Sunday, February 26, 2017

പതിനേഴു വര്‍ഷങ്ങള്‍ / വിഷ്ണു പ്രസാദ്


പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്
ഒരു നാള്‍ നിന്റെയമ്മ നിന്നെയുമെടുത്ത്
ബസ്സിലിരിക്കുന്നു.
അമ്മത്തോളില്‍ കിടന്ന് നീ
അവ്യക്തമധുരങ്ങളായ ശബ്ദങ്ങളാല്‍ സംസാരിക്കുന്നു.
ഹൃദ്രോഗിയായ ഭാര്യയെ
ചികിത്സിക്കാന്‍ പണത്തിനു ഞെരുങ്ങുന്ന ഒരാള്‍
പിന്‍സീറ്റിലിരുന്ന് ആലോചിക്കുകയായിരുന്നു.
അയാളുടെ ഭാര്യ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ചതിനാല്‍
സര്‍ക്കാര്‍ ധനസഹായമാരാഞ്ഞ്
തിരിച്ചുവരികയായിരുന്നു മറ്റൊരാള്‍.
അങ്ങനെ ദുഃഖങ്ങളുടെയും ദുരന്തങ്ങളുടെയും
കൂടപ്പിറപ്പുകള്‍ മാതിരിയുള്ള മനുഷ്യര്‍
നിറഞ്ഞിരിക്കുന്ന വാഹനത്തിലാണ്
നിന്റെ മധുരശബ്ദങ്ങള്‍ നിറയുന്നത്.
പിന്‍സീറ്റിലെ ഒരമ്മയുടെ പാറിവരുന്ന മുടിയിഴകള്‍
നീ കുഞ്ഞുവിരലുകളാല്‍ പിടിച്ചു.
സ്വന്തം വേദനകളെല്ലാം മറന്ന്
അവര്‍ നിന്നെ നോക്കി ചിരിച്ചുകൊണ്ടിരുന്നു.
നിന്റെ ചുണ്ടില്‍ നിന്നു വീഴുന്ന
ശബ്ദങ്ങള്‍ പെറുക്കാന്‍ അവര്‍
കണ്ണും കാതും തുറന്നിരുന്നു.
മരണത്തെക്കുറിച്ച് ഓര്‍ത്തോര്‍ത്ത്
നെഞ്ചുകലങ്ങിയവള്‍ക്ക് നീ
ഒരു പുഞ്ചിരി നീട്ടി.
ഇലകളും പൂക്കളുമില്ലാതെ
കരിഞ്ഞുണങ്ങിയ മരം കണക്കായിരുന്നു അവള്‍.
നിന്റെ പുഞ്ചിരിത്തൊടലില്‍
പൊടുന്നനെ ഉടലാകെ പൂവിട്ട
അമ്മമരമായ് അവള്‍
അയാള്‍ക്ക് നിന്നെ കാണിച്ചുകൊടുത്തു.
അയാളും നിന്നെ നോക്കിയിരിക്കുന്നു.
ദില്ലിയില്‍ നിന്നും
നിന്റെ ഗ്രാമത്തിലെത്തും വരെ
ആ ബസ്സിനെ നിഷ്കളങ്കതയുടെ ഉരുവം കൊണ്ട്
ആഹ്ലാദിപ്പിച്ച്
നീ നിന്റെ അമ്മയുടെ തോളില്‍ കിടന്ന്
ഇറങ്ങിപ്പോകുന്നു.
പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം
അതുപോലൊരു ബസ്സില്‍ നീ
കൂട്ടരോടൊപ്പം ഒരു പെണ്‍‌കുട്ടിയെ
മാനഭംഗപ്പെടുത്തുന്നു.
അവളുടെ വസ്ത്രങ്ങള്‍
വലിച്ചുകീറുന്നു.
അവളുടെ യാചനകളെ
അവഗണിക്കുന്നു.
അവളുടെ ജനനേന്ദ്രിയത്തില്‍
കമ്പി കുത്തിയിറക്കുന്നു.
പ്രാണവേദനയില്‍ പിടയുമ്പോള്‍
അവളെ പിഴിഞ്ഞുകുടിക്കുന്നു.
ഒടുവില്‍
നഗ്നയും മരണാസന്നയുമായവളെ
റോഡിലേക്ക് വലിച്ചെറിഞ്ഞ്
നിന്റെ വാഹനം പോകുന്നു.
എന്റെ കുട്ടിക്കുറ്റവാളീ
ഈ പതിനേഴുവര്‍ഷങ്ങള്‍
നിന്നോട് എന്താണ് ചെയ്തതെന്ന്
ആ പഴയ ബസ്സിലെഹൃദ്രോഗിയായ സ്ത്രീ,
അവളുടെ ഭര്‍ത്താവ്,
വെള്ളപ്പൊക്കത്തില്‍ വീടും കൃഷിയും നശിച്ച ആ മനുഷ്യന്‍
എല്ലാവരും ഒരേ സ്വരത്തില്‍
നിന്റെ നിഷ്കളങ്കമായ മുഖത്തോട് ചോദിക്കുന്നു.
നിന്റെ ചുണ്ടുകളില്‍ നിന്ന് പൊഴിയുന്ന
അവ്യക്തമധുരമായ ശബ്ദങ്ങളില്‍
അതിന്റെ ഉത്തരമുണ്ടോ?
-----------------------------------------------------------------------------------

