Friday, March 6, 2015

രണ്ടു ദേശീയപാതകൾ / അരുണ്‍ ഗാന്ധിഗ്രാം


രണ്ടു ദേശീയപാതകൾ, ഒന്നിന്റെ-
യപ്പുറത്താണറേബിയൻ സാഗരം
പൂഴിമണ്ണിന്റെ കാൽനടപ്പാതകൾ
മീൻ മണക്കുന്ന മൂലകൾ, വീഥികൾ

ഇങ്ക്വിലാബുകൾ, ചക്രവാളത്തിൽനി-
ന്നന്ത്യസൂര്യന്റെ ചെങ്കൊടിച്ചോപ്പുകൾ
ദൈവമേ, നിന്റെ പേരിൽ പരസ്പരം
വെട്ടി വീണോരൊഴിച്ചിട്ട വീടുകൾ
മൂന്നു കൂട്ടുകാർ, ബസ്സിന്റെ പിൻവരി,
നാട്ടുപാട്ടുകളൂറുന്ന യാത്രകൾ
പാതിയാത്രയിൽ, ആൽമരച്ചോട്ടിലെ
ഒറ്റ ബെല്ലിലുടക്കുന്ന കാതുകൾ.
സ്വപ്നസഞ്ചാരനാൾവഴിപ്പുസ്തകം
ഉപ്പുകാറ്റാൽ മറിക്കുന്ന സാഗരം
പാതിയുണ്ടതിൽ കണ്ണുനീരുപ്പുകൾ
പാതി ആകാശ നീലിമ, ശാന്തത.
____
രണ്ടു ദേശീയപാതകൾ, ഒന്നിന്റെ-
യപ്പുറത്തോ കരിമ്പനക്കാടുകൾ,
കാട്ടുപാതയിൽ കാൽനഖപ്പാടുകൾ
കല്ലുപോലും വിറയ്ക്കും തണുപ്പുകൾ
പള്ളിമേടകൾ, കുന്നിൻപുറങ്ങളിൽ
പൊൻകുരിശിന്റെ ആകാശ ചുംബനം
കാടിനോടു പൊരുതി ജയിച്ചവർ
കൊത്തിവച്ച രണാന്ത്യക്കുറിപ്പുകൾ
ഒറ്റയായി ഞാൻ, കാറിന്റെ മുൻവരി,
വേഗമേറുന്ന യാത്രകൾ, പാട്ടുകൾ
ഞാനിരിക്കും തണുപ്പിന്റെയപ്പുറം
മീന സൂര്യൻ പടുത്ത തീച്ചൂളകൾ
രണ്ടു ദേശീയപാതകൾ, രണ്ടിനും
മദ്ധ്യഭാഗത്തിലാണെന്റെ ജീവിതം
അപ്പുറത്തുണ്ട് കാടിൻ തണുപ്പുകൾ
ഇപ്പുറത്തുൾക്കടൽപോൽ നിസ്സംഗത...
-----------------------------------------

1 comment:

  1. ഉപ്പുകാറ്റാൽ മറിക്കുന്ന സാഗരം നല്ല കല്പന സുന്ദരം

    ReplyDelete