ചത്തവര് എഴുന്നേറ്റുവരില്ലെന്ന ഉറപ്പ്
വലിയ സൗകര്യം തന്നെ
അവരോട് എന്ത് ഉപേക്ഷയും കാട്ടാം
കമാന്നൊരക്ഷരം ചോദിക്കില്ല.
മോര്‍ച്ചറിയില്‍ ചുറ്റിക വെച്ച് തലയോട്ടി തകര്‍ക്കുന്നയാള്‍ക്ക്
അതൊരു മനുഷ്യന്റേതാണെന്ന വിചാരമുണ്ടോ?
ക്വാറിയില്‍ മെറ്റലടിക്കുന്ന
പയ്യനു കാണും
അതിനേക്കാള്‍ ശ്രദ്ധ,അലിവ്.
തലച്ചോറും കരളുമെല്ലാം
വാരി വയറ്റിലിട്ട്
തുന്നിക്കെട്ടുന്നതു കാണണം
സ്കൂള്‍ കുട്ടികള്‍ അതിലും നന്നായി
കീറിയ പന്ത് തുന്നും.
നിരാലംബരെ ആര്‍ക്ക് എന്താണ് ചെയ്തുകൂടാത്തത്?
മുറ്റത്തെ പന്തല്‍ കണ്ടാലറിയാം
മരിച്ച വീടിനെ.
പഴകി നരച്ച,ചെറിയ ഒരു താര്‍പ്പായ
ആരെങ്കിലും കൊണ്ടുവരും
ഏണും കോണുമൊക്കാതെ
വലിച്ചുകെട്ടിപ്പോകും മറ്റൊരാള്‍.
ചോദിക്കേണ്ടയാള്‍ ഇപ്പോള്‍
ഇല്ലല്ലോ എന്ന ധൈര്യത്തിലാണ്
കുട്ടികളുടെ കളിപ്പന്തല്‍
ഇതിനേക്കാള്‍ എത്ര ഭേദം!
ചമഞ്ഞു കിടക്കാനുള്ള
അവസാന അവസരമായിരുന്നില്ലേ?
രണ്ടു കഷ്ണം വെള്ളയില്‍
അത് തീര്‍ത്തു കളഞ്ഞു.
കല്യാണത്തിന് എന്തുമാത്രം
ചമയങ്ങളായിരുന്നു!
വീട്ടില്‍ വരുന്നവരെ
സല്‍ക്കരിച്ചല്ലാതെ വിടുമായിരുന്നില്ല.
എന്നിട്ടെന്ത്?
അവസാനമായി ഒന്നു കാണാന്‍ വന്നവര്‍ക്ക്
തുള്ളിവെള്ളം കൊടുത്തില്ല
ഒന്നിരിക്കാന്‍ പറഞ്ഞില്ല.
കുഴി വെട്ടുമ്പോള്‍
ഒന്നു തിരിഞ്ഞു കിടക്കാനുള്ള
തുറസ്സെങ്കിലും വെച്ചാലെന്ത്?
എത്ര കാലത്തേക്കുള്ള കിടപ്പാണെന്നാര്‍ക്കറിയാം?
എന്നാല്‍
പോയ്ക്കിട്ടിയല്ലോ എന്ന ആശ്വാസം
പായസം വിളമ്പിത്തന്നെ ആഘോഷിക്കും
അടിയന്തിരത്തിന്റെ അന്ന്.
അരുതെന്ന് അയാള്‍ വാശിവെച്ചതൊക്കെയും
അയാളുടെ പേരില്‍ ചെയ്യുന്നതിന്റെ
തിരക്കിലാണേവരും.
വെറുതെയല്ല മരിച്ചവര്‍
തിരിച്ചു വരാത്തത്!
-----------------------------------------------
അർത്ഥം
ReplyDelete