന്നു എന്നെയും (ഞാനും) / കരിം മലപ്പറ്റം


ഞങ്ങൾ പരസ്പരം
ഒറ്റിക്കൊടുത്ത ഒരു രാത്രി.
വിഷാദനഗരം
നിശ്ശബ്ദമായ നേരം
ഓറഞ്ചു നിറമുള്ള രാവ്
കായലോരത്തെ
ഒരു നട്ടുച്ചയെ വരയ്ക്കുന്നത്
അവളെനിക്ക് കാണിച്ചു തന്നിരുന്നു.

ഊതിവീർപ്പിച്ച
രണ്ടുറകൾ
പറന്നുകളിക്കുന്ന
നീലാകാശം
അവൾ
ഇരുമ്പു കട്ടിലിലിരുന്ന്
ജലാശയത്തിലേക്ക്‌ കാലുകൾ നീട്ടി
ഇണ നഷ്ടപ്പെട്ട ഒറ്റക്കൊലുസ് നനച്ചു.
ഞാൻ സമയമാപിനികളെ
ദിശതെറ്റിക്കുന്ന തിരക്കിലായിരുന്നു.
ഇരുന്നിരുന്നു മടുത്ത അവൾ
ഇനി നമുക്ക്
കഞ്ഞിയും കറിയും വച്ചുകളിക്കാം
എന്ന് പറഞ്ഞു.
ഞാൻ മരയലമാര തുറന്ന്
കായലോരത്തെ പാറ്റഗുളിക മണക്കുന്ന
പുരാതനമായ ചന്തയിൽ പോയിവന്നു.
അവൾക്ക് കരിമീൻ
പൊള്ളിച്ചതാണ് ഇഷ്ടമെന്ന് പറഞ്ഞു.
ഞാൻ അവളുടെ ആഴങ്ങളിലേക്ക്
സ്വയം ഇരകോർത്ത് ചൂണ്ടയെറിഞ്ഞു.
അവൾ കരിമീൻ പൊള്ളിച്ചത്
നുള്ളിനുള്ളിത്തിന്ന്
എൻറെ വിരലുകൾ നക്കി.
ഊണുകഴിഞ്ഞ് ഞങ്ങൾ
അടച്ചിട്ട ജനാല വഴി
കായലോരത്തിലൂടെ നടക്കാനിറങ്ങി.
കൂടെ നടക്കാൻ
ഒരു കുഞ്ഞുവാവ വേണമായിരുന്നു അവൾക്ക്
അവൾ പറഞ്ഞുപറഞ്ഞ് എനിക്കും
വേണമായിരുന്നു എന്നായി.
അവനു കൊടുക്കാൻ അവൾ ഉണ്ണിമാങ്ങകൾ
പെറുക്കി വച്ചു…
ഉണ്ണിമാങ്ങ തിന്നുതിന്ന് ഞങ്ങൾ കായലോരത്തിലൂടെ നടന്നു..
കൂടെ നടക്കാൻ
കുഞ്ഞുവാവ വേണമായിരുന്നു
ഞങ്ങൾക്ക്.
എങ്കിൽ നമുക്കൊരു
വീടുവെക്കാം എന്ന് ഞാൻ പറഞ്ഞു…
ഇരുമ്പുകട്ടിൽ മാറ്റിയിട്ട്
മരയലമാര നീക്കിയിട്ട്
ജനാലക്കണ്ണുകൾ
ജലാശയത്തിലേക്ക്‌ തുറന്നുവച്ച്
മുറ്റം നിറയെ നിരോധിച്ച ചെടികൾ നട്ട്
അത്രവലിയ ഒരു വീടുവെക്കാൻ
ഞാൻ ഒരുപാട് പുകഞ്ഞു.
ഞങ്ങൾക്ക് ഉറക്കം വന്നു.
കൂടെയുറങ്ങാൻ
ഒരു കുഞ്ഞുവാവ വേണമായിരുന്നു അവൾക്ക്;
അവൾ പറഞ്ഞുപറഞ്ഞ് എനിക്കും.
എങ്കിൽ നമുക്ക്
അച്ഛനും അമ്മയും
കളിക്കാം എന്ന് പറഞ്ഞു.
തണുപ്പ്.. തണുപ്പ് എന്ന്/
അവൾ എന്നിലെ
ഉഷ്ണമേഖലകളെ വാരിപ്പുതച്ചു.
അവളുടെ ചുണ്ടുകളിലെ കരിമീൻ മണം
കള്ളിപ്പൂച്ചേ എന്ന് വിളിപ്പിച്ചു.
ഊതിവീർപ്പിച്ച ബലൂണ്‍ കുഞ്ഞുങ്ങൾ
ജനാലയിലൂടെ എത്തിനോക്കി
നാണിച്ചു പറന്നു പോയി
അതെ, സത്യമായിട്ടും
ഞങ്ങൾ ജീവിച്ചു
തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
എത്ര നിസ്സാരനായ ഒരാളായിരുന്നു വില്ലൻ!
കഥയിലേ ഇല്ലാത്ത ഒരാൾ.
അയാളായിരുന്നു
നിർത്താതെ കോളിംഗ് ബെല്ലടിച്ചത്..
ഒത്തിരി വൈകിയത്രേ
എൻറെ സമയം തീർന്നുപോയത്രേ,
പ്രണയ പരവശരായി
ഇനിയും ഒരുപാടുപേർ ക്യൂവിലാണത്രേ…
--------------------------------------------

Friday, March 20, 2015

ഉച്ച / വിഷ്ണു പ്രസാദ്


കാപ്പിപ്പൂവുകള്‍ ചുംബിച്ചുചുംബിച്ച്
ലഹരിപിടിച്ച ഒരു കാറ്റ്
മയങ്ങിക്കിടക്കുമിടവഴിയിലേക്ക്
പക്ഷികള്‍ പൂവുകള്‍ പോലെ
കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു

സിഗരറ്റുചാരം പോലെ ഒരു മേഘം ആകാശത്ത്
സിഗരറ്റു തീ പോലെ അരികില്‍ ഒരു സൂര്യന്‍

ഇലപ്പാത്രങ്ങളില്‍ മുഴുവന്‍ വെളിച്ചം പിടിച്ച്
നിറച്ചുവെക്കുന്നു പ്ലാവുകള്‍

ഇത്തിള്‍ക്കണ്ണിപ്പൂവുകള്‍ക്കുള്ളിലെ
നേര്‍ത്ത തേന്‍ സൂചികളുടെ വലിപ്പത്തില്‍
ചില കിളിയൊച്ചകള്‍ അങ്ങിങ്ങ്
വിടര്‍ത്തുന്നു ...അപ്പോള്‍ത്തന്നെ മായുന്നു..

ചേമ്പിന്‍‌താളുകള്‍ വെയിലിനുകൊടുക്കാതെ
മൂടിവെച്ച കുളത്തില്‍
തണുപ്പ് ഒരു കുട്ടിയെപ്പോലെ
ഒളിച്ചിരിക്കുന്നു

മീനുകളുടെ വീടാണവിടം
ചേമ്പിന്‍‌താളുകളുടെ പച്ചമേല്‍ക്കൂരയല്ലാതെ
അവ കണ്ടിട്ടില്ല ആകാശം.
ചേമ്പിന്‍ തണ്ടുകളുടെ പച്ചത്തൂണുകള്‍ക്കിടയിലൂടെ
താളുകള്‍ നേര്‍പ്പിച്ചുവിടുന്ന പച്ചവെളിച്ചത്തില്‍
ചില തുമ്പികള്‍ മാത്രം അവിടെ എന്തോ
തിരഞ്ഞുപോവാറുണ്ട്.
-----------------------------------------------------

പൂന്തോട്ടം / സുധീർ രാജ്


എന്റെ കവിതയിലൊരു
പൂവിടരുന്ന കാലത്ത്
ഞാനെഴുത്തു നിർത്തും.
ഭാഷയുടെ സ്വാർത്ഥരാക്ഷസന്മാർ കെട്ടിയ
കോട്ടകൾ തകർത്ത് എന്റെ കുഞ്ഞുങ്ങൾ
വസന്തത്തിന്റെ കവിതകൾ പാടും .

ഭാഷയിൽ നിന്നും കുടിയിറക്കപ്പെട്ട
അവസാന കുഞ്ഞിന്റെ
കൈവെള്ളയിലെ മുറിവുകൾ
അരളികളായി പൂക്കും .
ഞാനോ ,
അവന്റെ കൈപിടിച്ചുമ്മ വെച്ച്
മരിച്ച കവികളുടെ
ശിശിരനിദ്രയിലേക്ക് തിരിച്ചു പോകും .
-----------------------------------------

Wednesday, March 18, 2015

അഞ്ച് / സച്ചിദാനന്ദന്‍


മേല്‍പ്പാലത്തിനടിയില്‍
അവര്‍ അഞ്ചുപേര്‍
തണുത്തു വിറച്ച്.
ഒരേയൊരു റൊട്ടിയും.

അമ്മ മൂത്തവന് പാതി നല്‍കുന്നു
രണ്ടാമത്തെവന് അതിന്റെ പാതി
മൂന്നമത്തെവള്‍ക്ക് അതിന്റെയും പാതി
നാലാമത്തെവള്‍ക്ക് ബാക്കിയുടെ പാതി
ബാക്കി അമ്മയ്ക്ക്.
മുകളിലേക്ക് നോക്കുമ്പോള്‍
അഞ്ചു ചന്ദ്രന്മാര്‍: ചുകപ്പ്,നീല
പച്ച,മഞ്ഞ,വെള്ള.
നോക്കി നോക്കി നില്‍ക്കെ അവ
അഞ്ചു നിറമുള്ള കമ്പിളികളായി
ഇറങ്ങി വന്ന് അഞ്ചു പേരെയും
പുതപ്പിക്കുന്നു.
ഉറക്കത്തില്‍ അവര്‍ അഞ്ചു
മാലാഖമാരെ സ്വപ്നം കാണുന്നു.
പട്ടു പോലത്തെ അഞ്ചു വാക്കുകള്‍ കാണുന്നു.
വിശപ്പ്‌ മനുഷ്യരെ
ജീവനോടെ ഭക്ഷിക്കുന്നു
വിശപ്പിന്റെ കുടലില്‍
മനുഷ്യര്‍ ദഹിക്കാതെ നിലവിളിക്കുന്നു.
ഞാന്‍ അഞ്ചാമത്തെ വയസ്സില്‍
അത് കേട്ടു,ഇപ്പോളും കേള്‍ക്കുന്നു,
കടലില്‍ നിന്ന്,കാറ്റില്‍ നിന്ന്,
അഞ്ചില്‍ നിന്ന്.
-----------------------------------

മരണം / ഷംസ് ബാലുശ്ശേരി

ജീവന് കാവൽ നിന്ന ഡോക്ടർ
കൊല്ലപ്പെട്ടപ്പോൾ
ജീവിതത്തിൻറെ കയ്യാമങ്ങൾ
അണിഞ്ഞു നിൽക്കുന്നു
ആത്മഹത്യ ചെയ്ത ഒരു ജീവൻ .
തെരുവിൽ
ഒരു കാവൽക്കാരൻ
കൊല്ലപ്പെട്ടപ്പോൾ
ആത്മഹത്യയുടെ
മുനമ്പിൽ നിൽക്കുന്നു
ഒരു കുടുംബം .
നീയാരാണ്‌ ?
ആത്മഹത്യയല്ല ,
ഞാൻ നിന്നെ കൊന്നതാണ് .
അപകടമല്ല,
ഞാൻ നിന്നെ കൊന്നതാണ് .
മരിച്ചവർ മിണ്ടുന്നില്ല .
മരിച്ചവർ അനങ്ങുന്നില്ല .
------------------------------

വിപരീതം / വീരാന്‍കുട്ടി


പരുക്കൻ കല്ല്
ഉരുണ്ടുരുണ്ടൊരു
മിനുത്ത ശില്പമായ്
പരിണമിക്കുന്നു
മിനുപ്പേറും കുഞ്ഞ്
ഇഴഞ്ഞുമോടിയും
പരുപരുക്കനാം
മനുഷ്യനാകുന്നു!

------------------

Tuesday, March 10, 2015

ജാലകം കൊത്തുന്നു / ബൈജു മണിയങ്കാല

ഒരു അലസമായ ഉറക്കവും കഴിഞ്ഞു,
ഒരു വിരസമായ-
 പ്രഭാതത്തിലേയ്ക്കുണരുന്ന ഞാൻ

കണ്ട സ്വപ്‌നങ്ങൾ
ഓർമയിൽ, നിറങ്ങളിൽ
മഴ തന്നെ മുക്കി
 അലക്കിയിടുന്നു  

ചൂടിന്റെ നിറം പുരട്ടി
ഒരു ചായ വരയ്ക്കുന്നു
ചായ ഞാൻ കുടിക്കുന്നു
ഞാൻ ഇന്നലെ  പോലെ തണുക്കുന്നു


മറവിയിൽ നിന്നും കുറച്ചു
നിറമെടുത്ത്‌ ഞാനൊരു
പൂവ് വരയ്ക്കുന്നു

പൂവ് ഒരു ചെടിയോടു കൂടി
ഒരായിരം പൂമൊട്ടു  ഇങ്ങോട്ട്
തിരികെ വരയ്ക്കുന്നു

ഞാൻ അത് മായ്ക്കാതെ
പുതിയൊരു  പൂമ്പാറ്റ വരയ്ക്കുന്നു

പൂമ്പാറ്റ പറക്കാൻ മടിച്ചു;
അതിന്റെ ചിറകിലെ-
ഒരു നിറത്തിൽ ചെന്നിരിക്കുന്നു.

