Monday, May 18, 2015

തട്ടിക്കൊണ്ടുപോവല്‍ / വിഷ്ണു പ്രസാദ്

പഴുത്തചക്കയുടെ മണം എല്ലായിടത്തും പായവിരിച്ച കാട്
മഴപെയ്തതിന്റെ നനവ് എഴുന്നേറ്റുപോവാത്ത മണ്ണ്
കിളികള്‍ പ്ലാവുകളുടെ കുഞ്ഞുങ്ങളെ പുറത്തെടുക്കുന്ന തിരക്കില്‍
ഈച്ചകള്‍ ആ കുഞ്ഞുങ്ങളെക്കുറിച്ച് കഥകള്‍ കെട്ടിയുണ്ടാക്കിപ്പറയുന്ന മത്സരത്തില്‍.

ചുരം കയറുന്ന ബസ്സിനെ തട്ടിക്കൊണ്ടുപോവുന്നു
പഴുത്തചക്കയുടെ മണമുള്ള കാട്.
52 പേര്‍ ഇരിക്കുന്നു.
42 പേര്‍ നില്‍ക്കുന്നു.
കാട് രണ്ടു കൈകള്‍ കൊണ്ട്
ബസ്സിനെ വാരിയെടുക്കുന്നു.
എല്ലാവരും
പഴുത്ത ചക്കയുടെ മണമുള്ള കാട്
ഈമ്പാന്‍ തുടങ്ങുകയാണ്.
പച്ചനിറത്തിലുള്ള മുള്ളുകളെ പിന്നിട്ട്
വെള്ളനിറത്തിലുള്ള മടലുകളെ പിന്നിട്ട്
സ്വര്‍ണനിറമുള്ള ചുളകളിലേക്ക്
ആടിയാടി വീഴുകയാണ്.
ചുണ്ടുകളിലൂടെ തേനൊലിക്കുകയാണ്.
വിളഞ്ഞിപറ്റിയ കൈകള്‍
ഒട്ടിച്ചൊട്ടിച്ച് കളിക്കുകയാണ്.
ഒട്ടുന്ന ചുണ്ടുകളെ തുറന്നും അടച്ചും രസിക്കയാണ്.
തേനൊലിക്കുകയാണ്.
ബസ്സില്‍ ചവിണിയും മടലും നിറയുകയാണ്.
തേനില്‍ വഴുതിവീഴുകയാണ്.
മഴ പെയ്തതിന്റെ നനവുമണ്ണില്‍

ഈച്ചകള്‍ പറക്കുകയാണ്.
പഴുത്ത ചക്കയുടെ മണം ഒരു ചക്കയാണ്,
ചീഞ്ഞ ഇലകളാണ്,
നനഞ്ഞ മണ്ണാണ്,
സ്വര്‍ണനിറമാണ്,
ഒരു ചക്ക നിറയെകണ്ണീച്ചകളാണ്.
എല്ലാവരും കണ്ണീച്ചകളെ ആട്ടുന്ന തിരക്കിലാണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഒരു തെളിവുകളും അവശേഷിക്കാത്ത വിധം
തട്ടിക്കൊണ്ടുപോയി ചുരത്തില്‍ നിന്നൊരു ബസ്സിനെ.
അത് ബസ്സിനെ രണ്ടുകൈകളാല്‍ വാരിയെടുത്ത്
ഉമ്മവെച്ചുകൊണ്ടിരുന്നു.
ബസ്സില്‍ നിന്ന് ചക്കയുടെ മണമുള്ള കാട്ടിലേക്ക്
ഡ്രൈവര്‍ ഒരു പെരുമ്പാമ്പായി ചാടി
അത്തിമരത്തിലേക്ക് കയറിപ്പോയി
കണ്ടക്ടര്‍ പണസഞ്ചിയും ടിക്കറ്റ്പലകയും വലിച്ചെറിഞ്ഞ്
ഒരു കാക്കയായി പുറത്തേക്ക് പറന്നു.
സ്ത്രീകളുടെ സീറ്റില്‍ നിന്ന്
കുറേ മാനുകള്‍ ചാടിപ്പോയി.
പിന്‍‌സീറ്റിലെ ആ മീശക്കാരന്‍ അല്പം മുന്‍പ്
ഒരു കരിമ്പുലിയായി ജനല്‍ വഴി ചാടിയോടി.
കണ്ടക്ടറുടെ മുന്‍പിലെ സീറ്റിലിരുന്ന
രണ്ടു കൊച്ചുപെണ്‍കുട്ടികള്‍
കാടുമുഴക്കിക്കിളികളായി
അവരുടെ നീണ്ട വെളുത്ത തലമുടി റിബണ്‍
പിന്നിലേക്ക് വീശിക്കൊണ്ട്
ഓട്ടുമണിയൊച്ചയുണ്ടാക്കിപ്പറന്നു.
കുരങ്ങുകളും അണ്ണാന്മാരും തത്തകളുമായി
ആളുകള്‍ പുറത്തേക്ക് തെറിച്ചുകൊണ്ടിരുന്നു.
ഒരു മുത്തശ്ശി തോട്ടുവക്കത്തേക്ക്
വെള്ളിലച്ചെടിയായി നടന്നുപോയി.
മരങ്ങളും ചെടികളും ശലഭങ്ങളുമായി
ആ ബസ്സ് കാടിനകത്ത് വിലയിച്ചു.
പുറപ്പെട്ട വീടുകളില്‍ നിന്നും

എത്തേണ്ടഇടങ്ങളില്‍ നിന്നും
വിളിച്ചുകൊണ്ടിരുന്നവര്‍ക്ക്
ഒരേ മറുപടി:
നിങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്ന സബ്സ്ക്രൈബര്‍
ഇപ്പോള്‍ പരിധിക്കു പുറത്താണ്.

പഴുത്ത ചക്കയുടെ മണമുള്ള കാട്
ഇപ്പോള്‍ മറ്റൊരു ബസ്സിനെ സമീപിക്കുകയാണ്.
നിങ്ങള്‍ ആ ബസ്സില്‍ത്തന്നെയല്ലേ
ചുരം കയറിക്കൊണ്ടിരിക്കുന്നത്?
-----------------------------------------------------

No comments:

Post a Comment