Wednesday, May 20, 2015

ചാവ / വിഷ്ണു പ്രസാദ്


കുട്ടിക്കാലത്ത്
വിനോദയാത്രയ്ക്കിടെ കാണാതായ അനുജത്തിയെ
അമ്മയോട് പിണങ്ങി നാടുവിട്ടുപോയ അനിയനെ
വര്‍ഷങ്ങള്‍ക്കു ശേഷം വഴിവക്കില്‍ നിന്ന്
കൂട്ടിക്കൊണ്ടുവരുമ്പോലെയായിരുന്നു.
യാത്രയ്ക്കിടയില്‍ അതിനെ
കണ്ടപാടെ ബസ്സിറങ്ങി.
കുന്നിന്‍പുറത്തു നിന്ന് അതിനെ
വേരുപൊട്ടാതെ പിഴുതെടുത്തു.
‘എന്തിനാണെന്നെ...?’ എന്ന് അത് കരഞ്ഞു.
ആ കുന്നു മുഴുവന്‍ അവന്റെ വംശം
വളര്‍ന്നുപച്ചച്ച് ഇളം‌പച്ചത്തലകള്‍
ചുരുട്ടിനിന്നിരുന്നു.
ചാവ-എന്റെ നാടിന്റെ അടയാളച്ചെടി.
ഇരുപതുകൊല്ലത്തിനു ശേഷം ഞാനതിനെ
വീണ്ടും കാണുകയാണ്.

കുട്ടിക്കാലത്ത്
കാപ്പിത്തോട്ടത്തില്‍,വയലിറമ്പില്‍
ഒഴിഞ്ഞ കുന്നുകളില്‍
ഞാന്‍ പോകുന്നിടത്തെല്ലാം അത്.
എല്ലായിടത്തും ഒരു പാവത്തെപ്പോലെ
തളിര്‍ത്തല ചുരുട്ടി
എങ്കിലും ആഹ്ലാദത്തോടെ
വെയിലിന്റെ നിറം ഇളമ്പച്ചയാണെന്ന്
നിന്നിരുന്നു.
വെറുമൊരു പന്നല്‍ച്ചെടി.
ഒരു പൂ പോലും പുറപ്പെടുവിക്കാത്തത്.
അതിന്റെ മണം എനിക്കറിയാം.
എത്ര കൊത്തിപ്പറിച്ചുകളഞ്ഞാലും
വീണ്ടും വീണ്ടും കിളിര്‍ത്തു വന്നു.
പിന്നെപ്പിന്നെ സ്വന്തം തൊടികളില്‍ നിന്ന്
പറിച്ചെറിഞ്ഞ ഗോത്രജനതയെപ്പോലെ
അതിരുകളിലോ തിണ്ടുകളിലോ‍ അപകര്‍ഷത്തോടെ
അവ കറുത്തുനിന്നു.
നാടുവിട്ട് തൊഴില്‍തേടിത്തെണ്ടി
കൂട്ടുകാരിയും കുട്ടികളുമായി
തിരികെയെത്തുമ്പോള്‍
ഒരു തൊടിയിലും അതില്ല.
വീട്ടുപറമ്പിലൊരിടത്തു നട്ട്
ഞാനതിനോട് പറഞ്ഞു:
'നീ എന്റെ കുട്ടിക്കാലകൂട്ടുകാരന്‍ .'
തന്റെ വംശം കൂട്ടക്കൊലചെയ്യപ്പെട്ട
കുന്നുകളും തൊടികളും വഴിവക്കുകളും നോക്കി
അതു ഓര്‍മകളുടെ ഭാരത്താല്‍ കുനിഞ്ഞുനിന്നു.
യുദ്ധത്തിലോ കലാപത്തിലോ
എല്ലാം നഷ്ടപ്പെട്ട് ഓടിപ്പോയ ഒരാള്‍
തിരികെ വന്ന് കത്തിപ്പോയ തന്റെ വീട്ടിലെ
മുറികളില്‍ പരതുന്നതുപോലെ
അതിന്റെ ഇലക്കണ്ണുകള്‍
പരതിക്കൊണ്ടിരുന്നു.
മൂന്നുദിവസം കൊണ്ട് അത് കരിഞ്ഞു.
പക്ഷേ,പൂര്‍വികരുടെ കാറ്റ് നാലാം ദിവസം
ഒരു മഴയുമായി വന്ന് അതിനോട് എന്തോ പറഞ്ഞു.
ഇപ്പോള്‍ അത് എഴുന്നേറ്റു നില്‍ക്കുന്നു.
നാടുവിട്ടുപോയ നാട് തിരിച്ചുവന്ന്
തൊടിയില്‍ നില്‍ക്കുന്നു.
വള്ളിട്രൌസറിട്ട ഒരു ചെക്കന്‍
ചാവയുടെ കൈ പിടിച്ച് നടക്കുന്നു.
-------------------------------------------------------

1 comment:

  1. ശരിക്കും മനോഹരം നഷ്ടപെടുന്ന ചെടികൾ സസ്യ ജാലങ്ങൾ ശരിക്കും നമ്മുടെ ബന്ധുക്കൾ ആണെന്ന് നമ്മൾ തിരിച്ചറിയുന്നില്ലല്ലോ

    ReplyDelete