വൃദ്ധനും വൃദ്ധയും ഒറ്റയ്ക്കു രണ്ടു പേർ
കൊത്തിപ്പെറുക്കുന്നു കഞ്ഞിയിൽ, വറ്റിനു
തപ്പും കരണ്ടിയോ തട്ടിമുട്ടി, താള-
മൊട്ടുമേ ചേരാതപസ്വരം - തെറ്റുന്ന
ഹൃത്താളമാണ്, വനത്തിന്നയച്ചൊരു
പുത്രന്നു - പാവം-വയറ്റുതീയാളുമോ?
രക്ഷസ്സു തിന്നുമോ? യാഗരക്ഷയ്ക്കിടെ?
വൃദ്ധനും വൃദ്ധയും- ദ്വീപുകൾ! സ്രാവുകൾ
കൊത്തിപ്പറിച്ച മകരമത്സ്യത്തിന്റെ-
യസ്ഥിയും കൊണ്ടയാൾ തീരത്തടുത്തതും
ചെറ്റക്കുടിൽ പൂകി വീണതും, തൻ വലം
കൈപ്പടത്തിൽ മുഖം ചേർത്തു ബോധം കെട്ട
സ്വപ്നത്തിൽ സിംഹമോഹങ്ങൾ വിടർത്തതും
നൂറാം വയസ്സിനു മുമ്പെപ്പോഴോ- അറു-
ന്നൂറാം വയസ്സിനും മുമ്പോ? വിരൽമറ-
ന്നെണ്ണം പിടിച്ച നാൾ പോലും കളഞ്ഞു പോയ്.
എന്തൊരു നീളമായുസ്സിന്- മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളിൽ..!
വൃദ്ധനും വൃദ്ധയും-ദ്വീപുകൾ! തീരത്തു
മുക്കുവർ തോണിയേറ്റുമ്പോൾ കടൽ കണ്ടു
മുഗ്ധയായ് നിന്ന വല്ലാത്ത കാലത്തിന്റെ
മുത്തും കളഞ്ഞുപോയെന്നോ, വെയിൽ വീണ
മുക്കുവർ, ഉപ്പു തിളങ്ങുന്ന പേശികൾ-
സ്വപ്നങ്ങളിൽ മത്സ്യകന്യകയായതും
എത്ര പെരുംതിര വന്നു പൊയ്പ്പോയതും
എത്ര രാക്കാറ്റുകൾ കോച്ചി വിറച്ചവൾ
വൃദ്ധനെക്കാത്തന്നു പാതിരാക്കണ്ണുമായ്
എത്തിയില്ലെന്നുറങ്ങാതെ പിന്നിട്ടതും
എത്തുകില്ലെന്നുറപ്പിച്ചുപേക്ഷിച്ചതും!
എന്തൊരു നീളമായുസ്സിന്, മിണ്ടാതെ
മിണ്ടാതെ നീളും നിമിഷയുഗങ്ങളിൽ!
വൃദ്ധനും വൃദ്ധയും-ശ്വാസകോശത്തിനെ
ഞെക്കിപ്പിഴിഞ്ഞെടുക്കുന്ന കാണാക്കയ്യു
കുത്തിപ്പിടിക്കുന്ന നേരവും കാത്തവർ,
ഒട്ടുചുമന്ന കുടങ്ങളെന്നേ വീണു
പൊട്ടിത്തകർന്നും ജലം ചോർന്നു വറ്റിയും.
ഒറ്റയ്ക്കിരിപ്പൂ മരക്കൊത്തുകൾ പോലെ
ഒട്ടും തിരിച്ചു നടക്കുവാനാവാതെ.
No comments:
Post a Comment