ജീവിച്ചു ജീവിച്ചു തീർന്ന്
ഇന്നലെ രാത്രിയിൽ ഞാൻ മരിച്ചു പോയി
നാം പിണങ്ങിയിരിക്കുന്ന ഈ നേരത്തു തന്നെ
മരണം വന്നതിലെന്തോ പന്തികേടെനിക്കു തോന്നി
(അല്ലെങ്കിൽ തന്നെ ഇണങ്ങിയതിലേറെ പിണക്കമായിരുന്നല്ലോ)
‘ബനിയാസി’ലെ സെമിത്തേരിയാലാണടക്കമെന്ന്
ചിലരടടക്കം പറയുന്നുണ്ട്
നീ തന്ന ‘തബല’കളുടെ ചിത്രങ്ങളുള്ള സാരി
ശവക്കച്ചയാക്കണമെന്ന് പറയാനും വിട്ടുപോയി.
എല്ലാവരും പോയികഴിഞ്ഞ് നീ വന്നാൽ മതി
തിരികൾ വാങ്ങാൻ
പതിവുപോലെ നിന്റെ കയ്യിൽ കാശുണ്ടാവില്ല
സാരമില്ല;
പണ്ട് പല വിശേഷ ദിവസങ്ങളിലായി
നീ തന്ന ഭംഗിയുള്ള
മഞ്ഞ / വയലറ്റ് / നീല മെഴുതിരികളെല്ലാം
എന്റെ ചില്ലലമാരിയിലുണ്ട്,
മഞ്ഞ തിരി തലക്കൽ തെളിയിക്കുമ്പോൾ
എന്തിനാടീ ആദ്യം പോയതെന്ന് നീ കരയും
പതിവു പോലെ നീ കരയുമ്പോൾ എനിക്ക് സങ്കടമാവും.
‘എന്നെക്കാൾ നിന്നെ സ്നേഹിച്ചുകൊല്ലുന്നൊരാളെ
നിനക്കു കിട്ടിയാൽ പൊയ്ക്കോളൂ ‘ന്ന്
ഞാൻ പണ്ടു പറഞ്ഞ്തു നിനക്കോർമ്മ വരും
അങ്ങനൊരുത്തിയും വരാൻ പോവില്ലെന്നറിഞ്ഞ്
മരിച്ചിട്ടുമെനിക്കു ചിരിവരും
ഞാനപ്പോൾ പെട്ടിയിൽ നിന്ന് തലയൽപ്പം നീട്ടി-
നിന്റെ മടിയിലേക്ക് കയറ്റി വെയ്ക്കും
ജീവിച്ചിരുന്നപ്പോൾ,
നാമെന്തിനാണു ഇത്രയധികം-
യുദ്ധം ചെയ്തതെന്ന് ഞാൻ ചോദിക്കും
മരിച്ചു കഴിഞ്ഞിങ്ങനെ സ്നേഹിക്കാനായിരുന്നെന്ന്
പതിവു പോലെ നീ ആശ്വസിപ്പിക്കും
നീ പൊസ്സെസ്സീവ്നെസ്സിന്റെ മൂർത്തിയാണെന്നും
ഞാൻ സ്റ്റബൺനെസ്സിന്റെ ദേവതയാണെന്നും പറഞ്ഞു പറഞ്ഞ്
മരിച്ചിട്ടും ഒരു വഴക്കിനുള്ള വഴി നീണ്ടുവരും
അടുത്ത ജന്മം ഞാൻ നിന്റമ്മയുടെയും
നീ എന്റമ്മയുടെയും വയറ്റിൽ ജനിക്കും
അപ്പോൾ നീ സ്റ്റബൻനെസ്സിന്റെ ചക്രവർത്തിയാവും
ഞാൻ പൊസ്സെസ്സീവിന്റെ രാജ്ജ്ഞിയാവും
സ്റ്റബൻനെസ്സിന്റെയും പൊസ്സെസ്സീവിന്റെയും
കൃത്യമായ മലയാള പദം എന്താന്ന് ഞാൻ ചോദിക്കും
പതിവു പോലെ ഇമ്മാതിരി സംശയങ്ങൾ തീർക്കാൻ
റാം മോഹനെ വിളിച്ചു ചോദിക്കാൻ നീ പറയും
നീ പേരിട്ട നിലാവിന്റെ പിറന്നാളായിരുന്നെന്ന്-
നീ പതം പറയും
എന്നോടു തന്നെയതു പറയണമെന്ന്
ഒരു സങ്കടത്തോണി എന്റുള്ളിൽ നീന്തി നടക്കും
ദീർഘനിശ്വാസങ്ങളിലുലഞ്ഞ്
നാം ഇത്തിരി നേരത്തേയ്ക്ക് മിണ്ടാതാവും.
