Sunday, December 14, 2014

എന്നാലും ഇങ്ങനൊരിടം / സുധീർ രാജ്


അതുവഴി പോകുമ്പോഴെല്ലാം വിചാരിക്കും
അവിടൊന്നു കേറണമെന്ന്.
ആറ്റിറമ്പത്ത് വണ്ടി നിർത്തി
വരമ്പ് വഴി നടന്ന് അങ്ങോട്ടു കേറണമെന്ന്.
കൊമ്പിൽ കമിഴ്ന്നു കിടന്നു ചൂണ്ടയിട്ട
മാവവിടെ ഉണ്ടോ എന്തോ.
അക്കരെ നിന്ന് തുണികഴുകുന്ന
പെണ്ണുങ്ങടെ അർത്ഥം വെച്ചുള്ള ചിരി
ഇപ്പോഴും അവിടെയുണ്ടോ എന്തോ .

നിന്റെ കൂടെ ഒറ്റക്കരിമീനേ തപ്പിയെടുത്തത്
ഇനി അതിന്റെ ഇണയും കാണുമെന്നു പറഞ്ഞ്
അതിനേം തപ്പിയെടുത്തത്
കരഞ്ഞോണ്ട് നമ്മളതിനെ വറുത്തു തിന്നത്
ചങ്ങലമാടനെക്കാണാൻ
കാവിൽ പാത്തിരുന്നത്.
തിരിച്ചു വരുമ്പം ,
അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ
തലയും താഴ്ത്തി നടന്നത് .
കയറു കഴുത്തേക്കുരുങ്ങി
നിന്റാട് ചത്തേന്റെ പിറ്റേന്നാ
നീ പോയത് ..
ഞാൻ വന്നായിരുന്നു
ആരും കാണാതെ നിന്നെ തൊടുകേം ചെയ്തു
ഞാനൊറ്റയ്ക്ക് കാവിലോട്ടു പോയി
കാവിലപ്പിടി മഞ്ഞക്കിളികളായിരുന്നു
നീയറിഞ്ഞോ ,
ഞാനും ചങ്ങലമാടനും കൂട്ടായി
അച്ഛനേം അവിടെ വെച്ചു കണ്ടായിരുന്നു .
തൂങ്ങിച്ചത്ത കോരനാ
നിന്റടുത്തേക്കുള്ള വഴി പറഞ്ഞു തന്നത്
കരീലാഞ്ചി വള്ളിയാ ഊഞ്ഞാലു കെട്ടിത്തന്നത്
മാടനാ എടുത്തിരുത്തിയത് .
പിന്നൊന്നും ഓർമ്മയില്ല.
ഇതുവഴി പോകുമ്പോഴൊക്കെ വിചാരിക്കും
ഇവിടൊന്നു കേറണമെന്ന്.
ഇപ്പോ,
ഇങ്ങനൊരു സ്ഥലമുണ്ടോ എന്തോ..
ഇങ്ങനൊരു സ്ഥലമില്ലെന്നാ അമ്മ പറയുന്നത് .
ഇപ്പോഴെന്റെ ഓർമ്മയെല്ലാം അമ്മയാണല്ലോ .
എന്നാലുമൊരു കരീലാഞ്ചിവള്ളിയിങ്ങനെ മുറുകുന്നുണ്ട്
എന്നാലും ഇങ്ങനൊരിടം ...
--------------------------------------

No comments:

Post a Comment