Friday, November 14, 2014

ഇറങ്ങിപ്പോകുന്നവർ / രശ്മി കിട്ടപ്പ


ഇഷ്ടമില്ലെങ്കിലും
വീടുവിട്ടിറങ്ങാറുണ്ടായിരുന്നു
ഞങ്ങളുടെ പഴയവീട്ടിലെ
ചുവരലമാരയിലെ പുസ്തകങ്ങൾ

ഇഴകൾ പിന്നിയ തുണിസഞ്ചിയിലോ
തുരുമ്പെടുത്ത സൈക്കിളിലോ കയറി
എങ്ങോട്ടെന്നറിയാതെ
പുറപ്പെട്ടുപോകാറുണ്ടായിരുന്നു അവ.
കുറുമ്പുകളുടെ കൂടാരമായിരുന്നവ
വെച്ചാൽ വെച്ചിടത്തിരിക്കാത്തവ
എഴുപതുകളിലെ തിളയ്ക്കുന്ന രാഷ്ട്രീയം വീണു
പൊള്ളിപ്പോയ ഉമ്മറത്തിണ്ണയിലേക്ക്,
എൺപതുകളിലെ സിനിമയും ഫുട്ബാളും
വിഷയമാക്കിയിരുന്ന ഊണുമുറിയിലേക്ക്,
കണ്ണും കാതും കൂർപ്പിക്കുമായിരുന്നു
പാറ്റകളെയും പല്ലികളെയും അതിജീവിച്ച്,
ചുവരുമായി സഖ്യത്തിലായ പുസ്തകങ്ങൾ.
പഠിച്ചു പഠിച്ചു തലയ്ക്കു വെളിവില്ലാതായ
ചെറിയച്ഛൻ, നാടും വീടുമുറങ്ങുന്ന നേരത്ത്
പുസ്തകങ്ങൾ ഇറങ്ങിനടക്കുന്നതു
കാണാറുണ്ടായിരുന്നു.
ഒടിയന്റെയും ഒറ്റമുലച്ചിയുടെയും കഥപറഞ്ഞിരുന്ന
വെല്ല്യമ്മയെ കാണുമ്പൊഴൊക്കെയും
അലമാരയിൽ അമർത്തിയൊരു ചിരിപടരുമായിരുന്നു.
ഇറങ്ങിപ്പോയവ തിരിച്ചെത്താൻ വൈകിയാൽ
ഇളകിത്തുടങ്ങുമായിരുന്നെങ്കിലും
ഒരിക്കലും തിരിച്ചെത്താത്തവയെ
മറക്കാൻ പഠിപ്പിക്കുമായിരുന്നു വീട്.
“റഷ്യൻ നാടോടിക്കഥകളും
മലകളുടെയും സ്റ്റെപ്പികളുടെയും കഥകളും”
മടങ്ങിയെത്താതിരുന്നപ്പോൾ മാത്രം കണ്ണുനിറഞ്ഞ
കുട്ടിയുടെ സ്വപ്നത്തിലേക്ക്
ഒരു രാത്രി പൂക്കളും പൂമ്പാറ്റകളുമായി
പുസ്തകങ്ങൾ പറന്നിറങ്ങിയിരുന്നു.
അമ്മപോയ ദിവസം മാത്രം
അവർ അച്ചടക്കമുള്ളവരായി.
കൈകോർത്തുപിടിച്ചുകൊണ്ട്
വീടിന്റെ സങ്കടത്തെ നെഞ്ചോടു ചേർത്തുറക്കി.
പുതിയ വീട്ടിലെ ചില്ലലമാരയിലേക്ക്
താമസം മാറ്റിയതുമുതലാണ്
പുസ്തകങ്ങളും അച്ഛനെപ്പോലെ മിണ്ടാതായത്,
വെറും കടലാസുതാളുകൾ മാത്രമായത്.
മറവിയുമായി കൂട്ടുകൂടിയ അച്ഛന്റെ കൈപിടിച്ച്
മിക്ക രാത്രികളിലും അവ ഇറങ്ങി നടക്കാറുണ്ട്
ആ പഴയ ചുവരലമാര തേടി...
---------------------------------------------

No comments:

Post a Comment