Friday, February 24, 2017

മാതാ ടൂറിസ്റ്റ് ഹോം / എം.ശബരീഷ്


ഒരു വഴിയുമില്ലാതാവുമ്പോഴും,
അപരിചിതത്വം ആവശ്യമുള്ളപ്പോഴും,
സ്വയം അപകടപ്പെടുത്തുമ്പോഴും,
ആരുടേയും കണ്ണിലകപ്പെടാതെ
മറ്റേതെങ്കിലും ശരീരത്തെ
ഒളിച്ചുകടത്തേണ്ടി വരുമ്പോഴും മാത്രമാണ്
ഒരു വാടക മുറിയെ
അല്ലെങ്കിലൊരു വീടിനെ
നിങ്ങൾക്കാവശ്യമായി വരാറ്...
ഒറ്റയ്ക്ക് കുറ്റകൃത്യങ്ങൾ ചെയ്യുകയും
കുമ്പസരിക്കുകയും
തോളിൽത്തട്ടി അഭിനന്ദിക്കുകയും ചെയ്യുന്ന
നിങ്ങളുടെ വിചിത്രശീലങ്ങൾ കൊണ്ട് മാത്രമാണ്
വാടകമുറി നിരന്തരമായി
നിങ്ങളുടെ ഭാവനയ്ക്ക് തൊട്ടടുത്ത് വരാറുള്ളത്
ഇത്രകാലമായി ശ്രദ്ധിച്ചിട്ടും
വിശ്വസിക്കാവുന്നവനായി
ബോധ്യപ്പെടുത്താൻ കഴിയാത്ത കാരണമാവാം
വാടകമുറി എപ്പോഴും നിങ്ങളുടെ
തിരിച്ചറിയൽ ആവശ്യപ്പെടുന്നത് .
വാടകമുറിയിൽ നിങ്ങൾ മറ്റൊരാളല്ലേ?
അടഞ്ഞ വാതിലിനുള്ളിലെ
നിങ്ങളെ
നിങ്ങളുടെതന്നെ ഭാര്യ,
മേലുദ്യോഗസ്ഥൻ,
സ്ഥിരം മീൻകാരൻ,
മകന്റെ ബെർത്ത് ഡേയ്ക്ക് പാട്ടു പാടിയ
സ്കേർട്ട്കാരി പെൺകുട്ടി,
അവളുടെ അമ്മ,
നിങ്ങൾക്ക് പണം തരാനുള്ളയാൾ,
നിങ്ങളുടെ കവിതയെ ഇഷ്ടപ്പെടുന്ന
മറ്റൊരു കവി,
നിങ്ങളുടെ വളർത്തുപൂച്ച,
നിങ്ങളുടെ തയ്യൽക്കാരൻ,
അയാളുടെ സൂചി.
റോഡിൽ നിങ്ങളുടെ ഡ്രൈവിംഗിനെ വിശ്വസിച്ച്
എതിരേ വരുന്നയാൾ,
തെറ്റിദ്ധരിക്കുന്ന അയൽക്കാർ
ആരെയും
നിങ്ങൾക്കൊന്നും വിശ്വസിപ്പിക്കാനേയില്ല.
നിങ്ങളുടേതു മാത്രമായത് എന്ന
വിശാലമായ വരാന്തയില്ലാത്ത
നിങ്ങളുടെ മാത്രം
ഇടുങ്ങിയ കുടുസ്സുമുറി
എന്നാലും
നിങ്ങൾക്കെന്തോ ഒളിപ്പിക്കാനുള്ളപ്പോഴാണ്
നിങ്ങൾ ധൃതിപ്പെട്ട്
മുറിയന്വേഷിച്ച് വരാറുള്ളത്.
ഒളിക്കാനൊന്നുമില്ലാഞ്ഞിട്ടും
പഴയൊരു പ്ലാസ്റ്റിക് ഷവറിനു കീഴിൽ
ഇത്രകാലമായും നിങ്ങളിങ്ങനെ
നനഞ്ഞു നിൽക്കുകയല്ലേ...
--------------------------------------------------------------------------

സ്വപ്നഭാഷണം തപാൽ മാർഗ്ഗം / കുഴൂർ വിൽസണ്‍


വേദനയുടെ സമുദ്രത്തിൽ
കരയറിയാതെ
ഒരൊറ്റക്കണ്ണൻ മത്സ്യമായി
താൻ നീന്തി നടക്കുന്ന
സ്വപ്നം കണ്ടതിന്റെ പിറ്റേന്ന്
അയാൾ പ്രണയിനിക്കെഴുതി
പാവപ്പെട്ടവനായ
മുക്കുവന്റെ വലയിൽ പെട്ട്
സ്നേഹമുള്ള മീൻ വിൽപ്പനക്കാരനിലൂടെ
ഊണുമേശയിൽ
നിന്റെ പ്രിയപ്പെട്ട ഭോജ്യമായി
എനിക്കെത്തണം
മത്സ്യക്കഷണങ്ങളുടെ
കൂട്ടത്തിൽ നിന്ന്
നിന്നെ ഞാനെങ്ങനെ തിരിച്ചറിയും
മറുപടിക്കത്തിൽ അവൾ ചോദിച്ചു
തപാൽ സമരം തീർന്നതിന്റെ
പിറ്റേന്ന്
പഴകിയടർന്ന്
പൊളിഞ്ഞുകീറിയ നിലയിൽ
അവൾക്ക് കിട്ടിയ കത്തിൽ
അടയാളത്തെപ്പറ്റി കുറിച്ചിരുന്നു
ഇങ്ങനെ
തുറന്നിരിക്കുന്ന
എന്റെ ഒറ്റക്കണ്ണ്
ഉറ്റുനോക്കുന്നത്
നിന്നെത്തന്നെയായിരിക്കും.
-----------------------------------------------------------

അവരുടെ മുഖങ്ങള്‍ ചേര്‍ത്തുചേര്‍ത്ത് വന്‍‌കരകള്‍ നിര്‍മിക്കുന്നു.../ വിഷ്ണു പ്രസാദ്


