Thursday, October 16, 2014

ഒരിക്കലുമെഴുതാതെയിരിക്കുന്ന കവിത ഒന്നെങ്കിലുമുണ്ടാവുമായിരിക്കും/ജയദേവ് നയനാർ


വെളിമ്പറമ്പിൽ, പൊന്തക്കാട്ടിൽ
വച്ചേ ഉണ്ടു പരിചയം.
രണ്ടു കുറ്റിച്ചെടിക്കപ്പുറം അനക്കം.
ഏതു പുലിയാണു കാട്ടിൽ.
ചിലപ്പോൾ പുലിയാവാറുണ്ട്,
പൂച്ചയാണ് സ്ഥിരം വേഷം.
സംസാരിക്കുന്ന പുലിയോ,
എന്തെടുക്കുകയാണെടീ നീയവിടെ.
നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതു തന്നെ.
ഞാനീവിടെ കവിതയെഴുതുകയാണ്.
എങ്കിൽ ഞാനുമതു തന്നെ.
കവിതയിപ്പോൾ പല്ലുകൊട്ടാരം വിട്ട്,
അക്കാദമികൾ വിട്ട് എഴുത്തുമേശ വിട്ട് കിടപ്പറ വിട്ട്
വെളിമ്പറമ്പിലെത്തിയെന്നോ.
ആർക്കും താൽപ്പര്യമുണ്ടാവില്ലേ
അവനവൻ തനിച്ചാവുന്ന ഏകാന്തത.
കവിത തൊഴിലിടം വിട്ട്, പോർനിലം വിട്ട്,
ചോരച്ചാലുപേക്ഷിച്ച്, ഉടൽവിട്ട് വന്നുവോ.
ആവും.
ആവും, നീയെത്രവരിയെഴുതി.
ഞാൻ നാല്. നീയോ.
ഞാനെൻറെ രണ്ടാമത്തേത്
ആയിട്ടേയുള്ളൊ.
(ചിരി).
എന്തായിത്ര ചിരിക്കാൻ.
നിനക്കെന്താണ് വേണ്ടത്. നിൻറെ
അർബൻ എലീറ്റ് ഓക്സ്ഫഡ് ഫെഡ്
ഉപമകളോ ജീൻസ് ക്ലാഡ് അലങ്കാരമോ
ബോഡി ഇൻസ്റ്റിങ്റ്റ് ബിംബങ്ങളോ.
എനിക്കു വേണ്ടത് ഒരു മൊന്ത
വെള്ളമാണ്. ഇവിടെ തട്ടിമറിഞ്ഞു.
.
കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്
പിന്നേയുമൊരുപാടു തവണ.
ഒരു പൊന്തക്കാടിനിരുപുറം.
ഒരു മൊന്തയുടെ വക്കിനിരുപുറം.
.
നീയേതു പൊന്തക്കാട്ടിലാണ്.
തല പൊക്കിനോക്ക് ആമാശയത്തിൻറെ
ആശയകാലുഷ്യത്തിൽ നിന്ന്.
എവിടെ. ആകാശത്ത്.
പാതി ആകാശത്തും പാതി ഭൂമിയിലും.
എവിടെ.
തല പൊക്ക്. ഒരിക്കലെങ്കിലും.
കാടു കാണരുത്, മരമരുത്,
ഇലയും ഉപേക്ഷിക്ക്.
കിളിയുടെ കണ്ണിൽമാത്രം നോക്ക്.
നീയിപ്പോൾ മരത്തിൽത്തൂങ്ങിയാടിയും
കവിതയെഴുതാൻ തുടങ്ങിയോ.
എഴുതിയെഴുതി ആകാശമായതാണ്.
എങ്കിൽ നക്ഷത്രമാവാത്തതെന്ത്.
അതിനീ കയറുണ്ടോ സമ്മതിക്കുന്നു.
വൈരാഗിയാവേണ്ടതുണ്ടോ.
(മൗനം).
അടുത്ത കാറ്റിൽ വീണുപോവുമെന്നു തോന്നും.
പഴുത്തുവരുന്നതേയുള്ളൂ.
ഞെക്കിപ്പഴുപ്പിച്ചതാണ്.
അത്രയും പഴുപ്പ് താങ്ങിക്കാണില്ല.
.
ഒരു മൊന്ത വെള്ളം മാത്രമുണ്ട്
ഒരു കടം, വീട്ടാനാവാതെ.
എഴുതിത്തള്ളണം.


No comments:

Post a Comment