പൂവിനേയും പൂമ്പാറ്റയെയും
 അതിന്റെ പാട്ടിനു വിട്ടു
ഞാൻ ഒരു കിളിയെ വരയ്ക്കുന്നു

കിളി ഒരു പാട്ട് പാടി;
ആ പാട്ട് തന്നെ കൊത്തി തിന്നുന്നു

വരയ്ക്കുന്നതോന്നും ശരിയാവാതെ
ഞാനൊരു യാത്ര പോകുവാൻ
തീരുമാനിക്കുന്നു

ഒരു വഴി വരയ്ക്കുന്നു

അതിലൂടെ കൈ വീശി നടക്കുന്നു

വീശിയ കൈകൾ വീശലിന്റെ
ചുളിവു നിവർത്തി  ഞാനറിയാതെ
ഒരു പാളം ഒരുക്കുന്നു
വെയിലേറ്റു തിളങ്ങുമ്പോൾ
ആ പാളത്തിൽ
ജാലകം ഇല്ലാത്ത
ദൂരം കയറ്റിയ  ഒരു  തീവണ്ടി
 വന്നു നില്ക്കുന്നു

ഞാനതിൽ ധൃതി വച്ച്
ഒരു ജാലകം കൊത്തുന്നു
അവിടെ  ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു
അവൾ ജാലകം പകുതി തുറന്നു
കുറച്ചു വെളിച്ചം മുറിച്ചു വാങ്ങുന്നു
അതിൽ   പച്ച വെളിച്ചം പുരട്ടുന്നു
അവളുടെ കഴുകി ഇട്ടിരുന്ന കൊലുസ്സിന്റെ
ഒച്ച എടുത്തുടുത്തു
തീവണ്ടി ചലിച്ചു തുടങ്ങുന്നു

കയറുവാനായി
വാതിൽ കൊത്തിക്കൊണ്ടിരുന്ന
ഞാൻ
സ്തബ്ധനായി നിന്ന് പോകുന്നു

ഇപ്പോൾ   അതേ നിൽപ്പിൽ
അവിടെ തന്നെ നിന്നു ഞാൻ-
അതേ  തീവണ്ടിയുടെ
അടുത്ത സ്റ്റേഷൻ,
 കാത്തുനില്പ്പ്കൊണ്ട്;
കൊത്തിതുടങ്ങുന്നു!
----------------------------

Monday, March 9, 2015

ഇരുള്‍മൃഗം / ബാബു പാക്കനാര്‍


കൊമ്പുള്ളവന്‍
രാജാവാകുമ്പോഴാണ്
പകല്‍പ്പക്ഷിയെ
ഇരുള്‍മൃഗം ഇരയാക്കുന്നത്.
ചെന്നായ്ക്കള്‍ മാസ്ക്ക് ധരിച്ചു
അനുചരരാകുന്നത്.
ഉന്മാദിയായ പിതാവ്
പിഞ്ചുശരീരം വിറ്റ്‌
മദ്യപ്പൂക്കള്‍ വാങ്ങുന്നത്.

കൊമ്പുള്ളവന്‍
രാജാവാകുമ്പോഴാണ്
അമ്പാടിക്കണ്ണന്മാര്‍
പട്ടിക്കൂടുകളിലിരുന്നു തേങ്ങുന്നത്.
ഭരണസിരാപടലങ്ങളില്‍ നിന്നും
ദരിദ്രദൈവങ്ങള്‍ക്കു നേരെ
തീയുണ്ടകള്‍ വര്‍ഷിക്കുന്നത്.
അശാന്തയായ മാതാവ്
പിതാവില്‍ നിന്നും
മകളെ രക്ഷിക്കാന്‍
വിഷനാഗങ്ങള്‍ക്ക്
മുലകൊടുക്കുന്നത്.
കൊമ്പുള്ളവന്‍
രാജാവാകുമ്പോഴാണ്
രക്തസാക്ഷികളുടെ
സ്മൃതികുടീരങ്ങളില്‍ നിന്നും
തീക്കാറ്റുയരുന്നത്.
അക്ഷരങ്ങള്‍ക്കിടയില്‍ നിന്നും
ഇടിമിന്നലുകള്‍ പിറക്കുന്നത്.
ചരിത്രത്തിന്‍റെ അടരുകളില്‍ നിന്നും
കൊമ്പുള്ളവനെ കുരുതി കഴിച്ച
പോരാട്ടക്കഥകള്‍
പുനര്‍ജ്ജനിക്കുന്നത്.
ഇരുള്‍മൃഗത്തിന്‍റെ
ഉടലു പിളര്‍ന്നു
പകല്‍പ്പക്ഷിയെ രക്ഷിക്കാന്‍
ഇരട്ടച്ചങ്കുള്ള ചെറുപ്പക്കാര്‍
രക്തസാക്ഷികളായ്
ജനിക്കാന്‍ കൊതിക്കുന്നത്.
---------------------------------------------

ഉമ്മ / ഖാദർ മുഹമ്മദ്‌ ബാങ്കോട്‌


ഉമ്മ ഉമ്മറത്തുണ്ട്‌
ഉറങ്ങാതെ
ഉപ്പയോടൊത്ത്‌ പോയ
പൈതലെ കാത്ത്‌.

ഉമ്മ ഉമ്മറത്തുണ്ട്‌
ഉണ്ണാതെ
ഉപ്പുമാങ്ങ കൂട്ടി
ഉണ്ണിക്കിടാങ്ങളെ ഊട്ടാൻ.
ഉമ്മ ഉമ്മറത്താവുന്നുണ്ട്‌,പതിയെ
ഉൾ മനസ്സിന്റെ..
ഓർമ്മകളുടെ...
ഉമ്മ ഉമ്മറത്തു തന്നെയുണ്ട്‌
ഉറങ്ങാനാവാതെ
കനിവിന്റെ ഉറവ
കിനിഞ്ഞ മാറിൽ
ഉറുമ്പരിച്ച്‌
ഉറക്കെയല്ലാതെ കരഞ്ഞ്‌..
ഉമ്മ ഉമ്മറത്തുണ്ട്‌
ഉണരാതെ
ഉയിരൊഴിഞ്ഞ്‌..
ഉറ്റുനോക്കുന്നുണ്ട്‌
പലകണ്ണുകൾ.
ഉറ്റവർ വരാനുണ്ടത്രെ.
---------------------------

Saturday, March 7, 2015

പെരുമഴത്തോട്ടം / വിഷ്ണു പ്രസാദ്


പെട്ടെന്ന് ഉണ്ടായിവരുന്നു
ഒരു പെരുമഴത്തോട്ടം
മാനത്ത് മുളച്ച് ഭൂമിയിലേക്ക് വളര്‍ന്ന്
മണ്ണില്‍ ചില്ലകള്‍ പടര്‍ത്തി
ഇടതൂര്‍ന്ന ചില്ലുനൂല്‍ത്തോട്ടം
വയല്‍‌വക്കത്തെ എല്ലാ വീടുകളും
പെട്ടെന്ന് ഒറ്റയ്ക്കായിപ്പോവുന്നു
അടുത്തായിട്ടും അകലെയാവുന്നു
ഓര്‍മ്മകള്‍ പൊട്ടിയൊഴുകുന്ന
കണ്ണുകളാവുന്നു ജനാലകള്‍
കാറ്റ് ഒരു നനഞ്ഞ നാടോടിയെപ്പോലെ
വരാന്തയിലേക്ക് ഓടിക്കയറിവന്ന് അകത്തേക്ക് എത്തിനോക്കുന്നു
കെട്ടിയിട്ട പശുക്കളുടെ കരച്ചിലുകള്‍ നനയുന്നു
അവയുടെ പുള്ളികള്‍ മഴയില്‍ മായുന്നു
അവ തന്നെ മായുന്നു
മഴത്തോട്ടത്തില്‍ ഒരു ചില്ലുകുറുക്കന്‍
ആകാശത്തേക്ക് നോക്കിക്കൂവുന്നു
അതിന്റെ കൂവല്‍ അല്പം കഴിഞ്ഞ്
ഒരു മഴവില്ലായി കാണായേക്കും
ചില്ലുകാടില്‍ ഒരു സുതാര്യ ആന
നൃത്തം ചെയ്യുന്നു
ചെമ്പോത്തുകള്‍ മഴവള്ളികളില്‍ തൂങ്ങി
അവയുടെ പ്രാചീനവാദ്യങ്ങള്‍ മുട്ടുന്നു
പെട്ടെന്ന് ഒരുതോട്ടം കാണാതാവുന്നു
തുമ്പികളുടെ ചിറകുകളില്‍ കയറി
മഴ ആകാശത്തേക്ക് മടങ്ങിപ്പോവുന്നു
ആകാശം അതിന്റെ കറുത്ത മുലകളെ
നീലബ്ലൌസിലാക്കി കുടുക്കിട്ടുവെക്കുന്നു;
പാലുകൊടുത്തുകഴിഞ്ഞ അമ്മ
കാറ്റ് കവുങ്ങുകളുടെയും തെങ്ങുകളുടെയും
തലകള്‍ തോര്‍ത്തിക്കൊടുക്കുന്നു
കഴിഞ്ഞുപോയ പ്രണയങ്ങളുടെ ഓര്‍മ്മ പോലെ
ഒരു നനവുമാത്രം നില്‍ക്കുന്നു
ലോകം ഒരു നനഞ്ഞ പാവാടയായി ഇളക്കിക്കൊണ്ടിരിക്കുന്നു.
-----------------------------------------------------------------

Friday, March 6, 2015

പത്രക്കപ്പൽ / അരുണ്‍ ഗാന്ധിഗ്രാം


ഒരു തുള്ളി വെള്ളമൊഴിച്ചാൽ
അലിഞ്ഞുപോയേക്കാവുന്നത്രയും പഴകിയ
ഒരു ദിനപ്പത്രമെടുത്ത്
കുഞ്ഞിനൊരു കപ്പലുണ്ടാക്കിക്കൊടുക്കുന്നു.

ബോറടി മാറ്റാൻ
വായിക്കുന്ന പുസ്തകത്തിൽ
ബോംബെയിൽ നിന്ന് സതാംപ്ടണിലേക്ക്
ഒരാൾ ആദ്യമായി കപ്പൽ കയറുന്നു.
ചെങ്കടൽ മനോഹരമായ ഒരു തടാകം പോലെ ശാന്തമാണെന്നും
കപ്പലിൽ ചിലപ്പോഴെല്ലാം ദേശാടനപ്പക്ഷികൾ വിശ്രമിക്കാറുണ്ടെന്നും
മരുഭൂമിയിൽ നിന്ന് ഊഷ്മളമായ കാറ്റടിക്കുന്നുവെന്നും
കപ്പൽ ഡെക്കിലേക്ക് തുള്ളിച്ചാടി മീനുകൾ വീഴുന്നുവെന്നും
കടലിൽ ഡോൾഫിനുകളുടെ കളികൾ കാണാമെന്നും
വായിക്കുന്നു
രാത്രിയിൽ
പ്രണയത്തിന്റെ നക്ഷത്രവിളക്കുകൾ തെളിയിക്കുന്ന
കണ്ണെത്താത്ത ആകാശം,
സ്വപ്നങ്ങളിൽ മാത്രം തെളിഞ്ഞേക്കാവുന്ന
രസലോഹപ്പരപ്പ് പോലെ
തിളങ്ങുന്ന സമുദ്രം
സെയ്ദ് തുറമുഖത്ത്
ഈജിപ്ഷ്യൻ വേശ്യകളുടെ ചിത്രങ്ങൾ നിറഞ്ഞ
പോസ്റ്റ്‌ കാർഡുകളുമായി
രാത്രി സ്വർഗങ്ങളിലേക്ക് മാടി വിളിക്കുന്ന
എണ്ണ മിനുപ്പുള്ള പുരുഷന്മാർ.
ബോംബെയിൽ നിന്ന് സതാംപ്ടണിലേക്ക്
കപ്പൽ കയറിയ മനുഷ്യൻ
വേശ്യാലയങ്ങളിൽ കയറുന്നില്ല.
എന്തൊരു ബോറാണ്..
പുസ്തകം മടക്കി വയ്ക്കുന്നു.
ഇവിടെയിപ്പോൾ ,
കുഞ്ഞിന്റെ വഞ്ചി
ഒരു മീറ്ററപ്പുറത്ത്
പുല്ലിൽ കുരുങ്ങി നിലച്ചുപോയിരിക്കുന്നു.
അവൻ ഇതുവരെ
അവിടെ നിന്ന് മാറിയിട്ടില്ല
പത്രക്കപ്പലിന്റെ അലിഞ്ഞു തുടങ്ങിയ യന്ത്രങ്ങൾ
ഈർക്കിലെടുത്ത് പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നു.
ഒരു മണിക്കൂറിൽ
പത്തു മീറ്റർ മാത്രം നീങ്ങിയ
ഈ പഴഞ്ചൻ കപ്പൽ
അവനെയൊട്ടും ബോറടിപ്പിക്കാത്തതെന്താണ്?
---------------------------------------------------

രണ്ടു ദേശീയപാതകൾ / അരുണ്‍ ഗാന്ധിഗ്രാം


രണ്ടു ദേശീയപാതകൾ, ഒന്നിന്റെ-
യപ്പുറത്താണറേബിയൻ സാഗരം
പൂഴിമണ്ണിന്റെ കാൽനടപ്പാതകൾ
മീൻ മണക്കുന്ന മൂലകൾ, വീഥികൾ

