Wednesday, October 15, 2014

ഭൂപടം / ഉമാ രാജീവ്


എന്റെ നഗ്നതയെ
ഒരു ഭൂപടംപോലെ ഞാന്‍ വായിക്കുന്നു
കേട്ടറിഞ്ഞവയെ തൊട്ടറിയുന്നു

എത്തിച്ചേരാനുള്ള
ആകാശ,കടല്‍,കാല്‍
മാര്‍ഗ്ഗങ്ങളില്‍ വിരലോടിക്കുന്നു.
അതിര്‍ത്തിതര്‍ക്കങ്ങളില്‍ ആകുലമാകുന്നു

ഒരു കലാപത്തിന്റേയും പുകയും പൊടിയും പാറാതെ
അതിങ്ങനെ നിവര്‍ന്ന് കിടക്കുന്നു,
ചുരുണ്ടിരിക്കുന്നു.

ചുരുട്ടിവച്ച ഓരൊ ഭൂപടത്തിലും
ലോകം സാമാന്യമായി അംഗീകരിച്ച
അടയാളങ്ങളുണ്ട്.

അടയാളങ്ങളാല്‍ അപഭ്രംശം സംഭവിച്ച
ഒരു ദേശം /ജനത ,
നിലനില്‍ക്കുന്നില്ല എന്നുള്ളതിനുള്ള അടയാളം തേടുന്നു.

ഉപേക്ഷിക്കാന്‍ ആദ്യമായി അത്
സ്വന്തമാക്കണം എന്ന തിരിച്ചറിവില്‍
ആ ഭൂപടത്തില്‍ എന്റെ വീട് കണ്ട് പിടിക്കുന്നു.

ഓരൊ പുലര്‍ച്ചയിലും ഞാന്‍ എന്റെ വീട് വിട്ടിറങുന്നു
അതേ സന്ധ്യകളില്‍
പരിചിതമായ വഴിയടയാളങ്ങള്‍ കണ്ട്
ഭൂപടം ഭൂമിയുടെ യഥാര്‍ത്ഥമാതൃകയല്ലെന്നു സ്ഥാപിച്ച്
ഇരുട്ട് കൊണ്ട് ചമച്ച ഗോളത്തില്‍
അത് പൂര്‍ണ്ണമാക്കാന്‍ ശ്രമിക്കുന്നു


No comments:

Post a Comment