Sunday, March 1, 2015

മടങ്ങുന്ന കടത്തുകാരൻ / ബൈജു മണിയങ്കാല


അന്നത്തെ കടത്തു കഴിഞ്ഞു
എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന
കടത്തുകാരൻ
ഇന്ന് പക്ഷെ വെറും കൈയ്യോടെ
ആദ്യം മരത്തിൽ നിന്ന്
അഴിച്ചെടുക്കുന്ന തോണി
പിന്നെ വേരിൽ നിന്നും
കെട്ടഴിച്ചു വിടുന്ന മരം
മരം ദൂരേയ്ക്ക്
നിറയുന്ന കണ്ണുകൾ
ഉറങ്ങുന്ന കുഞ്ഞിന്റെ
വിരൽ പോലെ
അതിലോലം
തീരെ ശബ്ദം കേൾപ്പിക്കാതെ
പുഴയിൽ നിന്നും
വേർപെടുത്തുന്ന തോണി
ഒന്ന് നിറയുന്ന പുഴ
നനയുന്ന തോണി
സഞ്ചിയിൽ മടക്കി വെയ്ക്കുന്ന
അഴിച്ചെടുത്ത പുഴ
കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം
അവസാനം പറിച്ചെടുക്കുന്ന സൂര്യൻ
തുടച്ചു കളയുന്ന-
ബാക്കി വന്ന പോക്കുവെയിൽ
സഞ്ചിയിലേയ്ക്ക് സൂര്യൻ
പരക്കുന്ന ഒരോറഞ്ച് മണം
നടുവൊന്നു നിവർത്തി
പിന്നെ കുനിഞ്ഞു
മടക്കി വെച്ച പുഴ ചരിച്ചു
കുറച്ചു വെള്ളം കുടിക്കുന്ന
കടത്തുകാരൻ
ഒടുവിൽ മടക്കം
കൈയ്യിൽ സഞ്ചി
തോളിൽ വഞ്ചി
പുഴ കിടന്ന വഴിയെ
വീട്ടിലേയ്ക്ക് കുറുകെ
കടക്കുന്നു പിടയ്ക്കുന്ന മീനുകൾ
പിടയ്ക്കുന്ന നെഞ്ചു
അപ്പോഴും കടവിൽ
തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത
നിസ്സഹായത
ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ്
പുഴ ഇല്ലാത്ത കരയിൽ നിന്നും
തേങ്ങൽ കടന്ന്
അതാ ഒരു കൂവലുയരുന്നു ....
------------------------------------------------------

2 comments:

  1. എന്റെ ബ്ലോഗ്ഗിൽ മുട്ടിൽ ഇഴഞ്ഞു ഫേസ് ബുക്കിലെ സ്ലേറ്റിൽ എഴുതി മായ്ച്ചു കൊണ്ടിരുന്ന കവിത ഇതാ ആദ്യമായി ഒരു ബ്ലോഗ്ഗ് കൈ പിടിച്ചു നടത്തിക്കുന്നു ആദ്യമായി പിച്ച വയ്ച്ച കുഞ്ഞിന്റെ ആനന്ദം സ്നേഹം

    ReplyDelete
  2. പ്രിയകവീ ,

    വായിച്ചുകൊണ്ടേയിരിക്കുന്നു .... ഭാവനാസമ്പുഷ്ടമായ അനേകം
    കവിതകളിലൂടെ .ഇനിയും ഒരുപാടൊരുപാട് വായിക്കാൻ
    സാധിക്കണെ എന്ന പ്രാർത്ഥനയോടെ ....
    സ്നേഹപൂർവ്വം .

    ReplyDelete