ഞാന്‍ ഒരു സ്ത്രീ
1973 നവംബര്‍ 27
മുംബൈ,ഇന്ത്യ:
എന്റെ പേര് അരുണാഷാന്‍ബാഗ്
ഞാന്‍ മുംബൈയിലെ
കിംങ് എഡ്വേഡ് മെമ്മോറിയല്‍
ആശുപത്രിയില്‍ നഴ്സ്.
ആശുപത്രിയില്‍ വസ്ത്രം മാറുന്നതിനിടെ
സോഹന്‍‌ലാല്‍ ഭര്‍ത്താ വാല്‍മീകി എന്ന തൂപ്പുകാരന്‍
ചങ്ങല കൊണ്ട് കഴുത്തുമുറുക്കി
എന്നെ ബലാല്‍‌സംഗം ചെയ്തു.
തലച്ചോറിലേക്ക് പ്രാണവായു എത്താതെ
എന്റെ കാഴ്ച്ചയും കേള്‍വിയും നശിച്ചു.
കഴിഞ്ഞ 41 വര്‍ഷങ്ങളായി
ഒരേ കിടക്കയില്‍
ഇതേ ആശുപത്രിയില്‍ കിടപ്പിലാണ്.
41 വര്‍ഷങ്ങള്‍...
എത്രയോ ഭരണകൂടങ്ങള്‍ വീണു
എത്രയോ കുഞ്ഞുങ്ങള്‍ പിറന്ന്
ചരിത്രത്തില്‍ ഇടം പിടിച്ചു.
നദികള്‍ വഴിമാറിയൊഴുകി.
പര്‍വതങ്ങള്‍ തല കുനിച്ചു
എന്റെ വാര്‍ഡിനു പുറത്ത്
വര്‍ണാഭമായ ലോകം
ചീറിപ്പാഞ്ഞു.
ഞാന്‍ ഒന്നുമറിയുന്നില്ല.
41 വര്‍ഷങ്ങള്‍
ആ ചങ്ങലയുടെ മുറുക്കത്തില്‍
നിശ്ചലമായി.
*
ഞാന്‍ ഒരു സ്ത്രീ
2013 നവംബര്‍
കിംബര്‍ലി
ഞാന്‍ ജനിച്ചിട്ട്
ആറ് ആഴ്ചയേ ആയിരുന്നുള്ളൂ
എന്റെ അമ്മയുടെ ആദ്യത്തെ കുഞ്ഞ്
ജനിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോഴേ
മരിച്ചുപോയിരുന്നു.
അമ്മ എന്നെ കിടക്കയില്‍ കിടത്തി
ടീവി കാണാന്‍ പോയതായിരുന്നു.
ഇരുപത്തിനാലു വയസ്സുള്ള
എന്റെ മാതൃസഹോദരന്‍
എന്നെ ജനല്‍ വഴി എടുത്തുകൊണ്ടുപോയി
വീടിന്റെ പിന്‍ഭാഗത്തുവെച്ച്...
നിലവിളി ബാക്കിയുണ്ടായിരുന്നതിനാല്‍
ശബ്ദം കേട്ട് ഓടിവന്ന
അമ്മയും അമ്മമ്മയും
ചോരയില്‍ കുളിച്ചുകിടന്ന എന്നെ
ആശുപത്രിയിലെത്തിച്ചു.
*
ഞാന്‍ ഒരു സ്ത്രീ
2001 നവംബര്‍ ദക്ഷിണാഫ്രിക്ക
എന്റെ പേര് ഷെപാങ്
വടക്കന്‍ കേപ്പിലെ ലൂയീസ് നല്‍‌വെഗ്
ആറാണുങ്ങള്‍ എന്നെ
കൂട്ടബലാല്‍ക്കാരം ചെയ്തു.
എനിക്ക് ഒന്‍പതുമാസം പ്രായമേ
ഉണ്ടായിരുന്നുള്ളൂ.
ലോകത്തെക്കുറിച്ച്
എനിക്കൊന്നുമറിയുമായിരുന്നില്ല.
വാക്കുകള്‍ ഉറച്ചിരുന്നില്ല
അമ്മേ എന്ന് വിളിക്കാന്‍ പോലുമായിരുന്നില്ല.
നടക്കാന്‍ പോലും തുടങ്ങിയിരുന്നില്ല.
*
ഞാന്‍ ഒരു സ്ത്രീ
2014 ജൂലൈ
തെക്കന്‍ മിഡ്നാപൂര്‍ ,പശ്ചിമബംഗാള്‍
ഏഴുവയസ്സുള്ള എന്നെ മൂന്ന് ആണുങ്ങള്‍
തട്ടിക്കൊണ്ടുപോയി ബലാല്‍‌സംഗം ചെയ്തു.
ആവശ്യം കഴിഞ്ഞ് കൊന്ന്
