ആൾക്കൂട്ടത്തിൽ
കൈവിട്ടു പോയ കുഞ്ഞിനെ
ഓരോ ശ്വാസത്തിലും
തിരഞ്ഞു കൊണ്ടിരിക്കും അമ്മ
ഏത് പാതിരാവിലും
ഓരോ ഇലയനക്കവും
അവന്റെ കാലൊച്ചയെന്നു
വിചാരപ്പെടും അച്ഛൻ
വീടവനെ തിരഞ്ഞു പോകും
കളിയിടങ്ങൾ, കൂട്ടുകാർ,
കാറ്റ് പോലും കാത്തു നിൽക്കും
പ്രാണനുരുകുന്ന തീയോടെ
തിരയുകയാണ്,
ഇരിപ്പിലും നടപ്പിലും
ഊണിനും ഉറക്കത്തിനുമിടയിൽ
വെറും ദിനങ്ങളുടെ
മണ്ണ് മൂടിപ്പോയ ഒരാളെ,
കാണാതെ പോയെന്ന്
ആരുമറിയാത്ത ഒരുവളെ.
ഒരു വരി ഉള്ളിൽ തേട്ടി വരുന്നേരം,
കാറ്റിൽ വരും മണങ്ങളിൽ നിന്നൊരു
കരച്ചിലിന്റെ നാരടർന്നു വീഴുമ്പോൾ
അവളുണ്ടെന്നു തോന്നും
പഴകിത്തേഞ്ഞൊരു വാക്കിന്റെ
വക്കിൽ വിരൽ തട്ടി മുറിയുമ്പോൾ,
അടഞ്ഞു പോകുന്ന
നൂറാമത്തെ വാതിലിന് പുറത്ത്
ഒരൊറ്റ ചിരിയുടെ ഇതൾ കൊണ്ട് തീർത്ത
പൂക്കളം കാണുമ്പോൾ
അവളുണ്ടെന്നു തോന്നും
തിരച്ചിലിന്റെ വഴിയിലും
കാണാതാകലിന്റെ വഴിയിലും
തനിച്ച് നടക്കുന്നവരെ
ആരും കാത്തിരിക്കുകയില്ല
പറഞ്ഞു പറഞ്ഞു
ഓർമ്മകളായി മാറിയ
നുണകളെ പോലെയാണ്
ചില ജീവിതങ്ങൾ
ഉണ്ടായിരുന്നതാണോയെന്ന്
ജീവിച്ചവർക്കു പോലുമറിയില്ല
മലയിടിഞ്ഞു
മറഞ്ഞു പോകും മനുഷ്യരിൽ നിന്ന്
തിരച്ചിലുകൾ കൊണ്ടുത്തരും
അവരില്ലാത്ത ബാക്കികൾ
കരുതലായെടുത്തു വെച്ച നോട്ടിൽ
ജീരകം മണക്കുമ്പോലെ
ജീവിതം മണക്കുമായിരിക്കും,
കണ്ടുകിട്ടുമ്പോഴേക്കും
അസാധുവായിപ്പോകുമെങ്കിലും
തിരയുകയാണ്.
No comments:
Post a Comment