ഇങ്ക്വിലാബുകൾ, ചക്രവാളത്തിൽനി-
ന്നന്ത്യസൂര്യന്റെ ചെങ്കൊടിച്ചോപ്പുകൾ
ദൈവമേ, നിന്റെ പേരിൽ പരസ്പരം
വെട്ടി വീണോരൊഴിച്ചിട്ട വീടുകൾ
മൂന്നു കൂട്ടുകാർ, ബസ്സിന്റെ പിൻവരി,
നാട്ടുപാട്ടുകളൂറുന്ന യാത്രകൾ
പാതിയാത്രയിൽ, ആൽമരച്ചോട്ടിലെ
ഒറ്റ ബെല്ലിലുടക്കുന്ന കാതുകൾ.
സ്വപ്നസഞ്ചാരനാൾവഴിപ്പുസ്തകം
ഉപ്പുകാറ്റാൽ മറിക്കുന്ന സാഗരം
പാതിയുണ്ടതിൽ കണ്ണുനീരുപ്പുകൾ
പാതി ആകാശ നീലിമ, ശാന്തത.
____
രണ്ടു ദേശീയപാതകൾ, ഒന്നിന്റെ-
യപ്പുറത്തോ കരിമ്പനക്കാടുകൾ,
കാട്ടുപാതയിൽ കാൽനഖപ്പാടുകൾ
കല്ലുപോലും വിറയ്ക്കും തണുപ്പുകൾ
പള്ളിമേടകൾ, കുന്നിൻപുറങ്ങളിൽ
പൊൻകുരിശിന്റെ ആകാശ ചുംബനം
കാടിനോടു പൊരുതി ജയിച്ചവർ
കൊത്തിവച്ച രണാന്ത്യക്കുറിപ്പുകൾ
ഒറ്റയായി ഞാൻ, കാറിന്റെ മുൻവരി,
വേഗമേറുന്ന യാത്രകൾ, പാട്ടുകൾ
ഞാനിരിക്കും തണുപ്പിന്റെയപ്പുറം
മീന സൂര്യൻ പടുത്ത തീച്ചൂളകൾ
രണ്ടു ദേശീയപാതകൾ, രണ്ടിനും
മദ്ധ്യഭാഗത്തിലാണെന്റെ ജീവിതം
അപ്പുറത്തുണ്ട് കാടിൻ തണുപ്പുകൾ
ഇപ്പുറത്തുൾക്കടൽപോൽ നിസ്സംഗത...
-----------------------------------------

പ്രകൃതിവിരുദ്ധം/സദാചാരവിരുദ്ധം / നിരഞ്ജൻ T G


കൂർക്കം വലിച്ചുറങ്ങുന്ന
ഒരു കുന്നിൻ മുകളിലേക്ക്
കുഞ്ഞിക്കാൽ കയറ്റിവെക്കുന്നു
ഷിമ്മീസിട്ട ഒരു പുലരിവെയിൽ

തിരക്കിട്ട് ഇടവഴിയിലേക്കിറങ്ങിയ
ഇരുട്ടിനു പിന്നാലെ
മരച്ചില്ലയിൽ മുന്താണിയുടക്കിയ
കസവുപുടവയുടുത്ത നിലാവ്
കുന്നിനെ വികാരം കൊള്ളിച്ച വെയിലും
ഇരുട്ടിനോടൊപ്പം നടന്നെത്താത്ത നിലാവും
ഒരു പോലെ കുറ്റക്കാരാണ് എന്നിരിക്കെ
അല്പനേരമാണെങ്കിലും
കയ്യിലോ കഴുത്തിലോ
മതചിഹ്നങ്ങളൊന്നുമില്ലാതെ
രാത്രിയും പകലും തമ്മിൽ
അടുത്തിടപഴകി മിണ്ടിപ്പറഞ്ഞിരുന്നത്
ക്ഷമിക്കാനാവാത്ത കുറ്റം തന്നെ..!
ചോരയിൽത്തന്നെ
കീറിപ്പറിഞ്ഞുചുവക്കണം
അവരിലാരുടേതെന്നറിയാത്ത
ഈ ഉടുവസ്ത്രം..!
---------------------------------------

Thursday, March 5, 2015

ജുഗല്‍ബന്ദി / ജയദേവ് നയനാർ


ഒരു കവിതയിലേക്കിറക്കിക്കിടത്തിയത്
അത്ര മറന്നുപോകുകില്‍ത്തന്നെയെന്ത്.
ഇതിനെപ്പറ്റിയൊക്കെയിത്രയോര്‍ക്കാന്‍
തക്കതായെന്താണിരിക്കുന്നതെന്നാണ്..
.
ആരാണ് ആരാണ് എന്നു ചോദിക്കുന്നുണ്ടായിരുന്നു.
അതിനുമാത്രമുത്തരമൊന്നും
പറയുന്നുണ്ടായിരുന്നില്ലെന്നിട്ടും.
കനത്ത ഇരുട്ടായിരുന്നു.
പരിചയക്കേടുള്ള വഴിയായിരുന്നു.
നാളിതുവരെ കാണാത്തതൊക്കെയായിരുന്നു.
ഇരുട്ടത്ത് ചിലപ്പോള്‍ ആ ചോദ്യം മാത്രം
കേള്‍ക്കുന്നുണ്ടായിരിക്കില്ല.
ഇരുട്ടത്തു ചിലപ്പോള്‍ അങ്ങനെയായിരിക്കും.
ചില ചോദ്യങ്ങള്‍ അപ്പപ്പോള്‍
ഉത്തരത്തെ പെറ്റുമുലയൂട്ടുന്നുണ്ടാവില്ല.
ചില ചോദ്യങ്ങള്‍ക്കു മാത്രമായിരിക്കാം.
പറയുന്നുണ്ട് കൂടെ നടക്കുന്ന ചില ഉത്തരങ്ങളെ.
അത്രയോമനിച്ചൊരു ഭൂമിനട്ടുനനച്ചുവളര്‍ത്തി
കെട്ടിച്ചയച്ചതിനെക്കുറിച്ച്.
അത്രയൊന്നും വിചാരിക്കാതെ
ഉടലായ ഉടലില്‍ നിന്നു മറ്റൊന്നിലേക്ക്
ചാടിക്കടന്നതിനെക്കുറിച്ച്.
ഒട്ടും പ്രിയം തോന്നാതെ ഒരു മിന്നലിനെ
ഇരുട്ടുതുണിയില്‍ വരച്ചതിനെക്കുറിച്ച്.
ആരാണ് ആരാണ് എന്നു ചോദിക്കുന്നുണ്ട്.
ആരായാലെന്ത് എന്നൊരഹങ്കാരമൊന്നും
തോന്നിപ്പിച്ചിട്ടേയില്ല.
ആരോ ആയിരിക്കുമെന്നൊരു ധാരണ
ആയിക്കോട്ടെ എന്നു കരുതിയതുപോലുണ്ട്.
ഞാനാണ് ഞാനാണ് എന്നൊരുത്തരം
കാത്തുകാത്തിരുന്നപ്പോഴാണ്.
.
എവിടെ നിന്നെവിടെനിന്നാണ് എന്ന
ചോദ്യം അപ്പോഴും ചോദിപ്പിക്കുന്നുണ്ട്.
അത്ര തിടുക്കമൊന്നും അതിനുവേണ്ടി
കാത്തിരിപ്പിക്കുന്നില്ലെന്ന്
അറിഞ്ഞുകൊണ്ടുതന്നെയാണ്.
ഇവിടെ നിന്നൊന്നുമല്ല എന്ന്
പറഞ്ഞുകേള്‍ക്കാനാണ്
ഇരുട്ടിനു കൗതുകമെന്നു തോന്നിപ്പിക്കും വിധം.
ഇരുട്ടിനു വല്ലാത്തൊരൊച്ചയുണ്ടായിരുന്നു.
ഉത്തരം പറയുന്നുണ്ടായിരിക്കും.
കേള്‍ക്കാത്തതാവും.
ചില ഉത്തരങ്ങള്‍ കേള്‍ക്കപ്പെടേണ്ടതില്ലെന്നാവും.
.
കവിതയിലേക്കിറക്കിക്കിടത്തുകയായിരുന്നു.
വാക്കുകള്‍ പലതും ഇനിയും
കിടന്നുപഠിക്കേണ്ടതായിട്ടുണ്ടായിരുന്നു.
ഓരോ തവണ തിരിഞ്ഞും മറിഞ്ഞും
കിടക്കുമ്പോള്‍ തീരെ
കവിത തോന്നിപ്പിക്കുന്നില്ലായിരുന്നു.
കിടന്നിട്ടും കിടന്നിട്ടും സ്വന്തമായി
ഒന്നും മനസില്‍ മുളപ്പിക്കുന്നില്ലായിരുന്നു.
ചിലത് അങ്ങനെയാവും.
കൊടുങ്കാറ്റു പോലെ എല്ലാം പാറിച്ച്.
മഴ പോലെ എല്ലാം നനച്ച്.
കാട്ടുതീ പോലെ എല്ലാമെരിയിച്ച്.
എന്നിട്ടും ഇത്രയൊക്കെ
ഓര്‍ത്തുവച്ചതിലാണ്
തന്നത്താന്‍ മറന്നുവയ്ക്കുന്നത്.
---------------------------------------------------

സില്‍‌വര്‍ ഓക്കുകളില്‍ നോക്കിയിരിക്കുന്ന / വിഷ്ണു പ്രസാദ്


അനങ്ങരുത് എന്ന് ആരോ തോക്കുചൂണ്ടിപറഞ്ഞത്
കേട്ടിട്ടെന്ന പോലെ
അത്ര അനക്കമറ്റ വൈകുന്നേരം

ഇലകളല്ല,
അഴിഞ്ഞ ശ്വാസകോശങ്ങളുമായി
വെള്ളത്തില്‍ മുങ്ങിനില്‍ക്കുകയാണെന്ന്
കാറ്റാടിമരങ്ങള്‍
അഭിനയിക്കുന്നു

ജലാന്തര്‍ഭാഗത്തിരുന്ന്
പൊങ്ങിക്കളിക്കുന്ന പായലുകളെയോ
ജലസസ്യങ്ങളെയോ നോക്കുന്ന
ഒരു പുതിയ ജന്തുവിനെപ്പോലെ
കാറ്റാടികളിലേക്കു തന്നെ
അവയുടെ നിശ്ചലതയിലേക്കു തന്നെ
ഞാന്‍ നോക്കുന്നു.

ശരീരകലകള്‍ക്കും വലിയ രക്തക്കുഴലുകള്‍ക്കുമിടയില്‍
ലോമികകളെന്ന പോലെ
മേഘങ്ങളുമായോ ആകാശവുമായോ
അദൃശ്യതയുമായോ
കാറ്റാടികളുടെ ഇലകള്‍
എന്തോ കൊടുക്കുകയും വാങ്ങുകയും
ചെയ്യുന്നുണ്ട്.

ഞാനതിലേക്ക് തുറിച്ചുനോക്കിത്തന്നെ
ഇരിക്കാറുണ്ട്
എല്ലാ വൈകുന്നേരങ്ങളിലും.

ഇന്നും ആ രഹസ്യം കണ്ടുപിടിച്ചുകളയും
എന്നാവുമ്പോഴേക്ക്
കാറ്റാടികള്‍ക്കിടയില്‍ നിന്ന്
എന്റെ കൃഷ്ണമണികളിലേക്ക്
ഒരിരുട്ട് തള്ളിത്തള്ളിവന്നു...
---------------------------------------

Wednesday, March 4, 2015

വെളുത്ത കുഞ്ഞപ്പാപ്പന്റെ കണ്ണ് .../ സുധീർ രാജ്


വിണ്ടു കീറിയ മുണ്ടകപ്പാടത്തു കൂടി
ഷൂസിട്ടു നടക്കുക ബുദ്ധിമുട്ടാണ് .
പ്രത്യേകിച്ചും പൂട്ടിയിട്ടിരിക്കുമ്പോൾ.
തോടിനരികത്ത് വെച്ചാണ് ...
"കറുത്ത" വെളുത്തകുഞ്ഞപ്പാപ്പനെ കണ്ടത് .
എങ്ങടാ എന്റെ കുഞ്ഞേ
മോനെ പാടം കാണിക്കാൻ വന്നതാ .
ഞാനേ ,
വാഴകൾക്ക് വെള്ളം തേവുകാരുന്നു
മുപ്പത്തിയാറ് വാഴകൾ .
മുപ്പതെണ്ണത്തിനു പത്തുകുടം വീതം കോരി
ഇനി വയ്യ .
നാളെ സർക്കാരാശൂത്രീൽ
തിമിരമോപ്പറേഷനാ .
പത്തൂസം കഴിഞ്ഞേ വരൂ
അതാ പത്തു കുടം .
കുടം വാങ്ങി ഞാനും കാർത്തിക്കും
വെള്ളം കോരിത്തുടങ്ങി .
ഷൂസൂരി പാടത്തിട്ടു .
തോട് പറഞ്ഞു
ങ്ങള് പുതുശാ
എമ്മാതിരി കോരലാ ഇഷ്ടാ
ഒരു മയോമില്ലാണ്ട് ..
ഞങ്ങള് കോരിത്തീർന്നപ്പോൾ
വെളുത്ത കുഞ്ഞപ്പാപ്പനില്ല .
അവസാന വാഴയായ കദളി പറഞ്ഞു
ഓര് പോയി .
ഷൂസ് കഴുത്തിൽ തൂക്കി ഞങ്ങള് നടന്നു .
നടന്നു നടന്നു സന്ധ്യയായി
പാടത്തിനോരത്ത് ഒരു കുളം
വാ കാലു കഴുകാം .
അയ്യോ ഇത് കുളമല്ല
വെളുത്ത കുഞ്ഞപ്പാപ്പന്റെ കണ്ണ് ...
കണ്ണ് പാട കൊണ്ട് മൂടിയിരിക്കുന്നു
കണ്ണിലൂടെ നീരൊലിക്കുന്നു
വാഴക്കൂമ്പിന്റെ പോള തുറന്ന്
ഞങ്ങള് തേനിറ്റിച്ചു .
കിളുന്തു വാഴയിലയിലെ
വെള്ളമിറ്റിച്ചു.
പടിഞ്ഞാറൻ കാറ്റിന്റെ തോർത്തു നനച്ച്
പതിയെ വീശി .
കണ്ണ് പതിയെയടഞ്ഞു .
പിന്നെ കനത്ത മഴയായിരുന്നു
ഒരു ചെറിയ കണ്ണൻ വാഴയും
ഞാലിപ്പൂവനും മഴയത്ത് പതിയെ നടന്നു .
കഴുത്തിൽ കൂമ്പുകൾ മുളച്ച
വാഴകൾ അപ്പാപ്പന്റെ കണ്ണിലേക്ക്
തേനിറ്റിച്ചു .
അപ്പാപ്പന്റെ വാഴകൾക്ക്
വെള്ളം തേകുന്ന മഴകൾ
കൂമ്പുകളിലേക്ക് തേൻ നിറച്ചുകൊണ്ടിരുന്നു .
----------------------------------------------

Tuesday, March 3, 2015

ദൈവവും കുട്ടികളും / ഭാനു കളരിക്കൽ



മണ്ണിന്നടിയിൽ ഉറങ്ങുന്ന
ഉണ്ണികൾക്കെന്തിനാണുടുപ്പ്‌ പ്രാർത്ഥന
ബലിയരി
പൂച്ചെണ്ടുകൾ ...
മണ്ണുടുപ്പും ധരിച്ച്‌ മണ്ണുതിന്ന വെണ്ണക്കള്ളന്മാരായി
അവർ കളിച്ചു നടക്കുന്ന തൊടികളേത്‌?
അവരുടെ പാട്ടുകളിൽ
കുയിലിന്റെ മാധുര്യമുണ്ടാകുമോ
മണ്ണുചാലിച്ച നിറങ്ങളാൽ
ക്ലിന്റിനെപ്പോലെ വരക്കുമോ
കുഴിയാനകൾക്കൊപ്പം
കുഴികുത്തി കളിക്കുന്നുണ്ടാവുമോ
ചാഞ്ചാട്ടി യാട്ടിയുറക്കാൻ
അമ്പിളിമാമനുണ്ടോ
പുതക്കാൻ
നക്ഷത്രം തുന്നിയ ആകാശപ്പുതപ്പുണ്ടോ
മണ്ണിന്നടിയിൽ
നക്ഷത്ര വഴിത്താരയുണ്ടോ
മിന്നാമിന്നികളുടെ
വഴിവിളക്കുകളുണ്ടോ
അതിൽ കുളിർത്തെന്നലും
കുളിരരുവിയും
മുയൽക്കുഞ്ഞുങ്ങളുമുണ്ടോ
കലമാനും
കളിത്തത്തയുമുണ്ടോ
എന്തായിരുന്നാലും ദൈവമേ
നീ അവരോടോപ്പം കളിക്കാൻ കൂടല്ലേ
കളിക്കിടയിൽ
നിന്റെ കണ്ണുതുരന്നു കളിക്കുമവർ.