വഴിയരികിലെ വേപ്പുമരത്തില്‍
കെട്ടിത്തൂക്കി.
*
ഞാന്‍ ഒരു സ്ത്രീ
2014 മെയ്
ഉത്തര്‍ പ്രദേശിലെ
ഖത്ര ഷഹദത് ഗഞ്ച്
എനിക്ക് 14 വയസ്സാണ്.
ഞങ്ങളുടെ ഗ്രാമത്തില്‍
മിക്ക കുടുംബങ്ങള്‍ക്കും കക്കൂസുകള്‍ ഇല്ല.
ഞാനും 16 വയസ്സുള്ള എന്റെ ചേച്ചിയും
പ്രഭാതകൃത്യങ്ങള്‍ക്കു വേണ്ടി
പുറത്തേക്കു പോവുമ്പോള്‍
ഒരു കൂട്ടം ആളുകള്‍
ഞങ്ങളെ ബലാല്‍‌സംഗം ചെയ്തു.
ഗ്രാമത്തിലെ ഒരു മാവില്‍ ജീവനോടെ കെട്ടിത്തൂക്കി.
സ്ത്രീകളായി ജനിച്ചതായിരുന്നു
ഞങ്ങള്‍ ചെയ്ത കുറ്റം.
ഞാന്‍ നന്നായി പഠിക്കുമായിരുന്നു.
എന്റെ ഗ്രാമത്തിലെ ആണ്‍കുട്ടികളെപ്പോലെ
എനിക്ക് കോളേജില്‍ പോകണമെന്നുണ്ടായിരുന്നു.
പക്ഷേ...
.*
ഞാന്‍ ഒരു സ്ത്രീ
1988 നവംബര്‍ 22
ജപ്പാനിലെ മിസാറ്റൊ.
എന്റെ പേര് ജുങ്കോ ഫുറുത്തോ
എനിക്ക് 17 വയസ്സ്.
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് പോകും വഴി
എന്റെ പ്രായം വരുന്ന ഏഴ് ആണ്‍‌കുട്ടികള്‍
എന്നെ തട്ടിക്കൊണ്ടു പോയി.
അതിലൊരുത്തനായ കാമിസാകുവിന്റെ
അയാസെയിലെ വീട്ടില്‍
44 ദിവസം തടവില്‍ പാര്‍പ്പിച്ചു.
വീട്ടിലേക്ക് ഫോണ്‍ വിളിപ്പിച്ച്
ഒരു ചങ്ങാതിയോടൊപ്പമാണെന്നും
സുഖമായിരിക്കുന്നുവെന്നും പറയിപ്പിച്ചു.
44 ദിവസത്തിനിടയില്‍
400 തവണയെങ്കിലും ബലാല്‍‌സംഗം ചെയ്തു.
പരസ്യമായി സ്വയംഭോഗം ചെയ്യിച്ചു
സിഗരട്ട് ലൈറ്റര്‍ കൊണ്ട് ഗുഹ്യഭാഗങ്ങള്‍ പൊള്ളിച്ചു.
നെഞ്ചുമുഴുവന്‍ തുന്നല്‍ സൂചി കൊണ്ട് കുത്തിത്തുളച്ചു.
ജനനേന്ദ്രിയത്തിലും മലദ്വാരത്തിലും
ബോട്ടിലുകളും സിഗരട്ടുകളും
കോഴിയിറച്ചിയും കുത്തിത്തിരുകി.
ജനനേന്ദ്രിയത്തില്‍ ചുട്ടബള്‍ബ് ഇറക്കി
ജനനേന്ദ്രിയത്തില്‍ കത്രികയിറക്കി
മലദ്വാരത്തില്‍ കരിമരുന്ന് വെച്ച് കത്തിച്ചു.
പട്ടിണിക്കിട്ടു.
വിശന്നപ്പോള്‍ പാറ്റകളെ തീറ്റിച്ചു
ദാഹിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചു
വിരല്‍ നഖങ്ങള്‍ തകര്‍ത്തു
ഇടത്തേ മുലഞെട്ട് പ്ലയറുപയോഗിച്ച്
പിഴുതെടുത്തു.
കീഴ്ക്കാംതൂക്ക് കെട്ടിത്തൂക്കി
ഇടിച്ചിടിച്ച് ചോര വരുത്തി.
നാല്‍പ്പത്തിനാലാം ദിവസം
അംഗഭംഗം വന്ന ശരീരം
ഇരുമ്പു ബാര്‍ബെല്ലുകൊണ്ട്
അടിച്ചുതകര്‍ത്തു
