Friday, June 29, 2018

ഇടം / അക്ബർ


ദേശീയപാത വീര്‍ത്ത് വീര്‍ത്ത്
വീടിനു മുകളിലൂടെ
ഒരു ദിവസമങ്ങ് പാഞ്ഞു പോവും!
ഞാന്‍ നടന്ന മുറ്റം, മുറികളടുക്കള,
മണ്ണില്‍ ഞാനുമുമ്മയും വാപ്പയും
നീര്‍ന്ന് കിടന്ന മഴ രാവുകള്‍,
ഞുഞ്ഞുവും സുനുവും നടന്നു പഠിച്ച മണ്ണ്,
അവളും ഞാനും മിണ്ടാതിരുന്ന മുറിയിലെ ഇരുട്ട്..
ആദ്യത്തെ സങ്കടമാനന്ദമുന്മാദങ്ങള്‍

അങ്ങെനെയങ്ങെനെയെല്ലാം ടാറില്‍ ഉരുകുമല്ലോ!
പലതരത്തിലുളള വണ്ടികള്‍ ചിരിച്ചോടുമല്ലോ!

എന്നാലിതൊന്നുമറിയാതെ മുല്ല വെളുക്കെ പൂക്കുന്നുണ്ട്
പ്ലാവ് ഉള്ളിലെയുന്മാദം പുറത്തേക്കെറിയുന്നുണ്ട്
മൈലാഞ്ചി കൈവിരലുകള്‍ ചോപ്പിക്കുന്നുണ്ട്,
കരച്ചിലുണ്ടായിട്ടും കൈ തസ്ബീഹില്‍ മുറുകുന്നുണ്ട്
പുഴ ഞങ്ങളെയാഴത്തിലേക്ക് വിളിക്കുന്നുണ്ട്..

എന്നാലുമെന്റെ ദേശീയപാതേ....
പാഞ്ഞു പാഞ്ഞു പോകുമ്പോള്‍
ഓര്‍ക്കുമോ ഞങ്ങളെ..
ഞങ്ങള്‍ അടിയിലുണ്ടെന്ന് കരുതുമോ?
റോഡില്‍ വാഹനങ്ങളെങ്ങാനും മറിഞ്ഞാല്‍
അടുപ്പ് തിളച്ചു തൂവിയ നനവു കൊണ്ടെന്ന് പറയരുതേ..

നിന്റെ താഴെ മാഞ്ഞുപോയ
ജീവിതച്ചോലകളുണ്ടായിരുന്നുവെന്നെങ്കിലും!

No comments:

Post a Comment