-----------------------------------

ലുബ്ധപ്രതിഷ്ഠ / ജയദേവ് നയനാർ


മരിച്ച രണ്ടുപേര്‍ താന്താങ്ങളുടെ
ഭാവികാലത്തുവരാനിരിക്കുന്ന
സംഭവങ്ങളെ അതീവ സത്യസന്ധതയോടെ
നിരാകരിക്കുന്നതു പോലെയായിരുന്നു അത്.
ഒരിക്കലും ജനിക്കാന്‍പോകാത്ത രണ്ടുപേര്‍
താന്താങ്ങളുടെ പില്‍ക്കാലത്തെു നടന്ന
സംഭവങ്ങളെ അതീവ അതിശയോക്തിയോടെ
അംഗികരിക്കുന്നതുപോലെയായിരുന്നില്ല അത്.
.
ഒരിക്കലും ജനിക്കാന്‍ പോകുന്നില്ലാത്ത
രണ്ടുപേര്‍ക്ക് താന്താങ്ങള്‍ക്ക് സ്വന്തമായി
ഒരു ഭാഷ പോലും പറയാന്‍
ശരിക്കു പറയാന്‍ കൂടിയാവുന്നുണ്ടായിരുന്നില്ല.
പറയേണ്ടതു നാവു കൊണ്ടാണെന്നു കൂടി
അറിയുമായിന്നില്ല.
നാവ് എന്നൊരവയവമെന്താണെന്ന് കുടി
നിശ്ചയമുണ്ടായിരുന്നില്ല.
ഭാഷയ്ക്കു മുന്‍പത്തെ ഏതോ
അക്ഷരങ്ങള്‍കൊണ്ടായിരുന്നു
സംസാരിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത്.
ഇല്ലാത്തെ ഉടല്‍ വല്ലാതെ ഇളക്കിയിരുന്നു.
അതു ചുറ്റുപാടും വല്ലാതെ
കുലുക്കിയിരുന്നു.
എന്താണ് ഉടലുകളിളക്കി ഇങ്ങനെ
ചെയ്യുന്നതെന്ന സംശയത്താല്‍
അവര്‍ പിടിക്കപ്പെടേണ്ടതായിരുന്നു.
കൊടുങ്കാറ്റ് വീശിയിരുന്നു.
ഇലകളില്‍ കാറ്റ് പിടിച്ചിരുന്നു.
ഭൂമിയിലെ ഇളകിക്കിടക്കുന്ന വസ്തുക്കളെല്ലാം
പെട്ടെന്നു രോമാഞ്ചം വന്നതുപോലെ
ഉയര്‍ന്നുനിന്നിരുന്നു.
രോമാവൃതമായ ആകാശത്തമിപ്പോള്‍
പൊഴിഞ്ഞുവീഴുമോ എന്നു സംശയിപ്പിച്ചിരുന്നു.
അവയവങ്ങള്‍ കാറ്റില്‍ സ്ഥാനംതെറ്റി
ഏതാണ്ടെല്ലാവരും നഗ്നരായിരുന്നു.
.
ഒരിക്കലും ജനിക്കാന്‍ പോകുന്നില്ലാത്ത
രണ്ടുപേര്‍ താന്താങ്ങള്‍ക്ക് സ്വന്തമായി
ഉണ്ടായിരുന്നു എന്നു വിചാരപ്പെട്ടിരുന്ന
ഒരു പില്‍ക്കാലത്തെക്കുറിച്ച്
ഇടയ്ക്ക് സ്വന്തമായി ഓര്‍ക്കാന്‍
ശ്രമിക്കുന്നതായി വിചാരിക്കാന്‍
ആലോചിക്കുന്നതിനിടെ ഇടയ്ക്കിടയ്ക്ക്
എന്തോ ഓര്‍ത്തുപോവുന്നുണ്ട്.
ആലോചനകളെ ശരീരത്തിന്‍റെ ഭാഷയിലേക്ക്
എങ്ങനെ ഭാവമാറ്റം നടത്തുമെന്നുകൂടി
അറിയാന്‍ പാടില്ലായിരുന്നു.
ഇടയ്ക്ക് അവരുടെ വിചാരങ്ങള്‍
എവിടൊക്കെയോ വച്ച് കൂട്ടിമുട്ടുന്നുണ്ടെങ്കിലും.
അവര്‍ക്കു പരസ്പരം ഉമ്മവയ്ക്കാനോ
കെട്ടിപ്പിടിക്കാനോ അപരന്‍റെ അവയവങ്ങളില്‍
തഴുകാനോ കഴിയുന്നുണ്ടായിരുന്നില്ല.
അപ്പോഴും ഉടലുകളാകെയിളക്കി
അവര്‍ വാക്കുകള്‍ കൊണ്ടു സംസാരിച്ച്.
അതാണ് സംശയത്തിനിടയാക്കുന്നതും
പിന്നീടെപ്പോഴോ അവര്‍ പിടിക്കപ്പെടാനിരിക്കുന്നതും.
ഉടല്‍ ശക്തിയായി ഇളക്കുന്നതിന്‍റെ
അര്‍ഥം അവര്‍ക്കറിഞ്ഞുകൂടെന്ന് പറയുന്നുണ്ട്.
അതൊന്നും അവരുടെ ഭൂതകാലത്ത്
കേട്ടുകേള്‍വി പോലുമില്ലാത്ത നൃത്തങ്ങളാണ്.
.
ഒരിക്കലും ജനിക്കാന്‍ പോകുന്നില്ലാത്ത
രണ്ടുപേര്‍ താന്താങ്ങള്‍ സ്വന്തമായി
ഒരിക്കലും കണ്ടുമുട്ടാന്‍ പോകുന്നില്ലെന്ന്
ആത്മാര്‍മായി വിശ്വസിച്ചതു പോലെയുണ്ട്.
തന്‍റെ ഉടലിന് അന്ന് സ്പോഞ്ച്കെയ്ക്കിന്‍റെ
മണമായിരുന്നെന്ന് പറയണമെന്നുണ്ട്.
തന്‍റെ പൊക്കിള്‍ച്ചുഴിക്കു ചുറ്റും
ഒരു കടന്നല്‍ക്കൂട്ടം തേന്‍
ഒളിച്ചുവച്ചിരുന്നു എന്നു പറയണമെന്നുണ്ട്
രണ്ടാമത്തെയാള്‍ക്ക്.
എന്നാല്‍ ഉടലെന്തെന്നോ പൊക്കിള്‍ച്ചുഴിയെന്തെന്നോ
അറിയുന്നുണ്ടായിരുന്നില്ല.
എഴുതിത്തുടങ്ങിയിട്ടില്ലാത്ത ഒരു
കവിതയില്‍ ഒരുപമ വായിക്കുന്നത്
പോലെയായിരുന്നു അത്.
സ്പോഞ്ച്കെയ്ക്കിന്‍റെ മണമുള്ള ഉടല്‍ മണത്ത്
ആസക്തനായെന്ന് പറയണമെന്നുണ്ട്.
പൊക്കിള്‍ച്ചുഴിക്കടുത്ത തേനറക്കൂട്ടിലെ
കടന്നലുകള്‍ താനായിരുന്നുവെന്ന്
പറയണമെന്നുണ്ട് രണ്ടാമത്തെയാള്‍ക്ക്,
എന്നാല്‍ കാലമെന്തെന്നോ കാമമെന്തെന്നോ
അറിയുന്നുണ്ടായിരുന്നില്ല.
എഴുതാനൊട്ടുമിടയില്ലാത്ത കവിതയില്‍
വാക്കുകളേതെന്നറിയാത്ത പോലെയായിരുന്നു അത്.
.
മരിച്ച രണ്ടുപേര്‍ താന്താങ്ങളുടെ
ഭാവികാലത്തുവരാനിരിക്കുന്ന
സംഭവങ്ങളെ അത്രയും അവിശ്വസനീയമായ
സത്യസന്ധതയോടെ നിരാകരിക്കുമെന്ന്
ആരാണ് കരുതിയിരുന്നിട്ടുണ്ടാകുക.
ഒരിക്കലുമെഴുതാത്ത കവിത
ഒരിടത്ത് അവസാനിപ്പിക്കുന്നതുപോലെ
അത്രയും കൃത്യമായി.
ഒരിക്കലുമെഴുതാത്ത കവിത
ഉയര്‍ത്തിപ്പിടിച്ചിരിക്കുമായിരിക്കുന്ന
ഉടല്‍രോമങ്ങളെ അത്ര തന്മയത്വത്തോടെ.
അതു മുളപ്പിക്കുമായിരുന്ന
ചിറകുകളെ അത്രയും ലുബ്ധമായി
തൂവല്‍വിരിച്ചുകൊണ്ട്.
---------------------------------

പത്തുമണി / വിഷ്ണു പ്രസാദ്


ഉണങ്ങിയ മുറിവുകളുടെ
പൊറ്റകള്‍ പൊളിച്ചുനോക്കുന്ന വെയില്‍,
പത്തുവയസ്സുള്ള ഒരു കുട്ടി,
ആകാശത്ത് അലസമിരിപ്പൂ.
കാലുകള്‍ മുറ്റത്തെ
കൈപ്പപ്പന്തലിനു മുകളില്‍...

കിണറ്റിന്‍‌കാലില്‍ ഒരു സൂചിമുഖി
ചെറുതാണ് ആനന്ദമെന്ന്
ഒരേ നിമിഷത്തെ
മൂന്നു ദിക്കുകളില്‍
കൊത്തിവെക്കുന്നു.

ആരും വരികയില്ലാത്ത വീടിന്റെ
തുറന്നുകിടക്കുന്ന ജനാല വഴി
മുറ്റത്തെ വള്ളിച്ചെടിയൊന്ന്
അകത്തേക്ക് കയറിപ്പോകുന്നു..

എല്ലാ മുറികളിലും പൂക്കള്‍
തെളിച്ച് ഇലകളോടെ തിരയുന്നു

അകത്തെവിടെയോ
വിജാഗിരിയഴിഞ്ഞ വാതില്‍ കരയുന്നു

അപ്പോള്‍
തുന്നല്‍‌യന്ത്രങ്ങള്‍
വാഹനങ്ങളാക്കിയ ഗ്രാമത്തിലെ തയ്യല്‍ക്കാര്‍
തങ്ങളുടെ യന്ത്രങ്ങള്‍
ചവിട്ടിച്ചവിട്ടി
തയ്ച്ചുതയ്ച്ച്

അന്തരീക്ഷത്തിലൂടെ പോകുന്നുണ്ട്.
പോയിപ്പോയി മറയുന്നുണ്ട്.
--------------------------------

സോദോം ഗൊമ്‌റ / വിഷ്ണു പ്രസാദ്

സോദോം ഗൊമ്‌റ
 ഒന്ന്

അഞ്ചുവര്‍ഷം മുന്‍പ് മരിച്ച ഓണ്‍ലൈന്‍ കവി
വിഷ്ണുപ്രസാദ് പാതിരാത്രിയില്‍ ചാറ്റില്‍ വന്ന്
‘ഹലോ ..’ പറയുന്നു!
അഞ്ചുവര്‍ഷം മുന്‍പ് കാറപകടത്തില്‍
ഗള്‍ഫില്‍ വെച്ച് മരിച്ചതാണ് കവി .
ഇയാളുടെ ബോഡി കാണാനാണ്
ഇയാള്‍ക്ക് റീത്തുവെക്കാനാണ്
പട്ടാമ്പിയില്‍ നിന്ന് കാറും പിടിച്ച്
കൊണ്ടോട്ടി എയര്‍പ്പോര്‍ട്ടില്‍ പോയത്.

ആളുകള്‍ ഇറങ്ങുന്ന വഴിക്ക്
ആരാധകര്‍ കാത്തുനിന്നപ്പോള്‍
ശവശരീരം മറ്റൊരു വഴിക്ക് വന്നു.
ബന്ധുക്കള്‍ ബോഡിയുമായി
അലറുന്ന ആംബുലന്‍‌സില്‍
വയനാട്ടിലേക്ക് പോയപ്പോള്‍
പുഷ്പചക്രം വഴിയോരത്ത്
വലിച്ചെറിഞ്ഞ് അന്നു പോന്നതാണ്.

ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോള്‍
സുഖമല്ലേ എന്ന് ചാറ്റ്
രണ്ടുമൂന്ന് അത്ഭുതചിഹ്നങ്ങള്‍
ടൈപ്പുചെയ്തിട്ടു.

ഒരു സ്മൈലി തിരിച്ചുവന്നു.
ദൈവമേ...!

നിങ്ങള്‍ മരിച്ചതല്ലേ എന്ന് ഞാന്‍ .
അങ്ങനെയങ്ങ് മരിക്കുമോ എന്ന്
സ്മൈലിയോടെ അയാള്‍ .
വല്ലാത്തൊരു ഞെട്ടല്‍.
ചാറ്റുചരിത്രം പ്രസിദ്ധീകരിച്ചാല്‍പ്പോലും
ആരും വിശ്വസിക്കില്ല.
ആ ചാറ്റ് അന്ന് ഓഫായി.
പലരോടൂം പറഞ്ഞെങ്കിലും
ആരുമത് വിശ്വസിച്ചില്ല.
ഭാവന കൊള്ളാമെന്ന് പറഞ്ഞു.

പിന്നീട് മാസങ്ങള്‍ക്കു ശേഷം
വിഷ്ണുപ്രസാദ് പച്ചവെളിച്ചവുമായി
മറ്റൊരു പാതിരയില്‍ വന്നു.
-ഹായ് :)

-ഹായ് :)
-നിങ്ങള്‍ എവിടെയാണ്?
‌-ഞാന്‍ ഇവിടെ ഹൈദരാബാദില്‍
-കാണാന്‍ പറ്റുമോ?
-കാണുന്നതെന്തിന്?
കാണാത്തത് വിശ്വസിക്കില്ലേ?
-അല്ല...അതല്ല.
-പിന്നെ?
-പുതിയ കവിതകള്‍ പബ്ലിഷ് ചെയ്യാത്തതെന്ത്?
-എക്കാലത്തും കവിതകള്‍ എഴുതേണ്ടതുണ്ടോ ?
-പിന്നെ എന്താണിപ്പോള്‍ ചെയ്യുന്നത്?
-ഞാനിപ്പോള്‍ കൊലപാതകത്തിലാണ്
സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.
-ഹഹഹ :) കവിതയിലൂടെത്തന്നെ അത് സാധിച്ചിരുന്നല്ലോ...
-ഹഹഹ :)
അപ്പോള്‍ പിന്നെക്കാണാം.
-ബൈ
-ബൈ


പിന്നെയും പലവട്ടം പാതിരയില്‍ അയാള്‍ വന്നു.
ഒരു ദിവസം കാണാനുള്ള അവസരം തരാമെന്നേറ്റു.
വാട്‌സപ്പ് നമ്പര്‍ തന്നു.
ഹൈദരാബാദിലെ അയാളുടെ മുറിയില്‍ ചെല്ലാന്‍ പറഞ്ഞു.
ഞാനും ഹൈദരാബാദില്‍ത്തന്നെയായിരുന്നു.
വഴികളെല്ലാം ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന അയാള്‍
വാട്‌സപ്പിലൂടെ നല്‍കിക്കൊണ്ടിരുന്നു.
ഒടുവില്‍ ഞാന്‍ ആ വാടകമുറിയുടെ വാതില്‍ക്കലെത്തി.

( അതിലൈംഗികതയെന്നോ അശ്ലീലമെന്നോ തോന്നാവുന്ന ഒരു ദീര്‍ഘരചനയാണ്.താത്പര്യമുണ്ടെങ്കില്‍ മാത്രം തുടരാം :) )
---------------------------------------------

സോദോം ഗൊമ്‌റ

രണ്ട്

‘വാതില്‍ അടച്ചിട്ടില്ല.
അകത്തു കയറിയിരിക്കുക...’
എന്നൊരു സന്ദേശം വന്നു.
ഞാന്‍ അകത്തു കയറിയിരുന്നു.
ചുമരില്‍ ഒരു വലിയഫോട്ടോ
ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു.
ഒരു ക്ലോസറ്റിന്റെ പടം.
അതില്‍ ഫ്ലഷ് ചെയ്യാത്ത
മലത്തിന്റെ ഖരാകാരം.
ഇയാള്‍ എന്തൊരു മനുഷ്യനാണെന്ന്
വിചാരിച്ചു.
നോക്കുമ്പോള്‍ ചുമരില്‍
മറ്റൊരിടത്ത് ഒരു ക്ലോക്ക്.
അത് പൂര്‍ണമായും
രോമനിബിഡമായ ഒരു യോനിയാണ്.
അതിന്റെ നടുവില്‍
കറങ്ങിക്കൊണ്ടിരിക്കുന്ന സൂചികള്‍...
സൂചികളല്ല,രണ്ട് ആണ്‍‌ലിംഗങ്ങളാണ്.
അതിപ്പോള്‍
ഒന്നിനു മുകളില്‍ ഒന്ന് എന്ന്
വന്നുനിന്നേക്കും....
ലിംഗവിശപ്പ്,മലാശയം,പുതിയ കാഴ്ചകള്‍
തുടങ്ങിയ കവിതകളൊക്കെ ഓര്‍മിച്ചു.
അവസാനമെഴുതിയത്
കില്ലര്‍ എന്ന കവിതയോ മറ്റോ ആണ്....

തൊണ്ടയിലെ വെള്ളം വറ്റുന്നതു പോലെ തോന്നി.

‘കുളിക്കുകയാണ്,കാത്തിരിക്കുക.
നിങ്ങള്‍ ഇരിക്കുന്നതിനു മുന്‍പിലുള്ള
മേശയില്‍ ഒരു ആല്‍ബമുണ്ട്.
അത് കാണൂ ...’
എന്നൊരു സന്ദേശം വന്നു .

(തുടരും)
--------------------------------------------

സോദോം ഗൊമ്‌റ

3

ആല്‍ബം മറിച്ചുനോക്കി.
അത് ഒരു മലയാളിയുടെ
ആല്‍ബമായിത്തോന്നിയില്ല.
കറുത്തവര്‍ഗക്കാരനായ ഒരു വിദേശിയുടെ ചിത്രങ്ങള്‍.
അയാള്‍ ,അയാളുടെ ഭാര്യ,
രണ്ടു പെണ്മക്കള്‍
അവര്‍ ഒരുമിച്ചു നില്‍ക്കുന്ന പലപല മുഹൂര്‍ത്തങ്ങള്‍ .
ഇയാളാണോ വിഷ്ണുപ്രസാദ്?

അങ്ങനെയെങ്കില്‍ അയാള്‍
ഓണ്‍‌ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്ന
പൊഫൈല്‍പ്പടങ്ങളെല്ലാം
ആരുടേതായിരുന്നു?
ആല്‍ബത്തില്‍ പിന്നെയും
ചില ചിത്രങ്ങള്‍ കണ്ടു.
അമേരിക്കന്‍ പ്രസിഡണ്ടുമാരായ
റൊണാള്‍ഡ് റീഗന്‍ ,ജോര്‍ജ്ജ് ബുഷ് ഒന്നാമന്‍
ബില്‍‌ക്ലിന്റണ്‍,ജോര്‍ജ്ജ് ബുഷ് രണ്ടാമന്‍
എന്നിവരോടൊപ്പമുള്ള ചില ചിത്രങ്ങള്‍
ഏതെല്ലാമോ അന്തര്‍ദേശീയ വേദികളുടെയും
സംഭവങ്ങളുടെയും ചിത്രങ്ങള്‍ .

ആല്‍ബം തിരിച്ചുവെക്കുന്നതിനിടയില്‍
മറ്റൊരു ആല്‍ബം കാണാനിടയായി.
അതു നിറയെ കുറ്റകൃത്യങ്ങളുടെ യും
കുറ്റവാളികളുടെയും ചിത്രങ്ങളായിരുന്നു.
ഭീകരര്‍ തലയറുക്കുന്നത്
ബലാല്‍ക്കാരം ചെയ്യപ്പെട്ട് വിവസ്ത്രരായി
ചോരയൊലിപ്പിച്ച് സ്ത്രീകള്‍ കിടക്കുന്നത്
കൊലപാതക ദൃശ്യങ്ങള്‍
മുറിഞ്ഞുകിടക്കുന്ന തലകള്‍
കത്തി കുത്തിക്കയറ്റിയ ഒരു പുരുഷലിംഗം.
ചതഞ്ഞരഞ്ഞ കുഞ്ഞുങ്ങള്‍
അപകടദൃശ്യങ്ങള്‍.
ബോംബ് സ്ഫോടനം നടന്ന് ചാമ്പലായ സ്ഥലങ്ങള്‍
ചിതറിത്തെറിച്ചതും പൊള്ളിയതുമായ
കാലുകള്‍ ,കൈകള്‍,ശരീരങ്ങള്‍
ലോകത്തിന്റെ വിവിധകോണുകളില്‍
നിന്നുള്ളവയാണതെല്ലാം.
കണ്ടുകൊണ്ടിരുന്ന ആല്‍‌ബത്തില്‍ നിന്ന്
തലപ്പൊക്കി നോക്കിയപ്പോള്‍
അയാള്‍ മുന്നില്‍...(തുടരും... അല്ല,തുടരണോ?)
-----------------------------------------------

സോദോം ഗൊമ്‌റ
4

-ഞാന്‍  ലോത്ത്
നിങ്ങളന്വേഷിക്കുന്ന കവി ഞാനല്ല.

-അപ്പോള്‍ വിഷ്ണുപ്രസാദ്...?

-അയാള്‍ മരിച്ചുപോയില്ലേ

-അപ്പോള്‍ നിങ്ങളല്ലേ എന്നെ...?

-അതെ,മരണാനന്തരം അയാളുടെ അക്കൌണ്ട്
ഞാനാണിപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

എന്ത് തെമ്മാടിത്തമാണ്
നിങ്ങള്‍ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചില്ല.
അസാമാന്യമായ ഉയരവും തടിയുമുള്ള
അയാള്‍ എന്നോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു.
ഒരു കപ്പ് കാപ്പികൊണ്ടുവന്നു തന്നു.
ആകെ അന്തം വിട്ടിരിക്കുന്ന
എന്നെ നോക്കി അയാള്‍ പൊട്ടിച്ചിരിച്ചു.

-വിഷ്ണുപ്രസാദിനെ നിങ്ങള്‍ കണ്ടിട്ടില്ല.
ഞാന്‍ തന്നെയാണ് അയാള്‍ എന്ന് നിങ്ങള്‍ക്ക്
വിശ്വസിക്കുന്നതിന് എന്താണ് തടസ്സം?

എനിക്ക് വാക്കുകളുണ്ടായില്ല.
എനിക്കെതിരെയിരുന്ന്
ഒരു കപ്പ് കാപ്പി മൊത്തിക്കുടിച്ച്
അയാള്‍ പറഞ്ഞുതുടങ്ങി:

മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍
ഹാക്ക് ചെയ്ത് അവരുടെ
ഓണ്‍ലൈന്‍ ജീവിതം നിലനിര്‍ത്തുന്ന
ഒരു നെറ്റ്‌വര്‍ക്കിലാണ് ഞാനിപ്പോള്‍.
മരിച്ചുപോയവരുടെ അക്കൌണ്ടുകള്‍ വഴി
ലോകത്തെക്കുറിച്ച് പഠിക്കുകയും
നിയന്ത്രിക്കുകയുമാണ് ലക്ഷ്യം.
ഓണ്‍ലൈനില്‍ നിങ്ങള്‍ സംസാരിക്കുകയോ
സംവദിക്കുകയോ ചെയ്യുന്നവര്‍
ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ ആവണമെന്നില്ല.
മരണാനന്തരം അവരുടെ അക്കൌണ്ടുകള്‍
ഞങ്ങള്‍ ഏറ്റെടുക്കുന്നു.
അവര്‍ക്കുവേണ്ടി ഞങ്ങള്‍ കാമിക്കുന്നു,
സംവദിക്കുന്നു,
രാഷ്ട്രീയവിശകലനങ്ങളും പ്രതികരണങ്ങളും നടത്തുന്നു.
നിങ്ങളുടെ കവിയുടെ അക്കൌണ്ട് മാത്രമല്ല,
ലോകത്തെമ്പാടുമുള്ള നൂറുകണക്കിനാളുകളുടെ
അക്കൌണ്ടുകള്‍ ഞാന്‍ കൈകാര്യം ചെയ്യുന്നുണ്ട്.
മരിച്ചവര്‍ക്ക് പരാതിയില്ലാത്തതുകൊണ്ട്
ഭരണകൂടമോ ഇന്റെര്‍നെറ്റ് സ്ഥാപനങ്ങളോ
ഇതറിയുന്നില്ല.
കൃത്യമായി പഠിച്ച് ചെയ്യുന്നതിനാല്‍
മരിച്ചവരുടെ ബന്ധുക്കളില്‍ നിന്നോ
മരണവിവരമറിഞ്ഞ സുഹൃത്തുക്കളില്‍ നിന്നോ
മറഞ്ഞു നില്‍ക്കാന്‍ കഴിയാറുണ്ട്.
മരിച്ചുപോയവരുടെ പേരിലുള്ള
വ്യാജപ്രൊഫൈലുകളാണ് കൂടുതല്‍ സുരക്ഷിതം.
എന്തെങ്കിലും പ്രശ്നങ്ങള്‍ ഉയരുന്നുണ്ടെന്ന് ബോധ്യപ്പെടുന്ന നിമിഷം
ഞങ്ങള്‍ ആ അക്കൌണ്ട് ഡിലിറ്റ് ചെയ്യും.
എന്നെപ്പോലെ ആയിരങ്ങള്‍ ഈ മേഖലയില്‍
ജോലിചെയ്യുന്നുണ്ട്.
നമുക്കിടയിലുള്ള ലോകത്ത്
മറഞ്ഞുകിടക്കുന്ന ഒരു ലോകമുണ്ട്.
ആലീസ് അത്ഭുതലോകത്തിലേക്കെന്ന പോലെ
ചിലര്‍ മാത്രം ആ മുയലിനു പിറകേ പോകുന്നു.
നാം നടക്കുന്ന ലോകത്ത്
മറ്റൊരു ലോകം നടക്കുന്നു.
നിങ്ങള്‍ തുറക്കുന്ന അതേ വാതില്‍
ചിലപ്പോള്‍ ചിലര്‍ക്ക് മറ്റൊരിടത്തെ കാണിക്കുന്നു.

