Thursday, March 5, 2015

ജുഗല്‍ബന്ദി / ജയദേവ് നയനാർ


ഒരു കവിതയിലേക്കിറക്കിക്കിടത്തിയത്
അത്ര മറന്നുപോകുകില്‍ത്തന്നെയെന്ത്.
ഇതിനെപ്പറ്റിയൊക്കെയിത്രയോര്‍ക്കാന്‍
തക്കതായെന്താണിരിക്കുന്നതെന്നാണ്..
.
ആരാണ് ആരാണ് എന്നു ചോദിക്കുന്നുണ്ടായിരുന്നു.
അതിനുമാത്രമുത്തരമൊന്നും
പറയുന്നുണ്ടായിരുന്നില്ലെന്നിട്ടും.
കനത്ത ഇരുട്ടായിരുന്നു.
പരിചയക്കേടുള്ള വഴിയായിരുന്നു.
നാളിതുവരെ കാണാത്തതൊക്കെയായിരുന്നു.
ഇരുട്ടത്ത് ചിലപ്പോള്‍ ആ ചോദ്യം മാത്രം
കേള്‍ക്കുന്നുണ്ടായിരിക്കില്ല.
ഇരുട്ടത്തു ചിലപ്പോള്‍ അങ്ങനെയായിരിക്കും.
ചില ചോദ്യങ്ങള്‍ അപ്പപ്പോള്‍
ഉത്തരത്തെ പെറ്റുമുലയൂട്ടുന്നുണ്ടാവില്ല.
ചില ചോദ്യങ്ങള്‍ക്കു മാത്രമായിരിക്കാം.
പറയുന്നുണ്ട് കൂടെ നടക്കുന്ന ചില ഉത്തരങ്ങളെ.
അത്രയോമനിച്ചൊരു ഭൂമിനട്ടുനനച്ചുവളര്‍ത്തി
കെട്ടിച്ചയച്ചതിനെക്കുറിച്ച്.
അത്രയൊന്നും വിചാരിക്കാതെ
ഉടലായ ഉടലില്‍ നിന്നു മറ്റൊന്നിലേക്ക്
ചാടിക്കടന്നതിനെക്കുറിച്ച്.
ഒട്ടും പ്രിയം തോന്നാതെ ഒരു മിന്നലിനെ
ഇരുട്ടുതുണിയില്‍ വരച്ചതിനെക്കുറിച്ച്.
ആരാണ് ആരാണ് എന്നു ചോദിക്കുന്നുണ്ട്.
ആരായാലെന്ത് എന്നൊരഹങ്കാരമൊന്നും
തോന്നിപ്പിച്ചിട്ടേയില്ല.
ആരോ ആയിരിക്കുമെന്നൊരു ധാരണ
ആയിക്കോട്ടെ എന്നു കരുതിയതുപോലുണ്ട്.
ഞാനാണ് ഞാനാണ് എന്നൊരുത്തരം
കാത്തുകാത്തിരുന്നപ്പോഴാണ്.
.
എവിടെ നിന്നെവിടെനിന്നാണ് എന്ന
ചോദ്യം അപ്പോഴും ചോദിപ്പിക്കുന്നുണ്ട്.
അത്ര തിടുക്കമൊന്നും അതിനുവേണ്ടി
കാത്തിരിപ്പിക്കുന്നില്ലെന്ന്
അറിഞ്ഞുകൊണ്ടുതന്നെയാണ്.
ഇവിടെ നിന്നൊന്നുമല്ല എന്ന്
പറഞ്ഞുകേള്‍ക്കാനാണ്
ഇരുട്ടിനു കൗതുകമെന്നു തോന്നിപ്പിക്കും വിധം.
ഇരുട്ടിനു വല്ലാത്തൊരൊച്ചയുണ്ടായിരുന്നു.
ഉത്തരം പറയുന്നുണ്ടായിരിക്കും.
കേള്‍ക്കാത്തതാവും.
ചില ഉത്തരങ്ങള്‍ കേള്‍ക്കപ്പെടേണ്ടതില്ലെന്നാവും.
.
കവിതയിലേക്കിറക്കിക്കിടത്തുകയായിരുന്നു.
വാക്കുകള്‍ പലതും ഇനിയും
കിടന്നുപഠിക്കേണ്ടതായിട്ടുണ്ടായിരുന്നു.
ഓരോ തവണ തിരിഞ്ഞും മറിഞ്ഞും
കിടക്കുമ്പോള്‍ തീരെ
കവിത തോന്നിപ്പിക്കുന്നില്ലായിരുന്നു.
കിടന്നിട്ടും കിടന്നിട്ടും സ്വന്തമായി
ഒന്നും മനസില്‍ മുളപ്പിക്കുന്നില്ലായിരുന്നു.
ചിലത് അങ്ങനെയാവും.
കൊടുങ്കാറ്റു പോലെ എല്ലാം പാറിച്ച്.
മഴ പോലെ എല്ലാം നനച്ച്.
കാട്ടുതീ പോലെ എല്ലാമെരിയിച്ച്.
എന്നിട്ടും ഇത്രയൊക്കെ
ഓര്‍ത്തുവച്ചതിലാണ്
തന്നത്താന്‍ മറന്നുവയ്ക്കുന്നത്.
---------------------------------------------------

No comments:

Post a Comment