Friday, June 23, 2017

അന്ധയായ നിലാവിനെ കുറിച്ച് / ബൈജു മണിയങ്കാല

പതിവിലും ശാന്തമായിരുന്നു
ഇന്നലെ
നിലാവ്

മിഴിച്ചുവന്ന
പതിവിന്റെ
കുമിള

പൊട്ടുന്ന
അഞ്ച് ചുവന്ന പൊട്ടിട്ട
രാത്രി

ചതുരത്തിൽ വിടർന്നു
ചുവരിൽ
വൃത്തത്തിൽ
തെന്നിതെന്നി മാറുന്ന
ജാലകം

നക്ഷത്രത്തിലെയ്ക്ക്
നീളുന്ന
അതിന്റെ അദൃശ്യ
കേസരങ്ങൾ

സ്വകാര്യം പോലെ
കാണാതെ പോയ
ആകാശത്തിന്റെ
സുതാര്യത

ഒഴുകിപോകുന്ന
രാത്രിയുടെ
പുഴ

ഒന്നൂടി പോകണമെന്നുണ്ട്
ഇന്നലെയിലെയ്ക്ക്

കുമിളയിലൂടെ
പൊട്ടാതെ

തിരിച്ച്
എന്നെങ്കിലും
ഒഴുകിവന്നേക്കാവുന്ന
നാളെയിലൂടെ

പോകുന്നുമുണ്ട്
ജലത്തിന്റെ
ഓരത്തിലൂടെ
മണൽതരികളിൽ
മുത്തി
കാലടികൾ കൊളുത്തി

എത്താത്തതാണ്
നരയുടെ
പത പുതച്ചദൂരം കടന്ന്
വാർദ്ധക്യത്തിന്റെ ആനന്ദം

മരത്തിന്റെ കര
ഇലയുടെ തീരം
വെളുപ്പിന്റെ ആകൃതിയിൽ
പാതിശബ്ദമായി മാറിക്കഴിഞ്ഞ
ശംഖ്

കരയുടെയും
ജലത്തിന്റെയും
അറുപത്തിനാലു കളങ്ങൾ
ആറെന്നും
നൂറ്റൊന്നു എന്നും
രണ്ടുനിറങ്ങൾ

രാജാവ്തൊട്ട്
കാലാൾ വരെ
മാറ്റിയെഴുതപ്പെട്ട പഴങ്കഥ
പുഴയുടെ കരു
വസ്ത്രം നടത്തുന്ന നീക്കം
ആകാശത്തിന്റെ
ഇടവേള

അതാ
ചന്ദ്രന്റെ വിത്തുമായി
ഇന്നലെയിലെയ്ക്ക്
വീണ്ടും
പറന്നിറങ്ങുന്ന
നിലാവിന്റെ
അപ്പൂപ്പന്താടികൾ

നാളെയും
രണ്ടക്ഷരം മാത്രമുള്ള
നിലാവും
അവർ തിരയുന്ന
ഒരക്ഷരം

അതേ
പറയുന്നത്
ഇരുട്ടെന്ന ധൃതരാഷ്ട്രരെ കെട്ടി
കണ്ണ് മൂടിക്കെട്ടിയ
നിലയിൽ
എന്നും വിലാപം പോലെ
കാണപ്പെടുന്ന
ഗാന്ധാരി നിലാവിനെ
കുറിച്ച് തന്നെയാണ്!
---------------------------------------------

