Friday, October 17, 2014

റേഡിയേഷൻ കഴിഞ്ഞ് ബാക്കിനിൽക്കുന്നത് (ഒരു ചെറുകഥാകവിത) /നിരഞ്ജൻ T G,


ആർ.സി.സിയിൽ നിന്ന്
നാലാമത്തെ കീമോ കഴിഞ്ഞ
രമണീദേവി.സി.കെയെ
പത്താം ക്ലാസിലെ മൈസൂർ എസ്കർഷന്
പ്രകൃതിരമണി എന്നു കമന്റടിച്ച
കാഞ്ഞിരത്തിങ്കലെ പ്രഭാകരൻ
തിരുവനന്തപുരം സെൻട്രലിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിൽ
യാദൃച്ഛികതയിൽ കവിഞ്ഞ്
അസാധാരണമായി ഒന്നുമില്ല

ശ്വാസകോശങ്ങളിലൊന്ന്
മെഡിക്കൽ കോളേജിൽ മുറിച്ചിട്ടുപോന്ന
കാഞ്ഞിരത്തിങ്കൽ പ്രഭാകരനെ
പോൾവാൾട്ട് മത്സരത്തിന്റെ നേരത്ത്
വേലിചാടി പ്രഭാകരൻ എന്നു കളിയാക്കിയ
രമണീദേവി.സി.കെ
തിരുവനന്തപുരം സെൻട്രലിലെ
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ കണ്ടുമുട്ടുന്നതിലും
യാദൃച്ഛികതയിൽ കവിഞ്ഞ്
അസാധാരണമായി ഒന്നുമില്ല

അസാധാരണമായി സംഭവിച്ചത്
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ
കുളക്കാട്ടുശ്ശേരി എസ്.എം.എം.ഹൈസ്കൂളിലെ
യൂത്ത് ഫെസ്റ്റിവൽ സ്റ്റേജ്
പെട്ടെന്ന് ഉയർന്നുവന്നു എന്നുള്ളതാണ്
ഉൾക്കടൽ സിനിമയുടെ സെറ്റിട്ടപോലെ
മുളങ്കൂട്ടവും പുഴയും വരച്ചിട്ട പശ്ചാത്തലം
നിവർന്നുവന്നു എന്നുള്ളതാണ്
“നിൻ ചുടുനിശ്വാസധാരയാം വേനലും
നിർവൃതിയായൊരു പൂക്കാലവും”
എന്ന് മുടിനീട്ടിയ പ്രഭാകരൻ
പ്രകൃതിരമണിയോട് ഫ്ലാഷ്ബാക്കിൽ പാടി
എന്നുള്ളതാണ്

അപ്പോൾ
രമണീദേവി.സി.കെയുടെ
കരിഞ്ഞ മാറിടങ്ങളിലെ
ഇല്ലാത്ത ഉയർച്ചതാഴ്ചകളിൽ
ഇടിച്ചുനിരത്തിയ മയിലാടിക്കുന്നിന്റെ നെറുകയിലെന്നപോലെ
അലഞ്ഞുവയ്യാതായ ഒരു കാറ്റ് നിന്ന് കിതച്ചു
ഉറവമുറിഞ്ഞ ഒരു കാട്ടുചോലക്കരച്ചിൽ നനഞ്ഞു

അപ്പോൾ
കാഞ്ഞിരത്തിങ്കൽ പ്രഭാകരന്റെ
പാതിയിടമൊഴിച്ചിട്ട നെഞ്ചിലെ
പകുതി മുറിഞ്ഞ ശ്വാസം
ഇഴുകിയ ബീഡിക്കറയുള്ള
കരിഞ്ഞ ചുണ്ടുകളിൽ
പി.കെ.സ്റ്റീൽസിന്റെ പുകക്കുഴലിലൂടെയെന്നപോലെ
ഇരുമ്പൊച്ചയുള്ള ഒരു നെടുവീർപ്പായി പൊള്ളിനിന്നു
ഉച്ചരിക്കപ്പെടാത്ത ഒരു വാക്കായി പുകഞ്ഞു

അപ്പോൾ
ഒരു തീവണ്ടിയെക്കൊണ്ട് ആവുംവിധമൊക്കെ
തൊഴുതുമടങ്ങുന്നു പിന്നെയും പിന്നെയും എന്ന്
രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ പുറപ്പെടാൻ നിൽക്കുന്ന
അമൃതാ എക്സ്പ്രസ്സും അഭിനയിച്ചുകൊണ്ടിരുന്നു

No comments:

Post a Comment