Saturday, November 22, 2014

കുഞ്ഞൻ / അരുണ്‍ ഗാന്ധിഗ്രാം


ഒന്നര വയസ്സുള്ള
ഒരു കുഞ്ഞനാണ് വീട്
കലക്കക്കണ്ണുള്ള ഒരമ്മയും
കുറുമ്പെല്ലാം കളഞ്ഞുപോയ
രണ്ടു പാവാടക്കുട്ടികളുമാണ് കൂട്ട്.
അധികമാരും മിണ്ടാനില്ലെങ്കിലും
പകലെല്ലാം വീട്
കാറ്റിനോട് തകരമേൽക്കൂര കൊണ്ടും
എലിയോട് കടലാസുചീന്തുകൾ കൊണ്ടും
പല്ലിയോട് കുമ്മായമിളക്കിയിട്ടും
പാറ്റയോട് കറിക്കലങ്ങൾ കൊണ്ടും
സംസാരിച്ചു.
കുഞ്ഞനല്ലേ,
രാത്രിയാവുമ്പോൾ
അതിന് പേടിയാവും.
കൂമനെ,
കുറുക്കനെ,
നായ്ക്കളെ
ചിവീടിനെ
എല്ലാത്തിനെയും ഓർത്ത്
കുഞ്ഞൻ വിറച്ചു നിൽക്കും.
ആണൊരുത്തൻ കൂട്ടുവരണേ
എന്ന് കണ്ണടച്ചു പ്രാർഥിക്കും.
ഉള്ളിൽ ഉറങ്ങുന്നവരോടും
പല്ലിയോടും പാറ്റയോടും
എലിയോടും കാറ്റിനോടും പറയാതെ
അവൻ ആ പേടിയെല്ലാം
ഒറ്റയ്ക്കനുഭവിക്കും.
പെട്ടെന്നൊരു രാത്രി
കൂമൻ മൂളാതായി
നായ്ക്കളും, കുറുക്കനും, ചിവീടും
നിശ്ശബ്ദരായി.
ഇരുട്ടിൽ നിന്ന്
ഹെഡ് ലൈറ്റില്ലാത്ത സ്കൂട്ടറുമായി ഒരച്ഛനും
തോർത്തുമുണ്ടും സോപ്പുപെട്ടിയുമായി ഒരു മകനും
കൂട്ടുകിടക്കാനെത്തി.
കഥകളും കളികളുമായി
അവർ കുഞ്ഞന്റെ രാപ്പേടി മാറ്റി.
അവൻ ആ രാത്രി സുഖമായുറങ്ങി.
വെളുപ്പിന്,
നാളെയും കാണാമെന്ന്
കുഞ്ഞന്റെ നെറ്റിയിൽ ചുംബിച്ച്
രണ്ടുപേരും ഉറങ്ങാൻ പോയി.
ഒരാൾ സ്കൂട്ടറുമായി
ഒന്നര വർഷമായി പകലുറങ്ങുന്ന
അപകടവളവിലെ കലുങ്കിനു താഴേക്കും,
മറ്റെയാൾ തോർത്തും സോപ്പുമായി
പച്ചക്കുളത്തിന്റെ അടിത്തട്ടിലേക്കും...
രാത്രിക്കൂട്ടായും ഓർമ്മക്കൂട്ടായും വരാൻ
എനിക്കും ആളുണ്ടല്ലോ എന്ന്
വീട് അന്നാദ്യമായി കാറ്റിനോട് ചിരിച്ചുകാണിച്ചു.
----------------------------------------------

No comments:

Post a Comment