Saturday, June 17, 2017

ഒറ്റ / സ്മിതിൻ സുന്ദർ


ഒറ്റച്ചെരുപ്പ് 
അടയാളം ബാക്കി വെച്ച്
പുഴയുടെ വഴിയെ പോയൊരു
കളിക്കൂട്ടുകാരനുണ്ട്.
ഇന്നുമോരോ ഇടവത്തിലും
പുഴമുലകൾ ചുരത്തുന്നതവനെ
മടിയിൽ കിടത്തിക്കൊണ്ടാവണം .
അവനുറങ്ങിയിട്ടും നീ
പാട്ടു നിർത്തുന്നില്ലല്ലോ
ഒരു ചോറ്റ് പാത്രം
പൊന്തയിലേക്കെറിഞ്ഞ്
കല്ലുവെട്ടാംകുഴിയിൽ
കുന്നിമണി തേടി-
യിറങ്ങിയൊരു കൂട്ടുകാരിയുണ്ട്.
നിന്നെയോർത്തോരോ
മഞ്ചാടിമണിക്കും കണ്ണെഴുതിയൊരു
വഴിക്കണ്ണുമ്മറത്തുണ്ട്.
എണ്ണം തികഞ്ഞിട്ടും ,
നീമാത്രമെന്തേ തിരികെ വന്നില്ല. ?
അടുപ്പത്തൊരുകലം
പൊടിയരിക്കഞ്ഞി വെച്ചി-
ട്ടൊറ്റപ്പോക്ക് പോയൊരു ചിന്നയുണ്ട്.
കൊയ്ത്തു കാലമടുക്കുമ്പൊ-
ഴിന്നും പാടമൊരു പിടച്ചിലുണ്ട്.
മടയൊരുലച്ചിലുണ്ട് .
നിന്നെ രണ്ടാമത് കെട്ടിയ
ഒട്ടുമാവൊരു കുടച്ചിലുണ്ട്.
നീ പോയിട്ടും
വിള കൊയ്തിട്ടും
പാടത്തിന്നും നിന്റെ കൊയ്ത്തുപാട്ട്
നിലയ്ക്കുന്നില്ലല്ലൊ ചിന്നമ്മേ!
ഒറ്റകൾ,
അടയാളങ്ങൾ ബാക്കിവെച്ച്
പല വഴിക്ക് പോവുമ്പോൾ
കാലമേ !
ഒറ്റ ചുംബനം
കൊണ്ടീ നാടിന്റെയോർമ്മകളേ
നീയൊറ്റ് കൊടുക്കുക.

--------------------------------------------------

( കവിത ) എൽദോ മാമ്മലശ്ശേരി


വലിയൊരു ആള്‍ക്കൂട്ടത്തിലേക്ക്
വീഴുന്ന
നൂറുരൂപാ നോട്ടിന്
കലാപം ഉണ്ടാക്കാന്‍ കഴിയുന്ന
നാട്ടില്‍ നിന്നാണ്
ഞാന്‍ വരുന്നത്
അവിടെ,
വീട്ടിലേക്ക് ഓടിക്കയറുന്ന
പശുക്കിടാവിന്,
അടുക്കളയിലെ കറിക്ക്,
ഒരു പേരിന്,
എഴുത്തിന്,
പ്രതികരണങ്ങള്‍ക്ക്,
വിമര്‍ശനങ്ങള്‍ക്ക്,
മേവാത്തിലെ ബിരിയാണിക്ക്,
ദളിതന്‍റെ പൂവുകള്‍ക്ക്,
ദൈവങ്ങള്‍ക്ക്,
ചോദ്യങ്ങള്‍ക്ക്,
എല്ലാത്തിനുമിപ്പോള്‍
നിലവിളികളുടെ കുപ്പായമിട്ടുവരുന്ന
ഒരേ മുഖമാണ്
എല്ലാം ആകെ മാറിയിരിക്കുന്നു
ചങ്ങലക്കിട്ട കുറുക്കന്‍മാരുമായി
പതിവ് സവാരിക്കിറങ്ങുന്നവര്‍
അതിര്‍ത്തിയിലെ
പട്ടാളക്കാരെപ്പറ്റി
വേവലാതിപ്പെടുന്നുണ്ട്.
രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ്
കയ്യിലില്ലെങ്കില്‍
രാജ്യം വിടണം എന്നാണിപ്പോള്‍
പുതിയ കല്‍പ്പന
ഞങ്ങളിപ്പോള്‍
പട്ടം പറത്താറില്ല
ഉറക്കെ ചിരിക്കാറില്ല
പാട്ട് കേള്‍ക്കാറില്ല
ചുമരുകളില്‍ ചായം പൂശാറില്ല
ആടുകളെ കെട്ടഴിച്ചു വിടാറില്ല
വിശന്നു കത്തുമ്പോഴും
ഒരു പിടി അരി പോലും
കടം വാങ്ങാറില്ല
എന്തിന്,
ഒന്നുറക്കെ കൂവുക പോലും ചെയ്യാറില്ല
എങ്കിലും,
കലാപത്തില്‍ മരിച്ച
കുട്ടികളുടെ അമ്മമാരുടെ
ചുരത്താതെപോയ
മുലകളെപ്പറ്റി നമ്മള്‍
എന്തിനാണ്
മിണ്ടാതെ ഇരിക്കുന്നത്?
കാണാതെ പോയ
ആടുകകളെപ്പറ്റി
എന്തിനാണ്
ചോദിക്കാതിരിക്കുന്നത്?
പൊട്ടിത്തെറിക്കു തിരഞ്ഞെടുത്ത
പാലമല്ല നമ്മളെന്ന്
എന്തിനാണ്
ഉറപ്പിക്കാതിരിക്കുന്നത്?
മുദ്രാവാക്യങ്ങള്‍
തുന്നികൂട്ടിയ ബാനറില്‍,
തൂങ്ങി മരിച്ച
കൂട്ടുകാരന്‍, മകന്‍
നമുക്കുണ്ടെന്ന്
എന്തിനാണ്
മറന്നു പോകുന്നത്?
നിശബ്ദരായിരിക്കുക എന്നത്
വലിയ രോഗമാണെന്ന്
അയല്‍ക്കാരനോട്
എന്തിനാണ്
പറയാതെയിരിക്കുന്നത്?
വെളുത്തവന് മാത്രമായി
ഒരു ദൈവമില്ലെന്ന്
എന്തിനാണ്
എഴുതാതെയിരിക്കുന്നത്?
ചരിത്രം, അംഗീകരിക്കപ്പെട്ട
കെട്ടുകഥയല്ലെന്ന്
എന്തിനാണ്
മക്കളെ പഠിപ്പിക്കാതിരിക്കുന്നത്?
ഇന്നലെയും
അവർ ചോദിച്ചു,
ഹിന്ദുവോ അതോ മുസല്‍മാനോ?
ഞാന്‍ പറഞ്ഞു
ഞാനിന്ന്
രാജ്യദ്രോഹിയാണ്,
എനിക്ക് മനുഷ്യനെപ്പോലെ
വിശക്കുന്നു.
--------------------------------------------------

