Saturday, November 22, 2014

നീയില്ലാതെ ജീവിതം ശീലിക്കുന്നതിനെക്കുറിച്ച് / സുധീർ രാജ്


തലതിരിച്ചിട്ട ടീ ഷർട്ടുകൾ
ബട്ടണില്ലാത്ത ഉടുപ്പുകൾ
കുട്ടിക്കാലമില്ലാതെ വൃദ്ധരായവരേപ്പോലെ
പ്രഭാതവും നട്ടുച്ചയും വരാതെ
രാത്രിയാകുന്ന പകലുകൾ .

ഒഴിഞ്ഞ കുപ്പികളിലെല്ലാം
നിന്റെ വഴക്ക് നിറച്ചു വെച്ചിരിക്കുന്നു
പുള്ളിക്കുത്തു വീണ കണ്ണാടിയിൽ
നീയൊട്ടിച്ച പൊട്ടുകൾ ,
ഞാൻ വീണുപോയപ്പോഴൊക്കെ
നീ തന്നയുമ്മകൾ.
പാല് പാത്രത്തിലിട്ടാ പച്ചക്കറി കഴുകിയത്
ചട്ടീലിട്ട മീൻ വെട്ടാൻ വയ്യ
തുറിച്ച കണ്ണിലെല്ലാം
നീയില്ലാത്ത ഞാൻ .
ഗ്യാസ് ഓഫ് ചെയ്യാൻ മറന്നു പോയി .
നിന്നോടാദ്യം പിണങ്ങിയ ദിവസം പോലെ
ഓഫീസിലിരുന്നു വിയർക്കുകയായിരുന്നു .
എന്നിലിങ്ങനെ വീർപ്പു മുട്ടി
നീ പൊട്ടിത്തെറിക്കുന്നത്
ഞാൻ പൊട്ടിത്തെറിക്കുന്നത്
നമ്മുടെ വീട്
അവൻ .
നീ പോയ ദിവസം
നിന്റെയോരോ ദൈവവും
എന്റടുത്തു വന്നു പതം പറഞ്ഞു കരഞ്ഞു
ചുവരിൽ നിന്നവരെല്ലാമിറങ്ങിപ്പോയി .
ഞങ്ങൾക്കാരുമില്ലേയെന്ന് നിലവിളിച്ച്
അപ്പൂപ്പനുമമ്മൂമ്മയും അച്ഛനും
ഓർമ്മേന്നിറങ്ങിപ്പോയപ്പോഴാണ്
പണ്ട് മറന്നിട്ട ഉറക്കഗുളികയുടെ
ഡപ്പി ഞാൻ തിരഞ്ഞത് .
ആരുമില്ലാതെ
ഭൂമിയിലൊറ്റയ്ക്ക് നിൽക്കുക
അവനിലേക്കുള്ളയെന്റെ
നക്ഷത്രസന്ദേശമത്രയും
നീയെന്ന തമോഗർത്തത്തിലേക്കടിയുക.
(എത്ര മേൽ മറക്കിലും
അത്രമേൽ തറഞ്ഞു
ഭയത്തിൻ കുരിശേറുക)
നീയില്ലാതെ ജീവിതം ശീലിക്കുന്നതിനെക്കുറിച്ച് ,
നിന്റെ കൈത്തണ്ടയിലെ
പതിനൊന്നു കുത്തിക്കെട്ടുകൾ
പതിനൊന്ന് താജ് മഹലുകളാണ്.
തീപ്പുഴയ്ക്കിപ്പുറം നീയെന്ന തടവിലിരുന്ന് ...
കിളിവാതിലിലൂടെ ഞാൻ കാണുന്ന
താജ് മഹലുകൾ.
-----------------------------------

No comments:

Post a Comment