Tuesday, March 3, 2015

ദൈവവും കുട്ടികളും / ഭാനു കളരിക്കൽ



മണ്ണിന്നടിയിൽ ഉറങ്ങുന്ന
ഉണ്ണികൾക്കെന്തിനാണുടുപ്പ്‌ പ്രാർത്ഥന
ബലിയരി
പൂച്ചെണ്ടുകൾ ...
മണ്ണുടുപ്പും ധരിച്ച്‌ മണ്ണുതിന്ന വെണ്ണക്കള്ളന്മാരായി
അവർ കളിച്ചു നടക്കുന്ന തൊടികളേത്‌?
അവരുടെ പാട്ടുകളിൽ
കുയിലിന്റെ മാധുര്യമുണ്ടാകുമോ
മണ്ണുചാലിച്ച നിറങ്ങളാൽ
ക്ലിന്റിനെപ്പോലെ വരക്കുമോ
കുഴിയാനകൾക്കൊപ്പം
കുഴികുത്തി കളിക്കുന്നുണ്ടാവുമോ
ചാഞ്ചാട്ടി യാട്ടിയുറക്കാൻ
അമ്പിളിമാമനുണ്ടോ
പുതക്കാൻ
നക്ഷത്രം തുന്നിയ ആകാശപ്പുതപ്പുണ്ടോ
മണ്ണിന്നടിയിൽ
നക്ഷത്ര വഴിത്താരയുണ്ടോ
മിന്നാമിന്നികളുടെ
വഴിവിളക്കുകളുണ്ടോ
അതിൽ കുളിർത്തെന്നലും
കുളിരരുവിയും
മുയൽക്കുഞ്ഞുങ്ങളുമുണ്ടോ
കലമാനും
കളിത്തത്തയുമുണ്ടോ
എന്തായിരുന്നാലും ദൈവമേ
നീ അവരോടോപ്പം കളിക്കാൻ കൂടല്ലേ
കളിക്കിടയിൽ
നിന്റെ കണ്ണുതുരന്നു കളിക്കുമവർ.

-----------------------------------

1 comment:

  1. എത്ര സുന്ദരം കല്പനകൾ കുഞ്ഞുങ്ങൾക്ക്‌ മരിക്കാനാവില്ല അവര്ക്ക് മരണം ഒരു കളി മാത്രമാണ്

    ReplyDelete