Sunday, July 28, 2019

രണ്ട്മൂന്നാൺകുട്ടികൾ/കുഴൂർ വിത്സൺ

ഒരിടത്ത്
ഒരു കാലത്ത്
ഒരു ഹോട്ടലുണ്ടായിരുന്നു
കാലത്ത് മാത്രമല്ല
ഉച്ചയ്ക്കും വൈകുന്നേരവും
ഹോട്ടലിൽ കാലത്ത്
ഉഴുന്നുവട ഇഡ്ഡലി ദോശ
ഉപ്പുമാവ് വെള്ളേപ്പം ഇടിയപ്പം
സാമ്പാർ പയറുകറി കടല
ചട്നികൾ
ഹോട്ടലിൽ ഉച്ചയ്ക്ക്
അവിയൽ അച്ചിങ്ങ പച്ചടി
കിച്ചടി പുളിശ്ശേരി തോരൻ അച്ചാർ
മോരുകൾ
ഹോട്ടലിൽ വൈകുന്നേരം
സുഖിയൻ ബോണ്ട
പഴം പൊരി പരിപ്പുവട
മുളകുവട പാലുംവെള്ളം കട്ടൻകാപ്പി
ചായകൾ
ആ ഹോട്ടലിൽ
ഒരു പാചകക്കാരനുണ്ടായിരുന്നു
ആ ഹോട്ടലിനു
ഒരു മുതലാളിയുണ്ടായിരുന്നു
ഇരുവർക്കും
ഓരോ ആൺകുട്ടികളുണ്ടായിരുന്നു
ആ ആൺകുട്ടികൾക്ക്
ഒരു സ്കൂളുണ്ടായിരുന്നു
ഇരുവരും
ഒരേ ക്ലാസിലായിരുന്നു
ക്ലാസിൽ
ഒരേ ബെഞ്ചിലായിരുന്നു
വിശക്കുമ്പോഴൊക്കെ
അതിൽ ഒരു കുട്ടി
ആ ഹോട്ടലിന്റെ
മുതലാളിയെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആദരവോടെ മിഴിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്തു വേണമെങ്കിലും
പലഹാരപ്പാട്ടയിൽ കയ്യിട്ടോ
അലമാരയിൽ തലയിട്ടോ
അടുക്കളയിൽ അപ്പാടെ കടന്നോ
എന്ത് വേണമെങ്കിലും
എടുക്കാമല്ലോയെന്ന്
കൊതിപ്പെടും
നിനക്കാരാവണം
എന്ന ചോദ്യത്തിനു
എനിക്കയാളാകണം
എന്നുവരെ
ഒരിക്കൽ
ഉത്തരം പറഞ്ഞു
അവൻ
എന്നാൽ
വിശക്കുമ്പോഴൊക്കെ
മറ്റേ കുട്ടി
ആ ഹോട്ടലിലെ
പാചകക്കാരനെ ഓർക്കും
എന്തൊരാളാണു അയാളെന്ന്
ആശ്ചര്യത്തോടെ സ്തുതിക്കും
അയാൾക്കെപ്പോൾ വിശന്നാലും
എന്ത് വേണമെങ്കിലും
എത്ര വേണമെങ്കിലും
ഉണ്ടാക്കിക്കഴിക്കാമല്ലോയെന്ന്
അസൂയപ്പെടും
നിനക്കാരാവണം
എന്ന വേറെ ഒരു ചോദ്യത്തിനു
എനിക്കയാളാകണം
എന്നു തന്നെ
ഒരിക്കൽ
ഉത്തരം പറഞ്ഞുകളഞ്ഞു
അവൻ
**********
ഒരു സാധാരണ കവിത
വായിച്ച് കഴിഞ്ഞ്
പൊടിയും തട്ടി
ഒന്നമർത്തി മൂളി
ആഴത്തിലൊരു നെടുവീർപ്പിട്ട്
അതുമല്ലെങ്കിൽ
അലസമായ് മൂളി
പുളി കലർന്ന
ഒരേമ്പക്കവും വിട്ട്
സ്ഥലം വിടാൻ വരട്ടെ
ഒന്ന് രണ്ട്
ചോദ്യങ്ങൾക്ക്
ഉത്തരം പറഞ്ഞിട്ട് പോയാൽ മതി
ഈ ഹോട്ടൽ ശരിക്കും
ആരുടേതാണു ?
ഈ ഹോട്ടലിലെ
സ്കൂൾ കുട്ടികൾ
ശരിക്കും ആരുടെ മക്കളാണു ?
ഈ കവിതയിൽ
രണ്ട് ആൺകുട്ടികൾക്ക്
പുറമേ
ഒരു കുട്ടി കൂടിയുണ്ടല്ലോ
അതാരാണു ?
( പുസ്തകം . ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ
പ്രസാധകർ. ലോഗോസ് )

No comments:

Post a Comment