പഠിക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ
നന്നെ കുറവ്.
കണക്കുസൂത്രങ്ങള്‍,രസതന്ത്രക്കുറികള്‍
ചരിത്രമുഹൂര്‍ത്തങ്ങള്‍,പോര്‍ക്കളങ്ങള്‍.
ഒന്നും പഠിക്കേണ്ടതില്ലാത്തപ്പോള്‍
ഇപ്പോള്‍,ഇരുപ്പായപ്പോള്‍ നല്ല ഓര്‍മ്മ.
ഓരോരോ വേളകള്‍,മുഖങ്ങള്‍,വാക്കുകള്‍
വരി തെറ്റാതെ.
പണ്ടത്തെ കയ്പ്,എരിവ്,പുളി
വടിച്ചിട്ടും പോകുന്നില്ല എന്നില്‍ നിന്നും
തുടച്ചാലും മാച്ചാലും തെളിയുന്നു
പഴയ പാടുകള്‍.
പരീക്ഷയിലോ അഭിമുഖത്തിലോ
ഞാന്‍ പിന്നിലായിരുന്നു
എത്ര വായിച്ചിട്ടും വസ്തുതകള്‍
എന്നും പുത്തന്‍.
പഴയ മരത്തിന്‍മേല്‍ പുതിയ തളിരുകള്‍
എന്നാല്‍ ഇപ്പോള്‍ ഒരു മോതിരവും
കൂടാതെ അഭിജ്ഞാനമുണ്ടാകാന്‍
ഞാന്‍ ശപിക്കപ്പെട്ടിരിക്കുന്നു
പണ്ടും എനിക്ക് ഇന്നുണ്ടായിരുന്നില്ല
നാളെയായിരുന്നു,നല്ല നാള്‍.
ഇപ്പോഴാകട്ടെ കണ്ണടച്ചാലും തുറന്നാലും
പഴയ നാളുകള്‍,മുഖങ്ങള്‍,വഴികള്‍.
മ്യൂസിയങ്ങളിലെ പഴയ വിഗ്രഹങ്ങള്‍
പാതിരയില്‍ തമ്മില്‍ മുദ്രകാട്ടി
പറയുന്നുണ്ടാകും ബി.സി. യിലെ തമാശകള്‍.
പഴംതമിഴിലോ,പാലിയിലോ,സംസ്കൃതത്തിലോ.
-----------------------------------------------------
No comments:
Post a Comment