Saturday, June 17, 2017

( കവിത ) എൽദോ മാമ്മലശ്ശേരി


വലിയൊരു ആള്‍ക്കൂട്ടത്തിലേക്ക്
വീഴുന്ന
നൂറുരൂപാ നോട്ടിന്
കലാപം ഉണ്ടാക്കാന്‍ കഴിയുന്ന
നാട്ടില്‍ നിന്നാണ്
ഞാന്‍ വരുന്നത്
അവിടെ,
വീട്ടിലേക്ക് ഓടിക്കയറുന്ന
പശുക്കിടാവിന്,
അടുക്കളയിലെ കറിക്ക്,
ഒരു പേരിന്,
എഴുത്തിന്,
പ്രതികരണങ്ങള്‍ക്ക്,
വിമര്‍ശനങ്ങള്‍ക്ക്,
മേവാത്തിലെ ബിരിയാണിക്ക്,
ദളിതന്‍റെ പൂവുകള്‍ക്ക്,
ദൈവങ്ങള്‍ക്ക്,
ചോദ്യങ്ങള്‍ക്ക്,
എല്ലാത്തിനുമിപ്പോള്‍
നിലവിളികളുടെ കുപ്പായമിട്ടുവരുന്ന
ഒരേ മുഖമാണ്
എല്ലാം ആകെ മാറിയിരിക്കുന്നു
ചങ്ങലക്കിട്ട കുറുക്കന്‍മാരുമായി
പതിവ് സവാരിക്കിറങ്ങുന്നവര്‍
അതിര്‍ത്തിയിലെ
പട്ടാളക്കാരെപ്പറ്റി
വേവലാതിപ്പെടുന്നുണ്ട്.
രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ്
കയ്യിലില്ലെങ്കില്‍
രാജ്യം വിടണം എന്നാണിപ്പോള്‍
പുതിയ കല്‍പ്പന
ഞങ്ങളിപ്പോള്‍
പട്ടം പറത്താറില്ല
ഉറക്കെ ചിരിക്കാറില്ല
പാട്ട് കേള്‍ക്കാറില്ല
ചുമരുകളില്‍ ചായം പൂശാറില്ല
ആടുകളെ കെട്ടഴിച്ചു വിടാറില്ല
വിശന്നു കത്തുമ്പോഴും
ഒരു പിടി അരി പോലും
കടം വാങ്ങാറില്ല
എന്തിന്,
ഒന്നുറക്കെ കൂവുക പോലും ചെയ്യാറില്ല
എങ്കിലും,
കലാപത്തില്‍ മരിച്ച
കുട്ടികളുടെ അമ്മമാരുടെ
ചുരത്താതെപോയ
മുലകളെപ്പറ്റി നമ്മള്‍
എന്തിനാണ്
മിണ്ടാതെ ഇരിക്കുന്നത്?
കാണാതെ പോയ
ആടുകകളെപ്പറ്റി
എന്തിനാണ്
ചോദിക്കാതിരിക്കുന്നത്?
പൊട്ടിത്തെറിക്കു തിരഞ്ഞെടുത്ത
പാലമല്ല നമ്മളെന്ന്
എന്തിനാണ്
ഉറപ്പിക്കാതിരിക്കുന്നത്?
മുദ്രാവാക്യങ്ങള്‍
തുന്നികൂട്ടിയ ബാനറില്‍,
തൂങ്ങി മരിച്ച
കൂട്ടുകാരന്‍, മകന്‍
നമുക്കുണ്ടെന്ന്
എന്തിനാണ്
മറന്നു പോകുന്നത്?
നിശബ്ദരായിരിക്കുക എന്നത്
വലിയ രോഗമാണെന്ന്
അയല്‍ക്കാരനോട്
എന്തിനാണ്
പറയാതെയിരിക്കുന്നത്?
വെളുത്തവന് മാത്രമായി
ഒരു ദൈവമില്ലെന്ന്
എന്തിനാണ്
എഴുതാതെയിരിക്കുന്നത്?
ചരിത്രം, അംഗീകരിക്കപ്പെട്ട
കെട്ടുകഥയല്ലെന്ന്
എന്തിനാണ്
മക്കളെ പഠിപ്പിക്കാതിരിക്കുന്നത്?
ഇന്നലെയും
അവർ ചോദിച്ചു,
ഹിന്ദുവോ അതോ മുസല്‍മാനോ?
ഞാന്‍ പറഞ്ഞു
ഞാനിന്ന്
രാജ്യദ്രോഹിയാണ്,
എനിക്ക് മനുഷ്യനെപ്പോലെ
വിശക്കുന്നു.
--------------------------------------------------

1 comment: