Monday, September 30, 2019

ബാധ/വീരാൻകുട്ടി

പുതിയ വീട്ടിൽ പാർപ്പ് തുടങ്ങിയതും
ഉറക്കം എന്നെ കൈവിട്ടു.
കിടക്കേണ്ടതാമസം വീട് എന്നെയുമേറ്റി
ഒരു കളിവഞ്ചിയായി ഒഴുകിനടക്കുന്നു.
കണ്ണടയ്ക്കുകയേ വേണ്ടു
അനേകം കൈകൾ ഒരുമിച്ച്
അടിച്ചലക്കുന്നതിന്റെ ഒച്ച
കാതിൽ വന്നലയ്ക്കുന്നു.
എതോ മഴക്കാലത്ത് മുങ്ങിപ്പോയ കുഞ്ഞുങ്ങൾ
മീനുകളോടൊപ്പം പൊങ്ങിവന്ന്
കാലിൽ ഇക്കിളിയിടുന്നു.
പെണ്ണുങ്ങൾ മാറിടം ഒളിപ്പിക്കാൻ
ഓളങ്ങളെ റൌക്കയാക്കുന്നു
തോണിപ്പാട്ടിൽ ഞാൻ മുങ്ങുന്നു
നാവുനീട്ടിവരും ജലസർപ്പങ്ങളിൽനിന്ന്
നീന്തിയകലാനാകാതെ കുഴയുന്നു
ആരോ വീത വലയിൽ പിടയുംമീനായി
ആകാശം കാണുന്നു.
ഒടുവിലൊരുനാൾ
പനിച്ചുതുള്ളുന്ന പാതിരയ്ക്ക്
മരിച്ചുപോയ ഉമ്മാമ കനവിൽവന്ന്
അരയിൽ ഉറുക്ക് കെട്ടിത്തരുന്നതിനിടയിൽ പറഞ്ഞു:
“ഒലിച്ച് പൂതികെടാത്ത
ഒരു പൊഴ നിന്നെടത്താണല്ലോ മോനേ
ഇപ്പോളത്തെ നെന്റെ വീട്.”

Sunday, September 29, 2019

തിരച്ചിൽ/സെറീന

ആൾക്കൂട്ടത്തിൽ
കൈവിട്ടു പോയ കുഞ്ഞിനെ
ഓരോ ശ്വാസത്തിലും 
തിരഞ്ഞു കൊണ്ടിരിക്കും അമ്മ

ഏത് പാതിരാവിലും
ഓരോ ഇലയനക്കവും
അവന്റെ കാലൊച്ചയെന്നു
വിചാരപ്പെടും അച്ഛൻ

വീടവനെ തിരഞ്ഞു പോകും
കളിയിടങ്ങൾ, കൂട്ടുകാർ,
കാറ്റ് പോലും കാത്തു നിൽക്കും

പ്രാണനുരുകുന്ന തീയോടെ
തിരയുകയാണ്,
ഇരിപ്പിലും നടപ്പിലും
ഊണിനും ഉറക്കത്തിനുമിടയിൽ
വെറും ദിനങ്ങളുടെ
മണ്ണ്  മൂടിപ്പോയ ഒരാളെ, 
കാണാതെ പോയെന്ന് 
ആരുമറിയാത്ത ഒരുവളെ.

ഒരു വരി ഉള്ളിൽ  തേട്ടി വരുന്നേരം,
കാറ്റിൽ വരും മണങ്ങളിൽ നിന്നൊരു
കരച്ചിലിന്റെ നാരടർന്നു വീഴുമ്പോൾ 
അവളുണ്ടെന്നു തോന്നും

പഴകിത്തേഞ്ഞൊരു വാക്കിന്റെ
വക്കിൽ  വിരൽ തട്ടി  മുറിയുമ്പോൾ,
അടഞ്ഞു പോകുന്ന
നൂറാമത്തെ വാതിലിന് പുറത്ത്
ഒരൊറ്റ ചിരിയുടെ ഇതൾ കൊണ്ട് തീർത്ത
പൂക്കളം കാണുമ്പോൾ
അവളുണ്ടെന്നു തോന്നും

തിരച്ചിലിന്റെ വഴിയിലും
കാണാതാകലിന്റെ വഴിയിലും
തനിച്ച് നടക്കുന്നവരെ
ആരും കാത്തിരിക്കുകയില്ല

പറഞ്ഞു പറഞ്ഞു
ഓർമ്മകളായി  മാറിയ
നുണകളെ പോലെയാണ്
ചില ജീവിതങ്ങൾ
ഉണ്ടായിരുന്നതാണോയെന്ന്
ജീവിച്ചവർക്കു പോലുമറിയില്ല

മലയിടിഞ്ഞു
മറഞ്ഞു പോകും മനുഷ്യരിൽ നിന്ന്
തിരച്ചിലുകൾ കൊണ്ടുത്തരും
അവരില്ലാത്ത ബാക്കികൾ

കരുതലായെടുത്തു  വെച്ച നോട്ടിൽ
ജീരകം മണക്കുമ്പോലെ
ജീവിതം മണക്കുമായിരിക്കും,
കണ്ടുകിട്ടുമ്പോഴേക്കും
അസാധുവായിപ്പോകുമെങ്കിലും
തിരയുകയാണ്.

Thursday, September 19, 2019

ഭാഷാ നിരോധനം/റഹീം പൊന്നാട്

അങ്ങനെയിരിക്കെ
ഒരു പാതിരാത്രിയിൽ
അവർ ഭാഷ നിരോധിച്ചു.

ഇനിമുതൽ ഒറ്റ ഭാഷ മാത്രമേ പാടുള്ളൂ
തപാലാപ്പീസിൽക്കൊടുത്താൽ
പഴയ ഭാഷ മാറിക്കിട്ടും.

ഉറക്കമുണർന്ന ജനം പരക്കം പാഞ്ഞു.
എങ്ങും മൗനം മാത്രം.
അമ്മമാർ കുട്ടികളുടെ വായ പൊത്തിപ്പിടിച്ചു,
പ്രായമായവരുടെ വായിൽ തുണി തിരുകിവച്ചു.

അമ്പലത്തിലെ പാട്ടു നിന്നു,
പള്ളിയിലെ ബാങ്കും.
റേഡിയോയിൽ വീണവായന മാത്രം,
ടെലിവിഷനിൽ ആംഗ്യ വായനയും.
പത്രത്തിനു പകരം രാവിലെ
എട്ടു ഷീറ്റ് വെള്ളക്കടലാസു കിട്ടി.
കീബോർഡുകളെല്ലാം നിശ്ചലം,
മൊബൈൽ സ്‌ക്രീനിൽ ചിഹ്നങ്ങൾ മാത്രം.

തപാലാപ്പീസിലെ ക്യൂവിൽ ആരുമൊന്നും മിണ്ടിയില്ല.
ഒരാൾക്ക് ഒരുദിനം രണ്ടു വാക്കുകൾ മാത്രമേ നൽകൂവത്രെ!
ചിലർ ചാക്കുകണക്കിന് വാക്കുകൾ കൊണ്ടുവന്നിട്ടുണ്ട്.
വാക്കുകൾ നിറച്ച ബാഗും ചോറ്റുപാത്രവുമായി കുട്ടികളുമുണ്ട്.
അമ്മയെക്കൊടുത്തവർക്ക് 'മാം' കിട്ടി,
അച്ഛനെക്കൊടുത്തവർക്ക് 'ബാപും'
ചോക്ലേറ്റും ഗെയിമും മാറ്റാൻ വരിനിന്ന കുട്ടികളെ
കൗണ്ടറിൽ നിന്ന് മടക്കിയയച്ചു,
മലയാളം മാത്രമേ മാറ്റി നൽകുകയുള്ളത്രെ!
പകരം വാക്കുകളില്ലാത്തതിനാൽ
ബേജാറും എടങ്ങേറും മാറ്റിക്കിട്ടിയില്ല.
കത്തി മാറ്റാനെത്തിയവനെ ജനം ഓടിച്ചു വിട്ടു
കഞ്ചാവ് മാറ്റാനെത്തിയവനെ പോലീസു പിടിച്ചു.
വരിനിന്നു വാടിയ വൃദ്ധൻ തളർന്നുവീണു,
'വെള്ളം' ചോദിച്ച വായിലേക്ക് വെടിയുണ്ട പാഞ്ഞു.

കാഴ്‌ചകളൊക്കെക്കണ്ടു വീട്ടിലെത്തിയപ്പോൾ
മുറ്റത്ത് വാക്കുകളുടെ കൂമ്പാരം,
മാറ്റിവാങ്ങാനായി വീട്ടുകാർ പുറത്തെടുത്തിട്ടതാണ്.
പഴയതും പുതിയതും, ലിപികളില്ലാത്തതും.
തലയണയ്ക്കുള്ളിൽ നിന്ന് ഉപ്പ വലിച്ചെടുത്ത വാക്കുകൾ
എനിക്ക് മനസിലായതേയില്ല
ഉമ്മയുടെ കോന്തല നിറയെ
ഞാൻ കേട്ടിട്ടില്ലാത്ത വാക്കുകൾ.
ഇത്രമേൽ വാക്കുകൾക്കിടയിലാണ് അവൾ വെന്തിരുന്നതെന്ന്
അടുക്കളയിലേക്ക് ഭാര്യ പിടിച്ചുവലിച്ചപ്പോഴാണറിയുന്നത്!
മകളുടെ ബാഗ് നിറയെ ഗൃഹപാഠം ചെയ്യാനുള്ള വാക്കുകൾ,
മകന്റെ പെട്ടിയിൽ അക്ഷരങ്ങൾ സ്ഥാനം തെറ്റിയ കളിവാക്കുകൾ...

രണ്ടെണ്ണമേ മാറ്റിക്കിട്ടൂവെന്ന് അവരോടെങ്ങനെ പറയും?
വാക്കുകളുടെ കൂമ്പാരത്തിൽ ഞാനേറെ നേരം തെരഞ്ഞു.
ഒടുക്കം ഓരോ കയ്യിലും ഭാരമുള്ളതെന്തോ തടഞ്ഞു,
സർവശക്തിയുമെടുത്ത് ഞാനവയെ വലിച്ചു പുറത്തെടുത്തു;
"ജനാധിപത്യം", "നാനാത്വം".

ഓടിക്കിതച്ച് തപാലാപ്പീസിലെത്തുമ്പോൾ ഇരുട്ടിത്തുടങ്ങിയിരുന്നു.
എന്റെ കൈകളിലേക്ക് ഒന്നേ നോക്കിയുള്ളൂ,
കൗണ്ടറിലുള്ളയാൾ ഞെട്ടിയെണീറ്റു.
എന്റെ കൈകളിൽ നിന്ന് വാക്കുകൾ നിലത്തുവീണു.
ആരൊക്കെയോ ഓടിക്കൂടി
ചുറ്റും ബൂട്ട്സിന്റെ ശബ്ദങ്ങൾ
"കൊല്ലവനെ", "രാജ്യദ്രോഹി"
ബോധം മറഞ്ഞുപോകുന്നതിനിടയിലും
പകരമായിക്കിട്ടിയ രണ്ടുവാക്കുകൾ
ഭയത്തോടെ ഞാൻ കേട്ടു.

Thursday, September 12, 2019

രഹസ്യം/ചിത്ര.കെ.പി

നദിയുടെ നഗ്നതയിൽ
കാലാട്ടിയിരിക്കുകയും
ആഴങ്ങളിൽ നിന്നും
മീനുകൾ വന്ന് കൊത്തുകയും
ചൂണ്ടയിൽ നക്ഷത്രങ്ങളെ
കൊരുക്കുകയും
ചെയ്യുന്ന രാത്രികളിൽ
ഭൂമിയുടെ രഹസ്യങ്ങൾ
വെള്ളി വെളിച്ചത്തിൽ
തിളങ്ങും.

സ്വയം വെളിപ്പെടുമ്പോൾ
ഭൂമി, ഒരു കുഞ്ഞിന്റെ
കൈവെള്ളയിലൊതുങ്ങുന്ന
വെളിച്ചത്തിന്റെ ഒരു പന്ത്;
ജനവാതിലുകളില്ലാത്ത
തുറസ്സ്; കിളിച്ചുണ്ടിലെ വിത്ത്;
കാട്ടുതേനിന്റെ ഒരു തുള്ളി.

പൂമ്പൊടിയുടെ
സഞ്ചാരപാതകൾ
രേഖപ്പെടുത്തുന്നവർക്ക്, ഭൂമി,
ശലഭമോഹങ്ങളുടെ ഉദ്യാനം.

പകൽ സൂര്യനോടും
രാവിൽ നിലാവിനോടും
രമിക്കുന്ന
തൃഷ്ണകളുടെ ഉടൽ.

അഴിഞ്ഞഴിഞ്ഞ്
തീരുന്ന
ഒരു  ജീവകണം.

ഈ ഭൂമിയുടെ
അരികുകളിലൂടെ
നടന്നു മറയുന്നു മനുഷ്യർ.
ഉള്ളിൽ, അവരുടെ  
കാലടികളുടെ കനം.

Monday, September 9, 2019

മൗനം/കല്‍പ്പറ്റ നാരായണന്‍

മൗനപ്രാര്‍ത്ഥന
എനിക്കിഷ്ടമല്ല
മനസ്സലയുന്നത്
പാടില്ലാത്തിടങ്ങളിലാണ്

ഈ കൂട്ടമൂകാഭിനയം
പൊറുക്കാവതല്ല
നില്‍ക്കുന്നവരില്‍
ഒരാളും പ്രാര്‍ത്ഥിക്കുകയല്ല

ഇത്രമേലൊന്നിച്ച
ഇത്രമേല്‍ ഭിന്നിച്ച
ഒരു സമൂഹവും വേറെക്കാണില്ല

ആരെങ്കിലുമിരുന്നാലല്ലാതെ
തീരാത്ത ഈ അനിശ്ചിതത്വം
എന്നെ പേടിപ്പിക്കുന്നു
ആരുമിരുന്നില്ലെങ്കില്‍
നീണ്ടുനീണ്ടുപോവില്ലേയീനില്‍പ്പ്
ഒരു മിനിട്ട് രണ്ടു മിനിട്ട് അഞ്ചു മിനിട്ട്
അരമണിക്കൂറൊരുമണിക്കൂര്‍
ദിവസം മാസം കൊല്ലം
ബാക്കിജീവിതം മുഴുവന്‍

അവസാനിപ്പിക്കുന്ന മണി
ആരോ മൂകമാക്കിയിരിക്കുന്നു
തീര്‍ന്നിട്ടല്ല നാമിരിക്കുന്നത്
തീര്‍ന്നിട്ടും നാം നില്‍ക്കുകയാണ്