നമ്മുടെ കട്ടിലിനടിയില്‍,
ക്ലോസറ്റില്‍,
അന്ധതയില്‍
മറ്റൊരു ലോകം മറഞ്ഞുകിടക്കുന്നു.
വിജനമായ വഴിയിലൂടെ
നിങ്ങള്‍ പോകുമ്പോള്‍
നിങ്ങളെ മുട്ടിയുരുമ്മി
ഒരാള്‍ക്കൂട്ടം പോകുന്നുണ്ട്.
നിങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍
ഒരു തെരുവ് ചലിക്കുന്നുണ്ട്.
നിങ്ങളറിയുന്നില്ല...
നിങ്ങളറിയുന്നില്ല...

അയാള്‍ വികാരഭരിതനായി നിര്‍ത്തി.
(തുടരും)

5
എല്ലാം ശരി,നിങ്ങള്‍ തന്നെയാണോ
സോദോമില്‍ നിന്ന്
ഒളിച്ചോടിയ ലോത്ത് എന്ന് ഞാന്‍
പരിഹസിച്ചുചോദിച്ചു.
എന്നെ ഞെട്ടിച്ചുകൊണ്ട്
അയാള്‍ പറഞ്ഞു :
‘ഞാന്‍ തന്നെയാണ് അയാള്‍ .
ഞാന്‍ തന്നെയാണ് ഉപ്പുതൂണായിത്തീര്‍ന്ന
എഡിത്തിന്റെ ഭര്‍ത്താവ്.
എന്റെ കണ്ണുനീരിന്റെ
ഉപ്പുകൊണ്ടാണ് അവളെ ഉണ്ടാക്കിയിട്ടുള്ളത്. ‘
അയാള്‍ എന്നെ അകത്തേക്ക് കൊണ്ടു പോയി.
അകത്തെ അരണ്ട വെളിച്ചത്തില്‍
ചുമരില്‍ ഒരു പടം കണ്ടു.
‘ഇതാണെന്റെ എഡിത്ത്.
ഞാന്‍ വരച്ചതാണ് .’അയാള്‍ പറഞ്ഞു.
ഇതിനിടയില്‍ അയാള്‍
ഫ്രിഡ്ജില്‍ നിന്ന് മദ്യമെടുത്ത്
രണ്ടു ഗ്ലാസുകളിലൊഴിച്ച്
ഒന്ന് എന്റെ നേരെ നീട്ടി.
അയാള്‍ കഴിച്ചുതുടങ്ങി.
അയാളുടെ കണ്ണുകളില്‍
കപ്പലുകളും കലാപങ്ങളും തീമഴയും
നിറയുന്നതുപോലെ തോന്നി.
ഞങ്ങള്‍ വീണ്ടും ഇരുന്നു.
അയാള്‍ പറഞ്ഞു തുടങ്ങി:
‘നിങ്ങളറിയാത്ത ഒരു സോദോമിന്റെ കഥ ഞാന്‍ പറയാം.’
അയാള്‍ വീണ്ടും മദ്യമൊഴിച്ച് കഴിച്ചുകൊണ്ട്
ആ നീണ്ട കഥ പറഞ്ഞു :

6

ആദ്യത്തെ കലാപത്തിനു ശേഷം
സോദോമില്‍ വിരലിലെണ്ണാവുന്ന
സ്ത്രീകള്‍ മാത്രമേ ബാക്കിയായുള്ളൂ.
ഗൊമ്‌റയില്‍ നിന്നുള്ള സൈന്യം
സ്ത്രീകളെ മുഴുവന്‍ പ്രാപിച്ച ശേഷം
കൊന്നും ചുട്ടും നശിപ്പിച്ചു.
അതിലും ഉള്‍പ്പെടാഞ്ഞവര്‍
ആത്മഹത്യചെയ്തുകൊണ്ടിരുന്നു.
മലകള്‍ ചുറ്റി നിന്ന സോദോമില്‍
മരണത്തിന്റെ ദുര്‍ഗന്ധം കെട്ടിക്കിടന്നു.
അമ്മയില്ലാത്ത മക്കള്‍ അലഞ്ഞു നടന്നു.
ഭാര്യയോ കാമുകിയോ നഷ്ടപ്പെട്ട
പുരുഷന്മാര്‍ സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നു.
എല്ലാം അമേരിക്കയുടെ പണിയായിരുന്നു.
എന്നും അമേരിക്കയുണ്ട്.
തങ്ങളുടെ ആധിപത്യം അംഗീകരിക്കാത്ത
രാജ്യത്തെ ആക്രമിക്കാന്‍ അവര്‍
പലവിധ ന്യായങ്ങള്‍ കണ്ടെത്തും.
ലോകത്തെ മുഴുവന്‍ നശിപ്പിക്കാനുള്ള
ആയുധങ്ങള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നോ
ഇടപെടേണ്ടുന്ന മനുഷ്യാവകാശലംഘനങ്ങള്‍
നടക്കുന്നെന്നോ പ്രചരിപ്പിക്കും...
സമ്പത്തു കൊള്ളയടിക്കാനും
തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ കൈക്കലാക്കാനും
ഇത്തരം കള്ളക്കഥകള്‍ പ്രയോഗിക്കാമെന്ന്
അവര്‍ കണ്ടെത്തിയിട്ടുണ്ട്.
കഥകളാണ് ലോകത്തെ ഏറ്റവും മാരകമായ ആയുധങ്ങള്‍ .
കെട്ടുകഥകള്‍ കൊണ്ട് ഏത് രാജ്യത്തെയും ഗ്രൌണ്ട് സീറോ ആക്കാം.
ലോകത്തെ മുഴുവന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും
നേതൃത്വം നല്‍കുന്നത് സോദോം ആണെന്ന്
അമേരിക്ക ആരോപിച്ചു.
ചരിത്രം ഇത്രയെങ്കിലും സുതാര്യമാകും മുന്‍പ്
ഉപഗ്രഹക്കണ്ണുകള്‍ ഭൂമിക്ക് കാവലിരിക്കും മുന്‍പ്
ഇന്ത്യന്മഹാസമുദ്രത്തില്‍ മുങ്ങിപ്പോയ
ദ്വീപുരാജ്യങ്ങളായിരുന്നു സോദോമും ഗൊമ്‌റയും.
തൊട്ടടുത്തുള്ള ഗൊമ്‌റക്കാര്‍ സോദോമിനെ
ഇടയ്ക്കിടെ ആക്രമിച്ചിരുന്നു.
രാജ്യവിസ്തൃതി എന്ന പ്രാചീനപ്രലോഭനമാവണം
അവരെ അതിന് പ്രേരിപ്പിച്ചിരുന്നത്.
ആക്രമണങ്ങള്‍ എല്ലാം വിനോദങ്ങളുമായിരുന്നു.
മനുഷ്യന് ഭക്ഷണവും രതിയും മാത്രം പോരാ...
സമാധാനലംഘനങ്ങള്‍ വേണം.
യുദ്ധങ്ങള്‍ തിന്നാണ് ചരിത്രം വളരുന്നത്.
വളര്‍ച്ചയ്ക്കു വെമ്പിനില്‍ക്കുന്ന ചരിത്രമാണ്
മനുഷ്യരെ യുദ്ധക്കളങ്ങളിലേക്ക് പറഞ്ഞുവിടുന്നത്.
സോദോം ആണുങ്ങളുടെ ഒരു തരിശായി.
ചോരയുടെ വാടയ്ക്കു മുകളില്‍ ശുക്ലത്തിന്റെ
ദീനഗന്ധം പരന്നു.
അവിടേക്കാണ് നിങ്ങളുടെയീ ലോത്ത്
അമേരിക്കയുടെ പ്രതിനിധിയായി വരുന്നത്.
അബ്രഹാമല്ല,അമേരിക്കയാണ് എന്നെ
ഇങ്ങോട്ട് പറഞ്ഞയയ്ക്കുന്നത്.
തകര്‍ന്ന രാജ്യത്തെ പുനരുജ്ജീവിപ്പിക്കുക
എന്നതായിരുന്നു എന്നെ നിയോഗിക്കുമ്പോള്‍
അമേരിക്ക ലോകത്തോട് പറഞ്ഞ ന്യായം.
ഞാനും എന്റെ കുടുംബവും സോദോമില്‍ കഷ്ടപ്പെട്ടു.
അമേരിക്കയുടെ ആളുകളെന്ന നിലയില്‍
സോദോമികള്‍ ഞങ്ങളെ ആക്രമിച്ചില്ല.
അവര്‍ ഞങ്ങളെ ബഹുമാനിച്ചിരുന്നില്ല.
അവര്‍ ഞങ്ങളെ വെറുത്തു.
പക്ഷേ,ജീവിക്കാന്‍ അനുവദിച്ചു.
ആത്മനിന്ദ കൊണ്ട് ഞാന്‍ തകര്‍ന്നു.
എന്റെ വിയോജിപ്പുകള്‍
ഞാന്‍ അമേരിക്കന്‍ ഭരണകൂടത്തെ
അറിയിച്ചുകൊണ്ടിരുന്നു.
അമേരിക്ക എനിക്ക് നല്‍കിക്കൊണ്ടിരുന്ന
ശമ്പളം തടഞ്ഞു.
ജീവിതം ദുരിതപൂര്‍ണമായി.
സോദോമില്‍ വല്ലപ്പോഴും
എത്തിപ്പെടുന്ന
സഞ്ചാരികള്‍ക്ക് താമസവും ഭക്ഷണവും നല്‍കിയാണ്
ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
സോദോമില്‍ ജീവിതം ദുസ്സഹമായി.
തെരുവുകളിലെല്ലാം പുരുഷന്മാരായ
സ്വവര്‍ഗരതിക്കാരായി.
സ്വവര്‍ഗരതിക്കാരുടെ സ്വര്‍ഗമായി സോദോം.
സ്വവര്‍ഗരതിക്കാരായ സഞ്ചാരികള്‍ സോദോം തേടിപ്പിടിച്ചെത്തി.
ആണ്‍ ‌-ആണ്‍ രതിയുടെ അലര്‍ച്ചകള്‍
ഓരോ തെരുവിടകളിലും നിറഞ്ഞു.
ഞാന്‍ എന്റെയും സോദോമിന്റെയും അവസ്ഥകള്‍
അമേരിക്കയെ എഴുതിയറിയിച്ചുകൊണ്ടിരുന്നു.
അങ്ങനെയാണ് നിജസ്ഥിതി പഠിക്കുന്നതിന്
രണ്ടു പ്രതിനിധികളെ അയയ്ക്കാമെന്ന്
അമേരിക്കയുടെ സന്ദേശം ഒരു മഞ്ഞുകാലത്ത്
എനിക്കു ലഭിക്കുന്നത്.
എല്ലാ ദിവസവും രാവിലെ മുതല്‍ വൈകുന്നേരം വരെ
സോദോമിന്റെ പ്രവേശനദ്വാരത്തില്‍
ഞാന്‍ കാത്തുനിന്നു.
എല്ലാ വൈകുന്നേരങ്ങളിലും
നിരാശനായി വീട്ടിലേക്കു മടങ്ങി.
അടുപ്പില്‍ പട്ടിണി മാത്രം പുകഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളില്‍ പലതും
അമേരിക്കന്‍ മേല്‍ക്കോയ്മയെ
പലപ്പോഴും ചോദ്യം ചെയ്തു.
ഏഷ്യയില്‍ തങ്ങള്‍ക്ക് ഒരു സൈനികത്താവളം
അനിവാര്യമാണെന്ന് അമേരിക്കന്‍ ഭരണകൂടം
തിരിച്ചറിഞ്ഞു.
സോദോം അതിനു പറ്റിയ ഇടമാണെന്ന് കണ്ടിരുന്നു.
സോദോമിനെ അമേരിക്ക സൈനികത്താവളമാക്കുമെന്ന
അഭ്യൂഹം എല്ലായിടത്തും പരന്നു.
സോദോം ജനതയെ മുഴുവന്‍ ഇല്ലാതാക്കുവാനുള്ള
ക്രൂരത അമേരിക്കയ്ക്കുണ്ടെന്ന് അമേരിക്കന്‍ വിരുദ്ധര്‍
പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
സോദോമില്‍ ധാരാളം രഹസ്യയോഗങ്ങള്‍ നടന്നു.
അമേരിക്കയ്ക്കു വേണ്ടിയുള്ള രഹസ്യജോലികള്‍
നിര്‍ത്തിവെച്ചില്ലെങ്കില്‍
എന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന്
സോദോമിലെ ഒരുകൂട്ടം ആളുകള്‍
എന്നെ വളഞ്ഞുവെച്ചു ഭീഷണിപ്പെടുത്തി.
ഞാന്‍ എന്റെ ജീവിതാവസ്ഥകള്‍ നിരത്തി
.
ജീവിക്കാന്‍ കഷ്ടപ്പെടുകയാണ്.
അമേരിക്കയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ല.
എന്നെല്ലാം ആണയിട്ടു.
കഴിഞ്ഞതെല്ലാം കഥകള്‍
വരാന്‍ പോകുന്നവയും കഥകള്‍
ജീവിതം കഥകളാണ് സുഹൃത്തേ...
മനുഷ്യരുടെ യുദ്ധങ്ങളത്രയും
ഏകാന്തതകള്‍ക്കെതിരെയായിരുന്നു.
എല്ലാ യുദ്ധങ്ങള്‍ക്കുശേഷവും അത്
കുരുതിക്കളങ്ങളില്‍ ആകാശത്തോളം ഉയരത്തില്‍
എഴുന്നേറ്റു നിന്നു.
നിസ്സാരനായ മനുഷ്യനെ ഒറ്റ,ഒറ്റയെന്ന് പരിഹസിച്ചു.
ഒരു ദിവസം സന്ധ്യക്ക് രണ്ട് വിദേശികള്‍
എന്റെ വീട് അന്വേഷിച്ചു വന്നു.
ജോര്‍ജ്ജ് എന്നും സെബാസ്റ്റ്യന്‍ എന്നുമായിരുന്നു
അവരുടെ പേരുകള്‍ .
അവര്‍ ക്ഷീണിതരായിരുന്നു.
എന്റെ വീട് അന്വേഷിച്ചുനടക്കുന്നതിനിടയില്‍
തദ്ദേശീയര്‍ അവരെ പിടിച്ചുവെച്ച് ചോദ്യം ചെയ്തു.
മര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഓടിരക്ഷപ്പെട്ടു.
അങ്ങനെയാണ് വെള്ളമെടുക്കാന്‍ പോയ
എന്റെ മകള്‍ അവരെ കാണുന്നത്.
അവളാണ് അവരെ വീട്ടിലേക്ക്
കൂട്ടിക്കൊണ്ടുവരുന്നത്.
വന്നപാടെ തങ്ങള്‍ അമേരിക്കന്‍ പ്രതിനിധികളാണെന്നും
അപകടത്തിലാണെന്നും എന്നോടു പറഞ്ഞു.
ഞാനവരെ വീട്ടില്‍ കയറ്റി വാതിലടച്ചു.
അവര്‍ പറഞ്ഞു തുടങ്ങി :
അമേരിക്ക സൊദോമും ചുറ്റുമുള്ള ചെറുദ്വീപുകളും
നാളെ ആക്രമിക്കാന്‍ പോവുകയാണ്.
നിന്നെയും കുടുംബത്തെയും രക്ഷിക്കാനാണ്
ഞങ്ങളിവിടെ വന്നത്.
അമേരിക്കയെ അവിശ്വസിക്കുന്നവര്‍
അതിന്റെ ഫലം അനുഭവിക്കുക തന്നെ ചെയ്യും.
സോദോമും ഗൊമ്‌റയും കൂട്ടക്കുരുതി നടത്തി
നാളെ വെടിപ്പാക്കും.
അങ്ങനെ ഇന്ത്യന്‍മഹാസമുദ്രത്തില്‍
നമുക്കൊരു സൈനികത്താവളമുണ്ടാവും.
ഇവിടെ നിന്ന് ഏഷ്യയിലെ ഏത് രാജ്യങ്ങളേയും
നമുക്ക് നിയന്ത്രിക്കാനാവും.
എന്റെ ഭാര്യയും മക്കളും
അതുകേട്ട് ഭയവിഹ്വലരായി.
ഞാനവര്‍ക്ക് കുടിക്കാനും കഴിക്കാനും
എന്തെങ്കിലുമെടുക്കാന്‍ ഭാര്യയോട് നിര്‍ദ്ദേശിച്ചു.
പെട്ടെന്ന് ഒരു ജനക്കൂട്ടം എന്റെ
വീടിനെ സമീപിക്കുന്ന ശബ്ദം കേട്ടു.
വാതിലില്‍ തുടര്‍ച്ചയായുള്ള മുട്ടും
‘ലോത്ത് ഇവിടെ ഇറങ്ങിവാടാ പട്ടീ...’
എന്ന ആക്രോശവും കേള്‍ക്കാം.
ഞാന്‍ വാതില്‍ തുറന്നു.
ആയിരക്കണക്കിന് സോദോമികള്‍
എന്റെ വാതില്‍‌ക്കല്‍ നില്‍ക്കുന്നു:
‘ആ അമേരിക്കക്കാരെ ഇങ്ങോട്ട് ഇറക്കിവിട്
ഞങ്ങള്‍ക്കവരെ ആവശ്യമുണ്ട്...’
അവരെന്റെ അതിഥികളാണ്.
വെറുതെ പൊല്ലപ്പുണ്ടാക്കരുതെന്ന്
ഞാനവരോട് പറഞ്ഞു.
വെള്ളക്കാരന്റെ കുണ്ടീല്
ഞങ്ങളുടെ കുണ്ണ കയറുമോന്ന് നോക്കട്ടെ
നീ ചെലയ്ക്കാതെ അവരെ ഇറക്കിവിട്
എന്ന് ജനക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചുപറഞ്ഞു.
ഞാന്‍ അവരോട് കേണു:
‘ഭോഗിക്കാനാണെങ്കില്‍ നിങ്ങള്‍ക്ക്
ഞാനെന്റെ പെണ്‍മക്കളെ നല്‍കാം.
അവരെ വെറുതെ വിടണം.
അവരെന്റെ അതിഥികളാണ്.’
അതുകേട്ട് ജനം ആര്‍ത്തുചിരിച്ചു:
‘നിന്റെ പെണ്‍‌മക്കളേയും ഭാര്യയേയും
ഭോഗിക്കാന്‍ നിന്റെ സമ്മതമൊന്നും വേണ്ട.
ഞങ്ങള്‍ക്കതില്‍ പുതുമയൊന്നുമില്ല.
അവരെ വിട്ടു തന്നില്ലെങ്കില്‍
നിന്നെ ഞങ്ങള്‍ക്ക് പണിയേണ്ടിവരും...’
എന്തുപറയണമെന്നറിയാതെ
ഞാന്‍ വിവശനായി.
ലോകത്ത് സര്‍വാധികാരങ്ങളുമുള്ള
അമേരിക്കയുടെ ഒരു പൌരന്‍
എന്ന നിലയില്‍ ഞാന്‍ അഹങ്കരിച്ചിരുന്നു.
പക്ഷേ ഈ രാത്രിയില്‍ഞാന്‍ നിസ്സഹായന്‍ .
ഇവനോട് പറഞ്ഞുനിന്നിട്ട് കാര്യമില്ല
എന്നുപറഞ്ഞ് ജനം എന്നെ തട്ടിമാറ്റി
വീടിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു.
ഞാന്‍ വാതില്‍ തള്ളിപ്പിടിച്ച് ജനത്തെ
അകറ്റാന്‍ ശ്രമിച്ചു.
ആളുകള്‍ തൊഴിച്ചും ഉന്തിയും
വലിയ മരമുട്ടികള്‍ ഉപയോഗിച്ച് അടിച്ചും
വാതില്‍ പൊളിച്ചു.
വഴി കിട്ടിയ സമുദ്രം പോലെ ജനം അകത്തേക്ക് ഒഴുകി.
ഞാനും ഭാര്യയും മക്കളും പുറത്തേക്കോടി.
ഇരുട്ടില്‍ ഒരു പൊന്തയില്‍ കയറി ഒളിച്ചു.
സെബാസ്റ്റ്യനേയും ജോര്‍ജ്ജിനേയും
ആളുകള്‍ പൊക്കിയെടുത്ത് ആഘോഷപൂര്‍വം
നടന്നുനീങ്ങുന്നത്
ഞങ്ങള്‍
ഒളിച്ചിരുന്നു കണ്ടു.
ജനം അവരുടെ ഉടുതുണികള്‍ വലിച്ചൂരിയെറിഞ്ഞു.
ജനക്കൂട്ടത്തിനിടയില്‍ അവര്‍ നഗ്നരായി തലതാഴ്ത്തി നിന്നു.
ആളുകള്‍ അവരെ മതിലിനോട് ചേര്‍ത്തുനിര്‍ത്തി
ഗുദദ്വാരത്തിലൂടെ ഭോഗിക്കാന്‍ തുടങ്ങി.
അവര്‍ നിലവിളിച്ചുകൊണ്ടിരുന്നു.
അതുകേള്‍ക്കെ ജനങ്ങള്‍ ആര്‍ത്തുവിളിച്ചു.
ആളുകള്‍ ഉദ്ധരിച്ച ലിംഗങ്ങളുമായി
അവരെ മാറിമാറി സമീപിച്ചുകൊണ്ടിരുന്നു.
സോദോമില്‍ നിറയെ അവരുടെ നിലവിളി ഉയര്‍ന്നു.
അവര്‍ ഏതാണ്ട്
മരിച്ചു.
ശുക്ലത്താല്‍ മൂടിക്കിടന്ന അവരുടെ പിന്‍ഭാഗത്തേക്ക്
ആളുകള്‍ സംഘമായി വന്ന് സ്വയംഭോഗംചെയ്തുകൊണ്ടിരുന്നു.
ജോര്‍ജ്ജിന്റെയും സെബാസ്റ്റ്യന്റെയും ശരീരങ്ങള്‍
ശുക്ലത്താല്‍ അഭിഷിക്തമായി.
ഭയവും ഉത്കണ്ഠയും നിറഞ്ഞ
ഞങ്ങള്‍ പൊന്തക്കാട്ടില്‍ നിന്ന് ഇറങ്ങിയോടി.
ആളുകള്‍ ഞങ്ങളെക്കണ്ട് ഞങ്ങളുടെ പിന്നാലെയോടി
ജീവന്മരണ ഓട്ടത്തിനിടയില്‍ എന്റെ ഭാര്യ മറിഞ്ഞുവീണു.
അവളെ അവര്‍ എടുത്തുകൊണ്ടുപോയി.
‘ലോത്ത് ...ലോത്ത് ...എന്നെ രക്ഷിക്കൂ’ എന്ന് അവള്‍
നിലവിളിക്കുന്നുണ്ടായിരുന്നു.
അവളെ രക്ഷിക്കാനാവില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഞാനെന്റെ പെണ്‍മക്കളെ ചേര്‍ത്തുപിടിച്ച് കരഞ്ഞു.
ഞങ്ങള്‍ ഓടിക്കൊണ്ടേയിരുന്നു.
കടല്‍ത്തീരത്ത് ചെന്നപ്പോള്‍
പുറപ്പെടാന്‍ നില്‍ക്കുന്ന ഒരു യാത്രാക്കപ്പല്‍ കിട്ടി.
പിറ്റേദിവസം ഉച്ചയാവുമ്പോഴേക്കും
അമേരിക്കന്‍ വിമാനങ്ങള്‍
സോദോമിനെ സമീപിക്കുന്നത് കാണാമായിരുന്നു.
സോദോമിനും ഗൊമ്‌റയ്ക്കും മുകളില്‍
ബോബുകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു.
ദൂരെ ആ ദ്വീപുകളില്‍ നിന്ന് തീ
ആകാശത്തോളം പൊന്തിപ്പരക്കുന്നത് കാണാമായിരുന്നു.
പൊട്ടിത്തെറികളും കൂട്ടനിലവിളികളും
നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ഞങ്ങളുടെ
കപ്പലിലേക്ക് കേള്‍ക്കാമായിരുന്നു

7

ലോത്ത് ഉണ്ട്.
പക്ഷേ ലോത്ത് ഒരു കെട്ടുകഥയാവാം.
ഞാന്‍ ഉണ്ട്
ഞാനും ഒരു കെട്ടുകഥയാവാം.
നിങ്ങള്‍ ഉണ്ട്.
നിങ്ങളും ഒരു കെട്ടുകഥയല്ലെന്ന്
എങ്ങനെ പറയാനാവും?
ഞാന്‍ തന്നെയാണോ ഞാനെന്ന്
ഞാനെങ്ങനെ അറിയും?
ലോത്തിനെക്കണ്ട് മടങ്ങിവരും വഴി
മറ്റൊരു കാറപകടത്തില്‍
ഞാന്‍ കൊല്ലപ്പെടുന്നുണ്ട്
.
ലോത്ത്,വിഷ്ണുപ്രസാദ്,ഞാന്‍ ,നിങ്ങള്‍
എല്ലാ അക്കൌണ്ടുകളും തുടരുന്നുണ്ടാവണം.
അതുകൊണ്ടല്ലേ
നിങ്ങളുടെ ചാറ്റ്‌ബോക്സില്‍
എന്റെ ഒരു ഹായ് ഇപ്പോള്‍
പൊന്തിവരുന്നത്?
-----------------------------------

നിങ്ങൾ വിശ്വസിക്കില്ല / സിന്ധു.കെ.വി


അല്ലാത്ത സമയങ്ങളിൽ തികച്ചും സാധാരണമാണ്
ചൊവ്വാഴ്ചകളിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കും
ഉത്സവങ്ങളിൽ പങ്കെടുക്കും
കുപ്പിവളയും മൈലാഞ്ചിയും വാങ്ങിക്കും
വല്ലപ്പോഴുമൊക്കെ നഗരത്തിലെ ഹോട്ടലിൽ
ചിക്കനും ചപ്പാത്തിയും കഴിക്കും
വെണ്ടയ്ക്കും മത്തനും വളമിടും
കയ്പ്പവള്ളിയെ പേരയിലേക്ക് പടർത്തിവിടും
മീനും കപ്പയും വെക്കും
അയൽ വീടുകളിൽ പോകും
കുടുംബശ്രീയിൽ കുറിവെക്കും
പതിവുനാട്ടുശീലങ്ങൾ കണ്ട്
ആരും കണ്ണുവെച്ചുപോകും
വീട്ടിലെ മൂന്നാമത്തവളുടെ തലയിൽ
പേൻ നോക്കിയിരിക്കുന്ന ഉച്ചനേരത്ത്
നിങ്ങളവളുടെ കണ്ണുകാണണം
ഒരുപേനിനെക്കൊല്ലാൻ ഇത്രയും കനത്തിലൊരു
തീഗോളമയക്കുന്നതെന്തിനെന്ന്
ആർക്കും തോന്നിപ്പോകും
ചത്ത് ചതഞ്ഞ പേനിനെ
പിന്നെയും പലവട്ടം ഞെക്കി
കൊല്ലിക്കൊല്ലിയിരിക്കുമ്പോൾ
തീരാത്തൊരു നിരാശയ്ക്കുണ്ടാകുന്ന
സ്വാഭാവികമായ ആവേശത്താൽ
മുടിയിഴകളപ്പാടെ കൂട്ടിവലിച്ചടുപ്പിച്ച്
അടുത്തതിലേക്കൊരു പോക്കുണ്ട്
പേൻ കൂട്ടങ്ങൾ പേടിച്ച്
വഴിതേടിയുഴറിയോടുന്നതറിയുന്ന
തലയുടെ അവകാശിയായ ആ പെണ്ണു മാത്രം
അപ്പോൾ ചറപറാന്ന് തലചൊറിയുകയും
അവളുടെ കണ്ണുകളെ പിന്നെയും പിന്നെയും
ജ്വലിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും

ഇതേയുന്മാദത്തിന്റെ അലയാണ്
വാവുനാളുകളിൽ
ചുവന്ന പൂങ്കോഴിക്കുപിന്നിലോടുമ്പൊഴും
ഓടിച്ചിട്ട് പിടിക്കുമ്പോഴും
പപ്പും പൂടയും പറിക്കുമ്പോഴും
കുനുകുനാ ഞുറുക്കുമ്പോഴും
വെന്ത് മണക്കുമ്പോഴും

എലിയെപ്പിടിക്കുമ്പോഴും
കൂറയെക്കത്തിക്കുമ്പോഴും
നിങ്ങൾ വിശ്വസിക്കില്ല,
രാത്രിയെനിക്കൊപ്പം കിടക്കുമ്പോഴും.

