Thursday, May 28, 2015

ഭ്രാന്ത് / ഭാനു കളരിക്കൽ

അതിരുകളില്ലാത്ത ഭാവന ഒന്നുമതി
ഒരാളെ ഭ്രാന്തനാക്കാൻ
അതുകൊണ്ടാണ് അവൻ നടക്കുമ്പോൾ
ഭൂമി ഇളകുന്നുവെന്ന് നിങ്ങൾക്ക് തോന്നിപ്പോകുന്നത്.
അവന്റെ ചിരികളിൽ
ഉച്ചച്ചൂടിനു കനം വെക്കുന്നതായും
പുരികം ചുളിച്ചുകൊണ്ട്
അവൻ കാറ്റിനെ തടഞ്ഞുവെക്കുന്നതായും
നിങ്ങൾക്ക് തോന്നിപ്പോകുന്നു.
അവന്റെ കാഴ്ചക്ക്
തിമിരം ബാധിച്ചുവെന്ന് നിങ്ങൾ പറയുന്നു.
പക്ഷേ അവൻ കാണുന്നതൊന്നും
നിങ്ങൾ കാണുന്നേയില്ല.
നടന്നിട്ടും നടന്നിട്ടും വീടെത്താത്ത നടത്തമായി
അവൻ നീണ്ടു നീണ്ടു പോകുന്നു.
അവനാകട്ടെ എവിടേയും ഇരിപ്പുറക്കുന്നില്ലല്ലോ
എന്ന വ്യാധിയാണ്.
അവന്റെ ചില്ലകളിലാണ് കിളികൾ
കൂട് കൂട്ടുന്നതും ഇണ ചേരുന്നതും
എന്നിട്ടും അവനൊരു മരമാവുന്നില്ല.
കാട്ടുവള്ളിയായി പടർന്നു പടർന്നു
സൂര്യനിലേക്ക് തളിരു നീട്ടുകയാണ് അവൻ.
അവനൊരു സമുദ്രം തന്നെയാണ്.
എങ്കിലും ദാഹം
അവന്റെ തൊണ്ടയിലിരുന്ന്  അമറുന്നു.
അവന്റെ കണ്ണുകൾ അപ്പോൾ മാത്രം സമുദ്രമാവുന്നു.
ചുടലയിൽ അന്നം തിളപ്പിക്കുകയാണവൻ
ഏതു തീപ്പൊരിയിൽ നിന്നാണ്
കാളി കലിയുറഞ്ഞു വന്നെത്തുക
എന്ന് തേടുകയാണവൻ . 
--------------------------------------

No comments:

Post a Comment