രക്തമൊഴുകിക്കൊണ്ടിരുന്ന
കണ്ണുകളിലും കവിളുകളിലും
മെഴുതിരി കത്തിച്ചുവെച്ചു.
ശരീരം മുഴുവന്‍ കത്തുംദ്രവങ്ങളൊഴിച്ച്
കത്തിച്ചു.
55 ഗാലന്റെ ഡ്രമ്മില്‍ ശരീരം താഴ്ത്തി
കോണ്‍ക്രീറ്റ് നിറച്ച് ഉറപ്പിച്ചു.
കോട്ടോയിലെ ഒരു ഒഴിഞ്ഞ
ഫാക്ടറിയില്‍ ഉപേക്ഷിച്ചു.
*
ഞാന്‍ സ്ത്രീ
1989ഏപ്രില്‍ 19
ന്യൂയോര്‍ക്ക് പട്ടണത്തിലെ സെന്‍‌ട്രല്‍ പാര്‍ക്ക്
എന്റെ പേര് ട്രിഷ എലന്‍ മീലി.
എനിക്ക് 28 വയസ്സായിരുന്നു.
പാര്‍ക്കില്‍ രാത്രിനേരത്ത് ജോഗിങ് ചെയ്തുകൊണ്ടിരിക്കെ
അഞ്ചു ചെറുപ്പക്കാര്‍ എന്നെ ബലാത്സംഗം ചെയ്തു.
അതിനു ശേഷം അഞ്ചുപേരും ചേര്‍ന്ന്
കഴിയുന്നത്ര തല്ലി.
ശരീരം മുഴുവന്‍ മുറിഞ്ഞ്
രക്തമൊഴുകിക്കൊണ്ടിരുന്നു
തലയോട്ടി തല്ലിത്തകര്‍ത്തു.
ഇടതുകണ്ണ് നേത്രകോടരത്തില്‍ നിന്ന്
തെറിച്ചുപോയി.
മരണം വാരിപ്പുതയ്ക്കുന്ന തണുപ്പ്
എന്റെ ശരീരമറിഞ്ഞു
ഞാന്‍ മരിച്ചില്ല.
ഒടിഞ്ഞുതൂങ്ങിയ ശരീരവും
നഷ്ടപ്പെട്ട കാഴ്ചയുമായി ജീവിക്കുന്നു.
1945
ജര്‍മനി
--------
--------
1990
കുവൈത്ത്
--------
--------
1994
റുവാണ്ട
--------
--------
1995
ബോസ്നിയ
--------
--------
1998
കോങ്‌കോ
--------
--------
2002
ഇന്ത്യ
--------
--------
2014
ഇറാക്ക്
-------
-------
-------
-------
------------
* * * *
സൂം ചെയ്ത് സൂം ചെയ്ത് നാമെത്തുന്ന
ഭൂമിയുടെ ഓരോ പിക്സലിലും
പീഡിതയായ ഒരു സ്ത്രീയുടെ
കരഞ്ഞുകലങ്ങിയ
ഭയം നിറഞ്ഞ മുഖമുണ്ട്.
ഭൂമിയുടെ എല്ലാ കോശങ്ങളില്‍ നിന്നും
എല്ലാ നിമിഷങ്ങളില്‍ നിന്നും
അവര്‍ നിലവിളിക്കുന്നു
അവരുടെ മുഖങ്ങള്‍ ചേര്‍ത്തുചേര്‍ത്ത്
തിരിഞ്ഞുകൊണ്ടിരിക്കുന്ന ഈ ഭൂഗോളത്തിലെ
ഏഴു വന്‍‌കരകളും നിര്‍മ്മിച്ചിരിക്കുന്നു.
അവരുടെ കണ്ണുനീര്‍
കടലായ് നീലിച്ചുകിടക്കുന്നു.
--------------------------------------------------------------------------------------------------------------------------
World Hate women എന്ന മൂന്നു മിനിട്ട് വീഡിയോയ്ക്ക് ഒരു പ്രതികരണം/അനുബന്ധം.
യഥാര്‍ത്ഥ വാര്‍ത്തകളുടെ ഒരു കൊളാഷ്.വിവിധ ഇന്റെര്‍നെറ്റ് സൈറ്റുകള്‍ക്ക് കടപ്പാട് (2014 ആഗസ്റ്റ് )

