Monday, March 2, 2015

ഉള്‍ക്ക / ജയദേവ് നയനാർ


ഒരു പൂവിറുക്കാന്‍ ഇത്രയൊക്കെ
കഷ്ടപ്പെടുന്നത് കാണുമ്പോഴാണ്
ഒരു പൂമ്പാറ്റയോട് അല്‍പ്പമെങ്കിലും
അസൂയ തോന്നിപ്പോവുന്നത്.
സ്വന്തം ഭാഷയില്‍ സ്വന്തമെന്ന്
എഴുതാന്‍ ഒരു കാറ്റ് അത്രകണ്ട്
വിഷമിക്കുന്നതുപോലെ.
വേരുകളെത്ര പടര്‍ന്നിട്ടും
ഭൂമിക്ക് അതിനെ അതിന്‍റെ
തണല്‍ച്ചുവട്ടില്‍
പിടിച്ചുനിര്‍ത്താനുള്ള വിഷമം പോലെ.
എത്ര വള്ളിയായിപ്പടര്‍ന്നിട്ടും
ആകാശത്തിന് കാറ്റിനെ
കൈയെത്തിപ്പിടിക്കും മുമ്പേ
നഷ്ടപ്പെടുന്നത് കാണുമ്പോഴാണ്.
.
പുഴ ഒഴുക്കു പഠിക്കാന്‍ പോകുന്ന
സ്കൂളില്‍ നിന്നേതോ കാരണം കൊണ്ട്
പുറത്താക്കപ്പെട്ടവരാണ്
നമ്മള്‍, ഞാനും നീയും.
ഞാനപ്പോഴും നിറഞ്ഞിട്ടുണ്ടായിരുന്നില്ല.
നീയാണെങ്കില്‍ കരകവിഞ്ഞും.
ഞാനാണെങ്കില്‍ നനഞ്ഞിട്ടുണ്ടായിരുന്നില്ല.
നീയാണെങ്കില്‍ നനഞ്ഞുകുതിര്‍ന്നും.
ഞാനാണെങ്കില്‍ പടര്‍ന്നിട്ടുണ്ടായിരുന്നില്ല.
നീയാണെങ്കിലോ വളഞ്ഞുപുളഞ്ഞ്.
എന്നിട്ടും, നമ്മളെന്തിനാണൊരുമിച്ച്
പുറത്താക്കപ്പെട്ടതെന്ന്.
ആകാശം ഒഴുക്കുമുറ്റിയാണ്
പിറക്കുന്നതുതന്നെയെന്ന് തന്നെയാണ്
നീയപ്പോള്‍ പറ‍ഞ്ഞുകൊണ്ടിരുന്നത്.
നമ്മള്‍, രണ്ടാകാശങ്ങള്‍.
ഒരേ സമയം രണ്ടാകാശങ്ങളുണ്ടാകുന്നത്
എങ്ങനെയാണെന്നു പറയാന്‍
നീ മറന്നതു തന്നെയാവും.
.
ആദ്യമായിട്ടാവും ആദ്യം
എന്തിനെങ്കിലും പിന്നിലാവുന്നത്.
ഒരു പൂവിറുക്കുമ്പോള്‍
നിന്നോടു ചോദിക്കുകയായിരുന്നു.
ആ പൂമ്പാറ്റയുടെ ചിറകിലെ
കടുത്ത നിറങ്ങള്‍ കണ്ടിട്ടുതന്നെ.
ആ പൂമ്പാറ്റയെ ആ പൂവില്‍ നിന്ന്
ഇറുത്തുകളയാനാണ്
എനിക്കു തോന്നുന്നത്.
ഭുമിയില്‍ നിന്നു നമ്മള്‍ പുറത്താക്കപ്പെട്ട
ദിവസമായിരുന്നു അന്ന്,
നീ ഓര്‍ക്കുന്നുണ്ടാവണം.
നീയിപ്പോള്‍ മുലകള്‍ കൊണ്ടാണ്
എല്ലാം ഓര്‍ക്കുന്നത്.
നിറം തേക്കാത്ത പൂമ്പാറ്റകള്‍.
ഇലകള്‍ പുഷ്പിക്കുന്ന കാട്.
ചോര വിയര്‍ക്കുന്ന ചുണ്ട്.
.
ഉടലുകളില്‍ നിന്നു നമ്മള്‍
പുറത്താക്കപ്പെട്ട അന്നായിരുന്നു
സ്വന്തം ഭാഷയില്‍ സ്വന്തമെന്ന്
എഴുതാന്‍ വിഷമിക്കുന്ന കാറ്റിനോട്
അത്രയും അസൂയ തോന്നുന്നത്.
ഞാനാണെങ്കില്‍ അതിനപ്പുറത്തേക്ക്
നോക്കിയിട്ടുണ്ടായിരുന്നില്ല.
നീ, ഉടലിനെ ഒരോര്‍മ പോലെ
അഴിച്ചുവയ്ക്കുകയായിരുന്നു.
ഞാനാണെങ്കില്‍ അതിനപ്പുറത്തേക്ക്
ഒന്നും കാണുന്നുണ്ടായിരുന്നില്ല.
നീയഴിച്ചുപേക്ഷിച്ച ഉടല്‍
ശരിക്കുമൊരു രൂപവുമില്ലാതെ
ചുളിഞ്ഞുമടങ്ങിയൊടിഞ്ഞ്.
കാറ്റുപേക്ഷിച്ച ഒരു വീശല്‍ പോലെ.
അപ്പോഴാണ് എനിക്കു നിന്നോട്
മുമ്പെങ്ങുമില്ലാത്ത
ഒരു അപരിചിതത്വം തോന്നുന്നത്.
ഉടലിനുടലിനോടില്ലാത്തതുപോലെ.

-------------------------------------

1 comment:

  1. നീയഴിച്ചുപേക്ഷിച്ച ഉടല്‍
    ശരിക്കുമൊരു രൂപവുമില്ലാതെ
    ചുളിഞ്ഞുമടങ്ങിയൊടിഞ്ഞ് മുമ്പെങ്ങുമില്ലാത്ത
    ഒരു അപരിചിതത്വം ജയദേവ് എന്താ എഴുത്ത്

    ReplyDelete