നിഴൽ പിടിച്ചു നിർത്തുന്ന ഈ രാക്ഷസിയെ
വീട്ടുചുമരിൽ തറച്ചതെന്തിന്?
ഇപ്പോൾ എന്തിനും ഏതിനും
ഈ മൂദേവിയെ മുഖം കാട്ടണം
പുറത്തിറങ്ങാൻ ആദ്യം
അവളുടെ ദേഹപരിശോധന കഴിയണം
കാണുന്ന കാണുന്ന മുഖങ്ങളെല്ലാം
അവൾ ചപ്പിയതിനാൽ ചോര വറ്റിയ മുഖങ്ങൾ
അവളിൽ
ആണിനും പെണ്ണിനും ഒരേ ഭ്രമം.
കള്ളനും പോലീസിനും ഒരേ തഞ്ചം
പെൺകുട്ടികൾ വീട്ടിലാരുമില്ലാത്തപ്പോൾ
ഓടി അവൾക്കരികിലെത്തും
കാത്തിരുത്തിയതിന് ക്ഷമ ചോദിക്കും
കൊഞ്ഞനം കാട്ടും
പോടീ പ്രാന്തത്തീയെന്ന് തൊഴിക്കാനായും
തന്നോടാരും കാട്ടാത്ത വാത്സല്യം
തന്നോട് കാട്ടും
ആരെന്നെ നിന്നെപ്പോലെ കണ്ടിട്ടുണ്ട്
എന്ന് കണ്ണീർ പൊഴിയ്ക്കും
ആൺകുട്ടികൾ
കണ്ണാടി ഭൂതക്കണ്ണാടിയാക്കി
പെട്ടെന്ന് വലുതായ താടിമീശകളിൽക്കയറി
അടുക്കളയിൽ ചെന്ന്
അമ്മയെ അധികാരസ്വരത്തിൽ ശകാരിക്കും.
കാൽ നിലത്തു കുത്താത്ത
സുന്ദരയക്ഷിയാണവൾ
താളം തെറ്റിക്കുന്ന കടാക്ഷം
അവളുടെ മുഖസ്തുതിയിൽ
മയങ്ങാത്തവരില്ല
കണ്ണാടി കാണുന്തോറും തന്നുടെ മുഖമേറ്റം
നന്നെന്നേ നിരുപിക്കൂ എത്രയും വിരൂപരും.
അവളിൽ വയസ്സൻ മധ്യവയസ്കൻ
മധ്യവയസ്ക്കൻ യുവാവ്
ആസന്ന യൗവ്വനൻ നിറയവ്വനൻ
ദു:ഖിത കൂടുതൽ ദുഃഖി
രോഗി കൂടുതൽ പരവശ
ആത്മനിന്ദിത കൂടുതൽ വിരൂപ
സന്തുഷ്ടൻ മഹാസുന്ദരനും.
കണ്ണാടി നോക്കി വാങ്ങാനാവില്ല
കണ്ണാടിയിൽ നോക്കിപ്പോവും.
ആത്മാരാധകർ
മുങ്ങിച്ചാവുന്ന തടാകം.
ഏകാന്തത പീലി വിരിച്ചാടുന്നത്
കണ്ണാടിയിലെ വിജനവീഥിയിൽ
ആളുകൾ സ്വാർത്ഥത മുടങ്ങാതെ പരിശീലിക്കന്നത്
മറുപുറം കൊട്ടിയടച്ച ഈ സ്വകാര്യമുറിയിൽ
കണ്ണാടിയിൽ ഇന്നോളം എന്നെയല്ലാതെ
' മറ്റൊരാളേയും ഞാൻ കണ്ടീല '
ഒരുവളെ പിടിക്കാൻ
അവളെത്തന്നെ ഇര കോർക്കണമെന്ന്
ഈ രാക്ഷസിക്കറിയാം.
തന്നെ കീർത്തിച്ചവന് തുണ പോയി
പലരുടെ കീർത്തനങ്ങളനുഭവിച്ച്
ഇരമ്പി വന്ന തീവണ്ടിയുടെ മുന്നിൽ
തൊഴുകൈയോടെ നിന്ന പെൺകുട്ടി
ദിവസ്സവും രാവിലെ എത്ര നേരമാണ്
അനുഗ്രഹത്തിനായി ഇവളുടെ മുന്നിൽ നിന്നത്?
ആപത്തിലേക്ക് തള്ളി വിടാനീ
കൂട്ടിക്കൊടുപ്പുകാരിക്ക് പ്രത്യേക സിദ്ധി.
തുണിക്കടയിൽ,
ആഭരണശാലയിൽ,
ഹോട്ടലിൽ, മാളിൽ
ഏത് വ്യാപാരശാലയിലാണ്
ജാതി മത വർണ്ണ വർഗ്ഗദേദങ്ങളില്ലാത്ത
ഈ മൂർത്തിയില്ലാത്തത്?
കണ്ണാടി
ഏറ്റവും കൂടുതൽ പതിപ്പുകളിറങ്ങിയ
ബെസ്റ്റ് സെല്ലർ
ഓരോ വീട്ടിലും ഒന്നിലധികം കോപ്പികളുള്ള
നിത്യപാരായണഗ്രന്ഥം
ബൈബിളിനേക്കാൾ
സ്തോത്രം ചെയ്യപ്പെട്ട ഉത്തമ ഗ്രന്ഥം.
No comments:
Post a Comment