Wednesday, November 5, 2014

മുള്‍ച്ചെടി / സച്ചിദാനന്ദന്‍


മുള്ളുകളാണ്‌ എന്‍റെ ഭാഷ
ചോരയിറ്റിക്കുന്ന ഒരു സ്‌പര്‍ശത്തിലൂടെ
ഓരോ ജീവിയോടും
ഞാനിവിടെയുണ്ടെന്ന്
ഞാന്‍ വിളിച്ചുപറയുന്നു.

അവര്‍ക്കറിയില്ല
ഈ മുള്ളുകള്‍
ഒരിക്കല്‍ പൂവുകളായിരുന്നെന്ന്:
എനിക്കു വേണ്ടാ
ചതിക്കുന്ന കാമുകര്‍.
കവികളോ,
മരുഭൂമികളുപേക്ഷിച്ച്
ഉദ്യാനങ്ങളിലേക്കു തിരിച്ചുപോയി.
പൂ ചവിട്ടിമെതിക്കുന്ന
ഒട്ടകങ്ങളും വണിക്കുകളും
മാത്രം ബാക്കിയായി.

അപൂര്‍വമായ ജലത്തിന്‍റെ
ഓരോ ബിന്ദുവില്‍നിന്നും
ഞാന്‍ ഓരോ മുള്ളു വിരിയിക്കുന്നു.
ഒരു തുമ്പിയെയും പ്രലോഭിപ്പിക്കാതെ,
ഒരു പക്ഷിയും പ്രകീര്‍ത്തിക്കാതെ,
ഒരു വരള്‍ച്ചയ്‌ക്കും വഴങ്ങാതെ,
പച്ചയുടെ ഓരങ്ങളില്‍
ഞാന്‍ മറ്റൊരു സൌന്ദര്യം സൃഷ്‌ടിക്കുന്നു,
നിലാവിന്നപ്പുറം,
കിനാവിന്നിപ്പുറം,
കൂര്‍ത്തുമൂര്‍ത്ത
ഒരു സമാന്തരഭാഷ.
----------

No comments:

Post a Comment