Saturday, November 29, 2014

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ / സച്ചിദാനന്ദൻ


ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളെ കല്ലിനുള്ളിൽ നിന്ന്
ഉയിർത്തെഴുന്നേല്പിക്കുകയാണെന്നർത്ഥം.
അടിതൊട്ടു മുടി വരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണർത്ഥം.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വർഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയാക്കി മാറ്റുകയെന്നാണ്.
രാത്രി ആ തളർന്ന ചിറകുകൾക്ക് ചേക്കേറാൻ
ചുമൽ കുനിച്ചു നിൽക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾ കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണർത്ഥം.
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വൻകരയിൽ
കൊണ്ടു ചെന്നു നട്ടുപിടിപ്പിക്കുകയെന്നാണർത്ഥം.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
തന്റെ മാംസപേശികളുടെ ദാർഢൃം മുഴുവൻ
ഒരു സൌഗന്ധികത്തിന്റെ മ്യദുലതയ്ക്കായി കൈമാറുകയാണ്.
മണി മുടിയും പടച്ചട്ടയുമൂരിയെറിഞ്ഞ്
മറ്റൊരു മാനം കടന്ന് മറ്റൊരു ഗ്രഹത്തിലെ
കാറ്റിന്,മറ്റൊരു ജലത്തിന്,
തന്റെ മാംസത്തെ വിട്ടുകൊടുക്കുകയാണ്.
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളുടെ പ്രാചീനമായ വടുക്കളിൽ നിന്ന്
സൂര്യരശ്മി പോലെ കൂർത്ത ഒരു വാൾ കണ്ടെത്താൻ
അവളെ സഹായിക്കുകയാണ്.
എന്നിട്ട് ചോരവാർന്ന് തീരും വരെ ആ മൂർച്ചയിൽ
സ്വന്തം ഹ്യദയം അമർത്തിക്കിടക്കുയാണ്.
ഞാൻ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടില്ല.

----------------------------------------------------

No comments:

Post a Comment