Thursday, March 5, 2015

സില്‍‌വര്‍ ഓക്കുകളില്‍ നോക്കിയിരിക്കുന്ന / വിഷ്ണു പ്രസാദ്


അനങ്ങരുത് എന്ന് ആരോ തോക്കുചൂണ്ടിപറഞ്ഞത്
കേട്ടിട്ടെന്ന പോലെ
അത്ര അനക്കമറ്റ വൈകുന്നേരം

ഇലകളല്ല,
അഴിഞ്ഞ ശ്വാസകോശങ്ങളുമായി
വെള്ളത്തില്‍ മുങ്ങിനില്‍ക്കുകയാണെന്ന്
കാറ്റാടിമരങ്ങള്‍
അഭിനയിക്കുന്നു

ജലാന്തര്‍ഭാഗത്തിരുന്ന്
പൊങ്ങിക്കളിക്കുന്ന പായലുകളെയോ
ജലസസ്യങ്ങളെയോ നോക്കുന്ന
ഒരു പുതിയ ജന്തുവിനെപ്പോലെ
കാറ്റാടികളിലേക്കു തന്നെ
അവയുടെ നിശ്ചലതയിലേക്കു തന്നെ
ഞാന്‍ നോക്കുന്നു.

ശരീരകലകള്‍ക്കും വലിയ രക്തക്കുഴലുകള്‍ക്കുമിടയില്‍
ലോമികകളെന്ന പോലെ
മേഘങ്ങളുമായോ ആകാശവുമായോ
അദൃശ്യതയുമായോ
കാറ്റാടികളുടെ ഇലകള്‍
എന്തോ കൊടുക്കുകയും വാങ്ങുകയും
ചെയ്യുന്നുണ്ട്.

ഞാനതിലേക്ക് തുറിച്ചുനോക്കിത്തന്നെ
ഇരിക്കാറുണ്ട്
എല്ലാ വൈകുന്നേരങ്ങളിലും.

ഇന്നും ആ രഹസ്യം കണ്ടുപിടിച്ചുകളയും
എന്നാവുമ്പോഴേക്ക്
കാറ്റാടികള്‍ക്കിടയില്‍ നിന്ന്
എന്റെ കൃഷ്ണമണികളിലേക്ക്
ഒരിരുട്ട് തള്ളിത്തള്ളിവന്നു...
---------------------------------------

1 comment:

  1. അത്രയും വിജനമായി അനങ്ങാനാവാതെ
    സായാഹനത്തിലെയ്ക്ക് ഇലകളിൽ ശരീര കലകളിലൂടെ ഇരുട്ട് വീഴുന്നത്
    എത്ര സുന്ദരം ഒരു പാട് ചിത്രങ്ങൾ പ്രണയം മുതൽ മരണം വരെ

    ReplyDelete