Thursday, November 13, 2014

എത്രയും ശൂന്യമായ അവളെപ്പറ്റി .../ സുധീർ രാജ്


കശുവണ്ടിയാപ്പീസിൽ നിന്നോ
തൊഴിലുറപ്പ് കഴിഞ്ഞോ
വീട്ടുജോലി കഴിഞ്ഞോ
തെരുവിലെകച്ചോടം കഴിഞ്ഞോ
എവിടുന്നു വേണമെങ്കിലും അവൾക്കു വരാം .

മുടി പാറിപ്പറന്നോ
മുഖം കരുവാളിച്ചോ
ചുണ്ടു പൊട്ടിയോ
വിയർത്തൊലിച്ചു മുഷിഞ്ഞ സാരിയിൽ
മുഖം തുടച്ചോ
അവൾക്ക് നടക്കാം .
ഒരു പൊതി കപ്പലണ്ടിയോ
ഒരു നാരങ്ങാവെള്ളമോ
ഒരു ഞാലിപ്പൂവൻ പഴമോ
അവളെ കൊതിപ്പിച്ചേക്കാം
(ഒരുപക്ഷെ അവൾക്ക് വിശക്കാതേയുമിരിക്കാം )
നടക്കുമ്പോൾ
എന്തായാലുമവളുടെ ചെരുപ്പ് പൊട്ടും
തള്ളവിരൽ കല്ലിൽ തട്ടും
നഖം പൊളിയും
"ശ് "എന്ന വേദനയോടെ
അവൾ വീണ്ടും നടക്കും .
ഒരു കൂട്ടം മത്തിയോ
ഒരു കറിക്ക് പച്ചക്കറിയോ
ഒരു തേങ്ങയോ
വിലകുറഞ്ഞ പ്ലാസ്റ്റിക് പാത്രമോ
ഒരു തോർത്തോ അവൾ മേടിച്ചേക്കാം.
(മേടിക്കാതെയുമിരിക്കാം ,എന്തായാലും മുഷിഞ്ഞ
കുറെ നോട്ടുകളവളുടെ കയ്യിൽ കാണും )
വീട്ടു പടിക്കലെത്തി
കിതപ്പാറ്റി നിൽക്കുമ്പോൾ
അവളൊരു നെടുവീർപ്പിട്ടേക്കാം.
മക്കളെക്കാണുമ്പോൾ
മുഖത്തെ മുറിവ് വിടർന്നേക്കാം
ഞരക്കം പോലൊരു ചിരിക്ക്
സാധ്യതയില്ലാതില്ല .
(തിളച്ച പകലിന്റെ ഉരുക്കിയൊഴിക്കലാണ് വരണ്ട ചിരികൾ )
അവൾ മീൻ വെട്ടുകയോ
കറി വെയ്ക്കുകയോ
കപ്പ നുറുക്കുകയോ
മേലു കഴുകുകയോ ചെയ്തേക്കാം
വിളക്ക് കത്തിക്കുകയോ
സീരിയല് കാണുകയോ
എന്തിന് വെറുതേയിരിക്കുകപോലും ചെയ്തേക്കാം .
ചിലപ്പോൾ അവൾക്കൊരു ആമ്പിറന്നോൻ കണ്ടേക്കാം
അയാൾ മൂക്കറ്റം കുടിച്ചേക്കാം
മുടിക്ക് കുത്തിപ്പിടിച്ചിടിച്ചേക്കാം
അവൾക്കിഷ്ടമില്ലാത്ത വഴികളിലൂടെ
കുതിരകളെ പായിച്ചേക്കാം.
വലിച്ചു ചുരുട്ടിയെടുത്ത്
പുറത്തേക്കെറിഞ്ഞേക്കാം
അണ്ണാക്കിൽ മദ്യമൊഴിച്ചേക്കാം
സിഗരറ്റ് കൊണ്ട് മറുക് വെച്ചേക്കാം
(ആർക്കറിയാം ,നമ്മളു കാണാത്ത, തീ കൊണ്ടുള്ള
എത്ര ചുട്ടികുത്തുണ്ട് ജീവിതത്തിൽ )
വിളക്കണച്ചാൽ പോലുമവൾക്കവളെ കിട്ടണമെന്നില്ല
കണ്ണുകൾ തുറിച്ചു കിടക്കുമ്പോൾ
അവൾക്കവളുടെ മുലകളെയൊന്നു
തൊടണമെന്നു തോന്നുമെങ്കിലും
അതിനാവില്ല ....
പണ്ടവളറിയാതെ അവളെയൊളിപ്പിച്ചു വെച്ച
ചില പാട്ടുകളവളെ വന്നു വിളിച്ചേക്കാം
അവൾക്കതൊന്നുമോർമ്മ വരില്ല .
ചിലപ്പോഴവളെയൊരു പുഴവക്കോ
പൂമരമോ വന്നു തോണ്ടിയേക്കാം.
(മുൾച്ചെടിയിൽ കുരുങ്ങിയ മുണ്ടിനേക്കാൾ
പിടച്ചിലായിരിക്കുമപ്പോൾ )
അപ്പോഴവൾ മരിച്ചു തുടങ്ങും
അത്രയും ശൂന്യമായൊരു ശൂന്യത
എന്ന വരിയുടെ സാധ്യതയിവിടെയാണ്‌.
പതിയെയവളെ ശവംതീനിയുറുമ്പുകൾ
തിന്നാൻ തുടങ്ങും .
കാൽവിരൽ മുതൽ തിന്നു തിന്ന്
ശരീരമെല്ലാം തിന്ന് തിന്ന്
മുടിവരെ തിന്ന് തിന്ന്
ഒന്നും ബാക്കി വരാതെ ......
പിറ്റേന്ന് ,
കിണറ്റിൻ കരെ വെള്ളം കോരിക്കൊണ്ടിരിക്കുന്ന
അവളെ ,അവളു തന്നെ കാണുമ്പോഴാണ്
ആന്റി ക്ലൈമാക്സ് .
കശുവണ്ടിയാപ്പീസിലേക്കോ
തൊഴിലുറപ്പിലേക്കോ
വീട്ടുജോലിക്കോ
തെരുവിലെകച്ചോടത്തിലേക്കോ
എവിടേക്ക് വേണമെങ്കിലും അവൾക്ക് പോകാം .
------------------------------------------

No comments:

Post a Comment