Tuesday, February 9, 2021

മീൻ, കടൽ/ആശാലത

മൊബൈലെടുത്തു
മീനിനെ വരച്ചു.
മീനിനു താമസിക്കാൻ വെള്ളം വരച്ചു.
വെള്ളത്തിലുപ്പുലയിപ്പിച്ച് കടലാക്കി
കടലിങ്ങനെ സ്ക്രീനിലാടിത്തിമിർത്തു

ഞാൻ വന്നോട്ടെ?
ഉപ്പു ചുവയ്ക്കുന്ന കടലേ,
മീനുകൾ പായുന്ന കടലേ,
ഞാൻ വരട്ടെ? എന്ന്
കടലിനോടു ചോദിച്ചു.

കടൽ വരാൻ പറഞ്ഞില്ല.
വരണ്ടെന്നും. 
ചുമ്മാതെ അലച്ചോണ്ടിരുന്നു.
പിന്നെ ഞാനും ഒന്നും ചോദിച്ചില്ല
പകരം ചങ്ങാതിയുടെ ചിത്രം വരച്ചു
എന്നിട്ട്
എത്ര കാലമായി തമ്മിൽ കണ്ടിട്ടെന്നുമ്മ വെച്ച്
കൈകോർത്തു പിടിച്ച് 
കടലിലേക്കെടുത്തു ചാടി.

ഇരുട്ട് വലവീശിയിട്ടിരുന്നു.
വലയിൽ നക്ഷത്രങ്ങൾ കുടുങ്ങിക്കിടന്നിരുന്നു.
അതും നോക്കിക്കൊണ്ട് 
ഞങ്ങൾ ആഴക്കടലിലേക്കു നീന്തി

കടലൊരു പ്രതീതി പോലെ കിടന്നു
ഈ കാണുന്ന ചെറുമീൻ തുള്ളിയോട്ടങ്ങൾ
വെള്ളിമീൻ ചാട്ടങ്ങൾ
പിന്നാലെ പായുന്ന കൊമ്പൻ സ്രാവുകൾ -
ഒക്കെ കൈക്കുള്ളിൽ നിൽക്കാത്ത
നിഴൽച്ചിത്രം പോലെ 

എന്നിട്ടും എന്നെ കോർത്തു പിടിച്ച് അവൻ 
കുറുകെയും നീളത്തിലും നീന്തി
അവനെ കോർത്തു പിടിച്ച് ഞാനും. 
നിലാവിൽ
ആടകളഴിഞ്ഞ ഉടലുകളായി
പലതരം കടൽ ജീവികളുടെ രൂപമെടുത്ത്
അർമ്മാദിച്ചു
ഉന്മാദികളായി ഇണയെടുത്തു
പ്രണയത്തിൻ്റെ വന്യമുരൾച്ചകൾ
കടലിനു പുറത്ത് 
സ്ക്രീനിൻ്റെ അപ്പുറത്തേക്ക് 
തെറിച്ചു വീണു കൊണ്ടിരുന്നു

ഒരുപക്ഷേ
ഇത് ഭൂമിയിലെ അവസാനത്തെ കടലായിരിക്കും.
അവസാനത്തെ 
പ്രണയമുരൾച്ചകളാവും
അവസാനത്തെ 
മീൻതിളക്കങ്ങളുമാവും.

സമയം അഴിഞ്ഞു തീരും.
രണ്ടു ജരാനരകളായി ഞങ്ങൾ കരക്കടിഞ്ഞേക്കും.
ഒക്കെ തീർന്നു പോകും,
തീർന്നു പോകുമെന്ന് പേടിച്ച്
ഞങ്ങളതിനെ പല്ലു തൊടാതെ
നാരങ്ങാ മിട്ടായി പോലെ
 മെല്ലെ മെല്ലെ
അലിയിച്ചലിയിച്ചെടുക്കുന്നു.

പൊടുന്നനെ 
ഓ എൻ്റെ പ്രതീതീ എന്ന്
സൈറൺ മുഴങ്ങി
ഓ എൻ്റെ പ്രതീതീ എന്ന്
സമയം പെരുമ്പറയടിച്ചു

വരച്ച മീനുകളും
കടൽച്ചിത്രങ്ങളും
തിരകളും
മറഞ്ഞു പോയ 
ഒരു വിരിപ്പിൽ
ഞാൻ കണ്ണു തുറന്ന്
ഒറ്റക്കു തുഴഞ്ഞുകൊണ്ടെത്തുന്നു

കരയിലേക്ക്
കടൽ കണ്ടിട്ടേയില്ലാത്ത
കരയിലേക്ക്.

No comments:

Post a Comment