Wednesday, February 22, 2017

അവനവന്‍കുരുതി / ജയദേവ് നയനാർ


ഈ ഏറ്റുപറച്ചിലൊക്കെ 
 കുറച്ചു നേരത്തെ
സംഭവിക്കേണ്ടതായിരുന്നു
ഓരോ കാരണം കൊണ്ട്
മാറിപ്പോയെന്നേ ഉള്ളൂ.
ഇത്തവണ ഏറെ നിറം കൊടുത്ത്
തന്നെ വരയ്ക്കണമെന്നും
വിചാരിച്ചു. അതിനു വേണ്ടി
കടുത്ത കുറെ നിറങ്ങള്‍
കരുതിവെച്ചിരുന്നു. സൂര്യനെ
പിഴിഞ്ഞ് ചെഞ്ചായം.
കാടരച്ചു പച്ചിലച്ചായം.
പുഴയരിച്ചു വെള്ള.
കടല്‍ കുഴച്ചു നീല.
അപ്പോഴെക്കുമല്ലേ, ഒരു
കാറ്റു വന്നു കൂടെപ്പോകാം
എന്ന് മുടിയഴിച്ചിട്ടത്.
വന്നേ തീരൂ എന്നൊരു
മഴ കരഞ്ഞു കലങ്ങിയത്.
പിടയ്ക്കുന്ന ദൂരങ്ങള്‍ വന്ന്
പുടവത്തുമ്പില്‍ കടിച്ചുനിന്നത്.
അവരോടെക്കെയും ഓരോന്ന്
പറഞ്ഞു നടന്നു നടന്നാലതാണ്
പ്രശ്നം. നമുക്ക് സ്വയം
പറയാനുള്ളത് മുഴുവന്‍
അതിന്റെ പാട്ടിനു പോകുമല്ലോ.
അതും കഴിഞ്ഞു, വീണ്ടും ഇത്തവണ
എറ്റുപറയാനുള്ളത്‌ മൊത്തം
പ്രസാദാത്മകമായി തന്നെ
പറയണമെന്നും വാശിയായി.
അതിനായി, ഒരു നാട്ടുപുള്ളിന്റെ
 ശബ്ദം കടമെടുത്തുവച്ചിരുന്നു..
ഒരു കാട്ടാറിന്റെ മെയ് വഴക്കം
നേരത്തെ അറിഞ്ഞുവച്ചു. .
 വിരലുകളില്‍ ഒരു മാന്‍പേടയുടെ
കാല്‌ക്കുതിപ്പ് നിറച്ചിരുന്നു.
അപ്പോഴെക്കുമല്ലേ, വീണ്ടും
ഒരു പുഴു വന്നൊരു ചിറക്
വച്ചുതരുമോ എന്നാരായുന്നത്.
ഒരു നിശാശലഭം വന്ന്
ചിറകില്‍ ചിത്രമെഴുതുമൊ
എന്ന് യാചിക്കുന്നത്‌.
ഒരു പുഴ അതിന്റെ ഒഴുക്ക്
തിരിച്ചു ചോദിക്കുന്നത്.
ഒരു മഴ അതിന്റെ തണുപ്പ്
തിരിച്ചെടുക്കുന്നത്.
കവിതയിങ്ങനെ കറുത്തുകെട്ടി
കാറിക്കരഞ്ഞു നില്‍ക്കുമ്പോഴേക്കും
നനഞ്ഞുകുതിര്‍ന്നുതുടങ്ങുന്നല്ലോ.
------------------------------------------------------------