Wednesday, June 7, 2017

നിണമെഴുതിയത് / ഡോണ മയൂര


ഓരോ രാത്രിയുമിതള്‍കൊഴിയുമ്പോള്‍
നിന്റെ കള്ളങ്ങളെന്നെ ജയിക്കും.
താഴ്‌വാരത്തിലേക്കെന്നു പറഞ്ഞാ-
നയിച്ചതെന്നെ കുന്നിന്‍മുകളിലെ
കുരുതിക്കല്ലിലേക്കെന്നറിഞ്ഞിട്ടും,
കൂടെവന്നത്‌ നിന്റെ വാള്‍ത്തലപ്പിന്റെ
പളപളപ്പെന്റെകണ്ണില്‍
ഇരുട്ടുപടര്‍ത്തിയതിനാലല്ല.
എന്റെ കുരുതിക്കുശേഷവും
കള്ളംകൊണ്ടുനീ
ചുമന്ന കളമെഴുതണം.
പിന്നെ നിന്റെയാ കണ്ണില്‍ത്തെറിച്ച
ചോരയെന്റെ കണ്ണുനീരാല്‍ കഴുകണം.
ഇല്ലെങ്കില്‍, കളത്തിനുപിന്നില്‍
പിടയുന്ന ഉടല്‍, അറുത്തുമാറ്റപ്പെട്ട
ശിരസ്സിനോട്‌ പിടഞ്ഞുചേരുന്നത്‌
നിനക്കു കാണുവാനായെന്നുവരില്ല.
ഈ ജന്മത്തിലെ മുറിവുകള്‍ക്ക്‌
ക്ഷമിക്കാനും പൊറുക്കാനുംകഴിഞ്ഞത്‌
ഇനി അടുത്ത ജന്മത്തിലായെന്നും വരില്ല.
-----------------------------------------------------------

Saturday, June 3, 2017

നിഴലേ / സി . പി . ദിനേശ്

തിരിച്ചുപറയാന്‍ നിനക്കൊരു നല്ലവാക്കുപോലുമില്ല
നീളത്തില്‍ ചുരുങ്ങി ഞാന്‍ മാത്രം പറഞ്ഞിരിക്കുന്നു
നിഴലേ, നീയൊരു നിര്‍മ്മിതി മാത്രം

സൂര്യനുറങ്ങുന്ന തണുത്ത രാത്രിയില്‍
ആകാശക്കുന്നിലേയ്ക്ക്
നിലാവെനിക്കൊരു ഒറ്റയടിപ്പാതവെട്ടും
വായില്ലാക്കുന്നിലപ്പോള്‍ ഒരായിരം
വാക്കുകള്‍ മുളപൊട്ടും
തിരിഞ്ഞു നോക്കാതെ പെറുക്കിയെടുക്കട്ടെ 
ഒന്ന്, രണ്ട്..

ഞാന്‍ പറഞ്ഞ സ്വപ്നകഥയിലെവിടെയോ
ഇലഞ്ഞികള്‍ പൂക്കുന്നുണ്ടാകും .
---------------------------------------------------------------------