Saturday, October 18, 2014

അരണവാല്‍ മോതിരം / ലതീഷ് മോഹൻ




എല്ലാദിവസവും രാവിലെ
ആനയെ കാണാന്‍
പോകുമായിരുന്ന കുട്ടി
വളരെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍
വീണുകിട്ടിയ
ആനവാലുമായി തിരിച്ചുപോകുമ്പോള്‍

ആളുമനക്കവും അരണ്ടവെളിച്ചവും
തീര്‍ന്നതിന് ശേഷമൊരിടവഴിയില്‍
വാലില്‍ കുത്തനെ നില്‍ക്കുന്നു
അരണകള്‍
ഒന്നേ രണ്ടേ എന്ന് വരിവരിയായി

കുട്ടി നില്‍ക്കുന്നു
നിന്നോര്‍ത്തു നോക്കുന്നു
ആനവാലില്‍ ഇനിയെന്തിന് മോതിരം
തുമ്പിക്കയ്യില്‍ പണ്ടൊരാളെ
ചുറ്റിയെടുത്തതിനര്‍ഹിച്ച കാലം
മോതിരവിരലില്‍
കഴിഞ്ഞുപോയിക്കാണില്ലേ
ആരോട് തീര്‍ക്കാനാണ്
ആനവാലിലിനിയും മോതിരം

എത്രയലക്ഷ്യം
എത്രഅനേകായിരം
അരണകള്‍
എന്തഹങ്കാരം ഇവറ്റകള്‍ക്കി,
വയില്‍ നിന്നും വേണ്ടയോ
മോതിരം -
കുട്ടി ഞെട്ടുന്നു
മിടുക്കന്‍ നീയെന്ന്
സ്വയം തോളത്ത് തട്ടുന്നു

ഒന്നേ രണ്ടേ എന്നടുക്കിവച്ച തടികള്‍
ഒന്നൊന്നിലേക്ക് മറിയുംപോലെ
അരണകള്‍ പരസ്പരം നോക്കി
കുട്ടിയെ നോക്കി
മുന്നോട്ട് നടക്കുന്നു
ഓരോ അടിയിലും
കുറേശ്ശെ കുറേശ്ശയായി മറക്കുന്നു

അധികമകലെയല്ല
നമ്മുടെ കുട്ടി ഇപ്പോള്‍
കുറേനേരം കൂടി ഇതേ തത്വം
അവനിലോടിയാല്‍
നിശ്ചയം അടുത്തചന്തയ്ക്ക്
നമ്മള്‍വാങ്ങിവെയ്ക്കും
അരണവാല്‍ മോതിരം

No comments:

Post a Comment