Saturday, February 4, 2017

വീടൊതുക്കുമ്പോൾ / സെറീന


മരിച്ചവളുടെ വീട് ,
ഒരാൾക്കും ചെന്നെത്താനാവാത്ത ഒരു ഭൂഖണ്ഡമാണ്
ഉപ്പ് പാത്രം മുതൽ ഒളിപ്പിച്ചു വെച്ച ഡയറി വരെ .
അവളുടെ നോട്ടത്തിൽ മാത്രം തെളിയുന്ന വസ്തുക്കൾ
അവൾക്കു മാത്രം തുറക്കാനറിയുന്ന അടപ്പുകൾ
ജനാലപ്പുറത്തു അവളെന്നും തീറ്റുന്ന കാക്കകൾ
അവൾ മാത്രം കേൾക്കുന്ന ഒച്ചകൾ
അവൾക്ക് മാത്രമറിയുന്ന കൂട്ടുകൾ ,
തുള്ളിയിറ്റുന്ന ടാപ്പ് ,
കുടഞ്ഞു വിരിയ്ക്കുമ്പോൾ കിട്ടിയ
ഒറ്റക്കൊലുസ് ,
അടിച്ചുവാരുമ്പോൾ എടുത്തു വെച്ച കുഞ്ഞുസ്ലൈഡ്
നാളേയ്ക്കുള്ള മഞ്ഞ ടീഷർട് മുഷിഞ്ഞിട്ടാണെന്ന്
അവൾ മാത്രം കേൾക്കുന്നൊരു വേവലാതി
അവൾ മാത്രം കണ്ട നരകങ്ങൾ
കൂട്ടിയ തീയ് ,
വിരൽ കരിഞ്ഞിട്ടുമതിൽ നിന്നെടുത്ത പൂവുകൾ
പേര് കൊത്തിയ ചോറ്റുപാത്രം പോലെ
കാലഹരണപ്പെട്ട ഒരു ഹൃദയം
അവൾ പരത്തിയിട്ട വാക്കുകൾ
തനിച്ചുള്ള പറച്ചിലുകൾ
വിതറിയ മണങ്ങൾ
എത്ര ഒതുക്കിയാലുമൊതുങ്ങില്ലത്,
വാടകക്കുടിശ്ശിക തീർത്തു
അടക്കിയേക്കുക അവൾക്കൊപ്പം ആ വീട്
------------------------------------------------------------------