അപകടകരമായൊരു ആക്രമണത്തെ
അതിവിദഗ്ദ്ധമായി നേരിട്ടാണ്
ഓരോ രാത്രിയും..
---------------------------------------

Monday, March 2, 2015

ഹിപ്പിയും മുത്തശ്ശിയും /എൻ.വി.കൃഷ്ണവാരിയർ


വശമീശ വളർത്തിയതെന്തേ
ഹിപ്പിച്ചെറുമകനേ?
വശമീശയിലല്ലേ ശൂരത
മുത്തശ്ശിത്തള്ളേ!

മുടിയിങ്ങനെ നീട്ടിയതെന്തേ
ഹിപ്പിച്ചെറുമകനേ?
മുടിവെട്ടാൻ ചക്രം വേണ്ടേ
മുത്തശ്ശിത്തള്ളേ!
നീലച്ചിൽക്കണ്ണടയെന്തിനു
ഹിപ്പിച്ചെറുമകനേ?
ആദിത്യനെ നേരേ നോക്കാൻ
മുത്തശ്ശിത്തള്ളേ!
ആദിത്യനെ നോക്കുന്നെന്തിനു
ഹിപ്പിച്ചെറുമകനേ?
ആരേയും കൂസാതാവാൻ
മുത്തശ്ശിത്തള്ളേ!
കാലുറയിതുരിഞ്ഞു വിഴുന്നേ
ഹിപ്പിച്ചെറുമകനേ!
കാലിന്മേലൊട്ടിയതാണേ
മുത്തശ്ശിത്തള്ളേ!
പൊട്ട ഫിഡിലെന്തിനു കൈയിൽ
ഹിപ്പിച്ചെറുമകനേ?
പാട്ടല്ലേ ജീവിതസത്യം
മുത്തശ്ശിത്തള്ളേ!
നീയൊന്നു കുളിച്ചാലെന്തേ
ഹിപ്പിച്ചെറുമകനേ?
പാപങ്ങൾ കുളിച്ചാൽ പോമോ
മുത്തശ്ശിത്തള്ളേ!
നീയിങ്ങനെയാവാനെന്തേ
ഹിപ്പിച്ചെറുമകനേ?
ഞാനെന്നാൽ ഞാനാവേണ്ടേ
മുത്തശ്ശിത്തള്ളേ!
-----------------------

വായനാന്തം ജീവിതം / ഡോണ മയൂര



വായിച്ചുവായിച്ചിരുന്ന്
പറന്നുപറന്നു പോയി
വേനൽക്കാലങ്ങൾ.
സ്കൂൾ തുറന്നിട്ടും
വായിച്ചിരുന്ന മുറികളിൽ
നമ്മൾ പതുങ്ങിയിരുന്നു,
ചില കഥകളും കവിതകളും
നമുക്ക് പകരം
സ്കൂളിൽ പോയി.
അപൂർവ്വം ചില
കഥകളും കവിതകളും
നമ്മുടെ അനക്കം
തട്ടുന്നുണ്ടോന്നുനോക്കി
പാത്തുപതുങ്ങി
മുറികളിൽ നിന്നു,
ശ്രദ്ധിക്കുന്നില്ലെന്നുകണ്ട്
അവയിൽ ചിലത്
കുറുകെ ചാടി.
കണ്ടില്ലെന്ന്
കണ്ണടച്ചപ്പോൾ
നാവുപൊള്ളിയ
കരച്ചിൽ കേട്ടു.
എന്നിട്ടും ചിലത്
നമ്മളെ കണ്ടുപിടിച്ചു
എന്നെയുമെന്നെയുമെന്ന്
തിക്കിത്തിരക്കിവന്ന് നമ്മിൽ
പരകായം ചെയ്തു.
വായിക്കുന്നവരെ പറ്റി
കഥകൾക്കും
കവിതകൾക്കുമൊക്കെ
എന്തറിയാം.
പൂമ്പാറ്റകളുടെ ചിറക്
പിച്ചിയെടുത്തുശീലിച്ചൊരാൾ
കാഫ്കയെ വായിച്ചിട്ട്
മഞ്ഞപ്പാപ്പാത്തിയെന്ന് കരുതി
പുലിയെ പിടിച്ച കഥ
മെറ്റമോർഫസിസിന്
അറിയുമോ.
പൂമ്പാറ്റകളിൽ
അയാളുടെ മുരൾച്ച
അടയാളപ്പെട്ടതുപോലെ
ആദ്യമായൊരു പൂമ്പാറ്റയുടെ
മുരൾച്ചകേട്ടയാളെന്ന്
ആരും അയാളെ
അടയാളപ്പെടുത്തിയിട്ടില്ല.
വായനയ്ക്ക് ശേഷമുള്ള
കഥകൾ അറിയുന്ന
ഞങ്ങളിൽ ചിലർ
രാത്രി പാറ്റയും
പകൽ പൂമ്പാറ്റയുമെന്ന
കവിതയായി.
---------------------

ഉള്‍ക്ക / ജയദേവ് നയനാർ


ഒരു പൂവിറുക്കാന്‍ ഇത്രയൊക്കെ
കഷ്ടപ്പെടുന്നത് കാണുമ്പോഴാണ്
ഒരു പൂമ്പാറ്റയോട് അല്‍പ്പമെങ്കിലും
അസൂയ തോന്നിപ്പോവുന്നത്.
സ്വന്തം ഭാഷയില്‍ സ്വന്തമെന്ന്
എഴുതാന്‍ ഒരു കാറ്റ് അത്രകണ്ട്
വിഷമിക്കുന്നതുപോലെ.
വേരുകളെത്ര പടര്‍ന്നിട്ടും
ഭൂമിക്ക് അതിനെ അതിന്‍റെ
തണല്‍ച്ചുവട്ടില്‍
പിടിച്ചുനിര്‍ത്താനുള്ള വിഷമം പോലെ.
എത്ര വള്ളിയായിപ്പടര്‍ന്നിട്ടും
ആകാശത്തിന് കാറ്റിനെ
കൈയെത്തിപ്പിടിക്കും മുമ്പേ
നഷ്ടപ്പെടുന്നത് കാണുമ്പോഴാണ്.
.
പുഴ ഒഴുക്കു പഠിക്കാന്‍ പോകുന്ന
സ്കൂളില്‍ നിന്നേതോ കാരണം കൊണ്ട്
പുറത്താക്കപ്പെട്ടവരാണ്
നമ്മള്‍, ഞാനും നീയും.
ഞാനപ്പോഴും നിറഞ്ഞിട്ടുണ്ടായിരുന്നില്ല.
നീയാണെങ്കില്‍ കരകവിഞ്ഞും.
ഞാനാണെങ്കില്‍ നനഞ്ഞിട്ടുണ്ടായിരുന്നില്ല.
നീയാണെങ്കില്‍ നനഞ്ഞുകുതിര്‍ന്നും.
ഞാനാണെങ്കില്‍ പടര്‍ന്നിട്ടുണ്ടായിരുന്നില്ല.
നീയാണെങ്കിലോ വളഞ്ഞുപുളഞ്ഞ്.
എന്നിട്ടും, നമ്മളെന്തിനാണൊരുമിച്ച്
പുറത്താക്കപ്പെട്ടതെന്ന്.
ആകാശം ഒഴുക്കുമുറ്റിയാണ്
പിറക്കുന്നതുതന്നെയെന്ന് തന്നെയാണ്
നീയപ്പോള്‍ പറ‍ഞ്ഞുകൊണ്ടിരുന്നത്.
നമ്മള്‍, രണ്ടാകാശങ്ങള്‍.
ഒരേ സമയം രണ്ടാകാശങ്ങളുണ്ടാകുന്നത്
എങ്ങനെയാണെന്നു പറയാന്‍
നീ മറന്നതു തന്നെയാവും.
.
ആദ്യമായിട്ടാവും ആദ്യം
എന്തിനെങ്കിലും പിന്നിലാവുന്നത്.
ഒരു പൂവിറുക്കുമ്പോള്‍
നിന്നോടു ചോദിക്കുകയായിരുന്നു.
ആ പൂമ്പാറ്റയുടെ ചിറകിലെ
കടുത്ത നിറങ്ങള്‍ കണ്ടിട്ടുതന്നെ.
ആ പൂമ്പാറ്റയെ ആ പൂവില്‍ നിന്ന്
ഇറുത്തുകളയാനാണ്
എനിക്കു തോന്നുന്നത്.
ഭുമിയില്‍ നിന്നു നമ്മള്‍ പുറത്താക്കപ്പെട്ട
ദിവസമായിരുന്നു അന്ന്,
നീ ഓര്‍ക്കുന്നുണ്ടാവണം.
നീയിപ്പോള്‍ മുലകള്‍ കൊണ്ടാണ്
എല്ലാം ഓര്‍ക്കുന്നത്.
നിറം തേക്കാത്ത പൂമ്പാറ്റകള്‍.
ഇലകള്‍ പുഷ്പിക്കുന്ന കാട്.
ചോര വിയര്‍ക്കുന്ന ചുണ്ട്.
.
ഉടലുകളില്‍ നിന്നു നമ്മള്‍
പുറത്താക്കപ്പെട്ട അന്നായിരുന്നു
സ്വന്തം ഭാഷയില്‍ സ്വന്തമെന്ന്
എഴുതാന്‍ വിഷമിക്കുന്ന കാറ്റിനോട്
അത്രയും അസൂയ തോന്നുന്നത്.
ഞാനാണെങ്കില്‍ അതിനപ്പുറത്തേക്ക്
നോക്കിയിട്ടുണ്ടായിരുന്നില്ല.
നീ, ഉടലിനെ ഒരോര്‍മ പോലെ
അഴിച്ചുവയ്ക്കുകയായിരുന്നു.
ഞാനാണെങ്കില്‍ അതിനപ്പുറത്തേക്ക്
ഒന്നും കാണുന്നുണ്ടായിരുന്നില്ല.
നീയഴിച്ചുപേക്ഷിച്ച ഉടല്‍
ശരിക്കുമൊരു രൂപവുമില്ലാതെ
ചുളിഞ്ഞുമടങ്ങിയൊടിഞ്ഞ്.
കാറ്റുപേക്ഷിച്ച ഒരു വീശല്‍ പോലെ.
അപ്പോഴാണ് എനിക്കു നിന്നോട്
മുമ്പെങ്ങുമില്ലാത്ത
ഒരു അപരിചിതത്വം തോന്നുന്നത്.
ഉടലിനുടലിനോടില്ലാത്തതുപോലെ.

-------------------------------------

Sunday, March 1, 2015

മടങ്ങുന്ന കടത്തുകാരൻ / ബൈജു മണിയങ്കാല


അന്നത്തെ കടത്തു കഴിഞ്ഞു
എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന
കടത്തുകാരൻ
ഇന്ന് പക്ഷെ വെറും കൈയ്യോടെ
ആദ്യം മരത്തിൽ നിന്ന്
അഴിച്ചെടുക്കുന്ന തോണി
പിന്നെ വേരിൽ നിന്നും
കെട്ടഴിച്ചു വിടുന്ന മരം
മരം ദൂരേയ്ക്ക്
നിറയുന്ന കണ്ണുകൾ
ഉറങ്ങുന്ന കുഞ്ഞിന്റെ
വിരൽ പോലെ
അതിലോലം
തീരെ ശബ്ദം കേൾപ്പിക്കാതെ
പുഴയിൽ നിന്നും
വേർപെടുത്തുന്ന തോണി
ഒന്ന് നിറയുന്ന പുഴ
നനയുന്ന തോണി
സഞ്ചിയിൽ മടക്കി വെയ്ക്കുന്ന
അഴിച്ചെടുത്ത പുഴ
കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം
അവസാനം പറിച്ചെടുക്കുന്ന സൂര്യൻ
തുടച്ചു കളയുന്ന-
ബാക്കി വന്ന പോക്കുവെയിൽ
സഞ്ചിയിലേയ്ക്ക് സൂര്യൻ
പരക്കുന്ന ഒരോറഞ്ച് മണം
നടുവൊന്നു നിവർത്തി
പിന്നെ കുനിഞ്ഞു
മടക്കി വെച്ച പുഴ ചരിച്ചു
കുറച്ചു വെള്ളം കുടിക്കുന്ന
കടത്തുകാരൻ
ഒടുവിൽ മടക്കം
കൈയ്യിൽ സഞ്ചി
തോളിൽ വഞ്ചി
പുഴ കിടന്ന വഴിയെ
വീട്ടിലേയ്ക്ക് കുറുകെ
കടക്കുന്നു പിടയ്ക്കുന്ന മീനുകൾ
പിടയ്ക്കുന്ന നെഞ്ചു
അപ്പോഴും കടവിൽ
തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത
നിസ്സഹായത
ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ്
പുഴ ഇല്ലാത്ത കരയിൽ നിന്നും
തേങ്ങൽ കടന്ന്
അതാ ഒരു കൂവലുയരുന്നു ....
------------------------------------------------------