Monday, November 10, 2014

നനയുക, ഈ മഴ നനയുക / ഡി. വിനയചന്ദ്രന്‍


തോരാതെ പെയ്യുമീ വര്‍ഷം, നമുക്കിനി-
തീരാതെ കൊള്ളാം തിരിക്കു പ്രിയേ
ആരോരുമില്ലാത്തൊരാറ്റുവക്കില്‍, കാറ്റു-
താലോലമോലുന്നൊരാറ്റുവക്കില്‍
നിന്നെപ്പിടിച്ചു ഞാനുമ്മവയ്ക്കുമ്പൊഴീ
പുന്നപ്പടര്‍പ്പിലും പൂരമേളം
പണ്ടു നാം മേഘങ്ങളായിരുന്നോ
സന്ധ്യാസമുദ്രത്തിലായിരുന്നോ
ചന്ദനക്കാറ്റേറ്റുവന്നിരുന്നോ
ചെമ്പകക്കാവിലും ചെന്നിരുന്നോ
ആടും മയിലിന്റെയാട്ടമായോ
ആനന്ദതാണ്ഡവക്കൂത്തുമായോ

തോരാതെ നമ്മള്‍ക്കു നിന്നു പെയ്യാം
തീരാതെ നമ്മള്‍ക്കു നിന്നു കൊള്ളാം.
കാടായ നമ്മളീക്കാട്ടിലെങ്ങും
കാലാന്തകന്‍ നിന്നുപെയ്തിടുന്നു
നാടായ നമ്മളീ നാട്ടിലെങ്ങും
നാരായണന്‍ തുള്ളിനിന്നിടുന്നു
വേരായ നമ്മളും വെള്ളമത്രെ
താരായ നമ്മളും വെള്ളമത്രെ
ഇന്നു ഞാന്‍ നിന്നില്‍ നിറഞ്ഞിടുന്നു
ഇന്നു നീ എന്നില്‍ നിറഞ്ഞിടുന്നു
പുണ്യങ്ങളൊക്കെയും പെയ്തുനില്‍ക്കാം
ജന്മങ്ങളൊക്കെയും നിന്നു പെയ്യാം
കണ്ണുനീരൊക്കെയും പെയ്തുതീര്‍ക്കാം
കണ്ണുള്ള കാലത്തില്‍ കാഴ്ചയാകാം
ഒന്നേ മഴ നമ്മളൊന്നേ പുഴ നമ്മ-
ളൊന്നിനി പെയ്യാതെ പെയ്തുനില്‍ക്കാം
തോരാതെ നമ്മള്‍ക്കു നിന്നു പെയ്യാം
തീരാതെ നമ്മള്‍ക്കു നിന്നു കൊള്ളാം.
------------------------------

No comments:

Post a Comment