Wednesday, July 17, 2019

എനിക്കിത്രയേ പറയാനുള്ളൂ.../സജി കല്യാണി

1

ഇടിവെട്ടിപ്പെയ്യുന്ന
മഴയത്ത്
അകമില്ലാത്ത വീടിന്‍റെ ഉമ്മറത്ത്
ഉടുമുണ്ടു പുതച്ചുറങ്ങിയവനെ
വെളിച്ചം കെടുത്തിയ മുറിയിലെ
ഇരുട്ട് കാണിച്ചു പേടിപ്പിക്കരുത്..!

2

വാശികൊണ്ട് തുന്നിപ്പിടിപ്പിച്ച
വാക്കുകള്‍ കൊണ്ട്
വഴിയില്‍ കിടന്നുറങ്ങുന്നവന്‍റെ
കവിതയെ വ്യാഖ്യാനിക്കരുത്.
വാടകയ്ക്കെടുത്ത മുറിയിലല്ല
കുടിയിറക്കപ്പെട്ടവന്‍റെ ഉടലിലാണ്
കരളുമുറിയുന്ന ബിംബങ്ങളുള്ളത്.

3

കാലില്‍ തറച്ച മുള്ളിനെ
കാന്തം കൊണ്ടല്ല,
കാരമുള്ളുകൊണ്ട്
കുത്തിയെടുക്കണമെന്ന്
കാടിനുള്ളില്‍ കിളച്ചുമറിയുന്നവനോട്
ഉപദേശിക്കരുത്.
കാരണം
കാടുപറഞ്ഞതിന്‍റെ ബാക്കി മാത്രമാണ്
നാടുനീളെ നീ പാടിയത്.

4

പഴകിയ ചോറിന്‍റെ മണമേറ്റ്
വിശന്ന നട്ടുച്ചകള്‍ മുറിച്ചുകടന്നവനെ
നാക്കില നീട്ടി കൊതിപ്പിക്കാന്‍ നോക്കരുത്.
നാക്കിന്‍റെ രുചിയല്ല
വാക്കിന്‍റെ അരുചിയാണ്
ഉണ്ടുനിറഞ്ഞവനെപ്പോലെ
മുണ്ടുമുറുക്കാന്‍ പഠിപ്പിച്ചത്..

5

അഴിഞ്ഞുവീഴാന്‍
മുഖം മൂടികളില്ലാത്തവനെ
ചൂണ്ടിയ വിരലു കാണിച്ച്
ഭയപ്പെടുത്തരുത്.
അരച്ചിട്ട ചന്ദനത്തിന്‍റെ ഗന്ധമല്ല,
വിയര്‍ത്തുണങ്ങിയ
കുപ്പായക്കീശയിലെ
അഴുക്കുപുരണ്ട നാണയങ്ങളാണ്
അടിപതറാതെ നടക്കാന്‍ പഠിപ്പിച്ചത്.

6

തലയില്‍ കെട്ടിയ
തോര്‍ത്തുമുണ്ടഴിച്ച്
തറയില്‍ കിടന്നുറങ്ങിയവനോട്
തടിച്ച മെത്തയുടെ സുഖം പറയരുത്.
നിവര്‍ന്ന നട്ടെല്ലിന്‍റെ
ബലമാണ്, തലയിലെ ചുറ്റിനും.

7

പഠിച്ചെഴുതിയ വരികളല്ല
ജീവിതം പൊടിച്ചെഴുതിയ വാക്കുകളാണ്
എന്‍റെ
കവിത...
വഴിയില്‍ കുത്തിയ കുഴിയില്‍ വീണ്
ഉരുണ്ടുപോകുമെന്ന് കരുതരുത്..!

________________________________________

No comments:

Post a Comment