Friday, June 4, 2021

ഞങ്ങളുടെ പെണ്ണുങ്ങൾ/സുധീർ രാജ്

ഞങ്ങളുടെ പെണ്ണുങ്ങൾക്ക് വ്യാകരണമില്ലായിരുന്നു
മഞ്ജരിയിലവർ ചിരിച്ചില്ല
ശ്ലഥകാകളിയിലവർ കരഞ്ഞില്ല

കൊയ്ത്തിന്
എരിയുന്ന വയറുമായി
കായലിൽ വള്ളത്തിൽ പോകുമ്പോൾ
പാടിയ പാട്ടിൽ നതോന്നതയില്ലായിരുന്നു .
(കതിരു തേടുന്ന കിളിയൊരെണ്ണം
കായലിന്റെ ചങ്കു തുറന്നു
പുറത്തുവന്നവർക്കു ചുറ്റും പാറി ).

മെതിക്കളത്തിലും കുപ്പമാടത്തിലും
അനുഷ്ടുപ്പും ഛന്ദസ്സുമില്ലാത്ത
കല്ലടുപ്പിലവർ കനവിന്റെ തീപൂട്ടി .

വറുതിമുട്ടിയാലും പൊട്ടാത്ത മണ്കലങ്ങളിലവർ
പോലത്തെക്കുമുഴിയരിക്കഞ്ഞിയും വെച്ചു.

പീലിവിടർത്തും കർക്കിടകക്കേകയിലവർ നനഞ്ഞില്ല
ഉറുമ്പിട്ടിട്ടു പോയ കണ്ണൻ ചിരട്ടയിലവർ
ഇറ്റു വെയിലു കടം വാങ്ങി വിത്തുകുത്തിയരിയാക്കി
കള്ളക്കർക്കിടകത്തെ നാണിപ്പിച്ചു .

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവരുടെ പ്രണയം പ്രണയമേയല്ലായിരുന്നു
ജീവിതമായിരുന്നു

അവന്റെ തലയരിയുമ്പോഴുയരും
തലയവളുടേതായിരുന്നു .
അവന്റെ നെഞ്ചു പിളരുമ്പോളുരുകും
നെഞ്ചവളുടേതായിരുന്നു .
അവന്റെ നട്ടെല്ലു പൊട്ടുമ്പോഴതിൽ
പിണഞ്ഞു പൊന്തുന്ന നട്ടെല്ലവളുടേതായിരുന്നു .
അവന്റെ മണ്ണുടലിലേക്കിറ്റിറ്റു വീഴും
വേർപ്പുമുമിനീരുമുപ്പും കുഴച്ചിട്ട
ആദിമമാമിണചേരലിൻ
മാംസ പേശികളവളുടെ പ്രണയമായിരുന്നു .

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവർ പ്രണയ കഥകളോ
കവിതകളോയെഴുതിയില്ല.
മന്ദാക്രാന്തയിലലസമലസം
വിലാസനൃത്തമൊന്നുമാടിയില്ല.

ഞങ്ങളുടെ പെണ്ണുങ്ങളോരോന്നും
പ്രകൃതിയുടെ നൃത്തമായിരുന്നു .

ചരിത്രമെന്ന ചെളിയിലേക്ക് നോക്കൂ
ഭൂമിയുടെ ഭാരത്താലിടിഞ്ഞ ചുമലുകളുമായവൾ
നടന്നു കുഴിഞ്ഞ പാടുകൾ
തനിയെ നൃത്തമാടുന്നത് കാണൂ .

മണ്ണിലേക്ക് കാതോർക്കൂ
തലമുറകളുടെ കുതിഞരമ്പിലൂടെയവളുടെ
ചോര കുതിച്ചു പായുന്നത് കേൾക്കൂ.

ഞങ്ങളുടെ പെണ്ണുങ്ങൾ,
അവരുടെ പാട്ടുകളോ
സരളമായി മുളങ്കാട് വരച്ചിട്ട
കാറ്റിന്റെ കുമ്മിയടി.

തുലാമഴ പിളർന്നിട്ടയാകാശത്തിൻ
ഒരിയ്ക്കലുമൊടുങ്ങാത്ത രണഭേരി.

കോടമഞ്ഞിനെക്കാൾ തണുത്ത്
നെഞ്ചിലേക്കാഴ്ന്നിറങ്ങും
മരണംപോലെ വിറങ്ങലിക്കും
നോവിന്റെയുറവകൾ.

ഞങ്ങളുടെ പെണ്ണുങ്ങൾ,
മണ്ണിലേക്കാഴ്ന്നിറങ്ങിയവർ
വിണ്ണിലേക്ക് നിവർന്നു നിന്നു.

ഭൂമിയിലവർ നട്ട ഞാറുകൾ
ആകാശം മുട്ടുമാശകളായപ്പോൾ
കടയോടുചേർത്ത്
പലരു കൊയ്തപ്പോഴുമവർ
കരഞ്ഞില്ല കുനിഞ്ഞില്ല കുതിർന്നില്ല .

തലമൂടുന്ന പുതിയകാലത്തിൻ
പെയ്ത്തുവെള്ളത്തിൽ കുതിച്ചു പൊന്തുന്ന
കതിരു പോലവർ വിരിഞ്ഞു .

ഞങ്ങളുടെ പെണ്ണുങ്ങൾ ,
ആണും പെണ്ണും കുഞ്ഞും കുടിയും
നാടും മേടും കാറ്റും മഴയും
പാട്ടും പോരാട്ടവുമാട്ടവും
ജനനവും മരണവും പ്രണയവും വലിച്ചെടുത്തു
ഭൂമിയേ മൂടുമിരുൾക്കൂടാരം ഭേദിച്ചു
പ്രകാശത്തിലേക്ക് കുതിച്ചു പായുന്ന
മണ്ണുചുട്ടെടുത്തു ചോരയും നീരും വിയർപ്പും
കനിവുമിറ്റുന്നയക്ഷരം.

ഞങ്ങളുടെ പെണ്ണുങ്ങൾ ....
വ്യാകരണമില്ലാത്ത ഞങ്ങളുടെ പെണ്ണുങ്ങൾ..

No comments:

Post a Comment