മൂന്നാം കൊല്ലം കായ്ക്കുമെന്ന് പറഞ്ഞു നീ തന്നെ
നെല്ലിച്ചെടി മച്ചിയാണന്നാ തോന്നുന്നെ;
ഇലഞ്ഞിയും അരയറ്റം മാത്രേ വളർന്നിട്ടുള്ളൂ..
സാരമില്ല,
ഇടക്കെല്ലാം നീയിത്തിരി വെള്ളം തളിച്ചാൽ മതി..
പറഞ്ഞു പറഞ്ഞ്,
പണ്ട് കിളികൾ പാടുന്ന മൈതാനത്തിരുന്നതു പോലെ
നമ്മളിരിക്കും
പിന്നെ കിടക്കും
മരിച്ചു പോയെന്നോർക്കാതെ
ഞാനെന്റെ ദേഹം കുറെക്കൂടെ നിന്റെ മടിയിലേക്ക് കയറ്റിവെയ്ക്കും
ഞാൻ കവിൾകാട്ടുമ്പോഴെല്ലാം,
നീ കുനിഞ്ഞ് / പിന്നേയും കുനിഞ്ഞ്
ചുണ്ടത്തു തന്നെയുമ്മകൾ വെയ്ക്കും
പണ്ടു പറഞ്ഞതു പോലെ
രാത്രിയായെന്നും / നിനക്കു പോവാനായെന്നും /
വഴിയിൽ കുടിക്കാൻ നിൽക്കല്ലേന്നും ഞാനോർമ്മിപ്പിക്കും
ഇന്നു കുടിച്ചില്ലേൽ ഇക്കണ്ടകാലം കുടിച്ചതെല്ലാം വേസ്റ്റല്ലേടാ-ന്ന്
നീയൊരു നോട്ടം നോക്കും
“ഒറ്റ ഒരെണ്ണം മാത്ര” മെന്ന്
പണ്ടത്തെപ്പോലെ നീയതും സമ്മതിപ്പിക്കും.
ഇത്തവണ മാത്രം തരാൻ കാശില്ലാതെ ഞാനൊന്നു പിടയും
ആദ്യമായി നീ കാശു ചോദിക്കാതിരിക്കും
മനസില്ലാമനസോടെ നീ എണീറ്റ്
ചുറ്റും നടന്ന് എല്ലാം പെൺകല്ലറകൾ തന്നെയല്ലേന്ന്
ഉറപ്പു വരുത്തുന്നതു കണ്ട്
മരിച്ചിട്ടുമെനിക്കു പിന്നേയും ചിരി വരും
എത്തിയാൽ മെസേജ് ഇടാൻ മറക്കല്ലേടാ-ന്ന്
പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരിക്കും
ഇടാം പെണ്ണേന്ന് നീ പറയും .
എനിക്കു സങ്കടം വന്നു വന്ന് !
പിന്നേയും സങ്കടം വന്നു വന്ന് !!
കണ്ണും നിറഞ്ഞു നിറഞ്ഞ് !!!
സെമിത്തേരി ഗേറ്റിനോടും ചുറ്റുമതിലിനോടും വാച്ച്മാനോടും
എന്തോക്കെയോ ചോദിച്ചും പറഞ്ഞും
എന്റെ കണ്ണിനു മറഞ്ഞുവെന്ന് കരുതി നീ സിഗരറ്റ് കത്തിക്കും
(വലിക്കെല്ലെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല) !
പാതിരാവു കഴിയുന്നേരത്ത്
“എത്തി വാവേ” ന്ന് മെസേജ് കിട്ടുകയും
അടുത്താഴ്ച്ച നീ മറ്റൊരു മഞ്ഞത്തിരിയുമായെത്തും വരെ
ഞാനുറങ്ങിപ്പോവുകയും ചെയ്യും !!!!
_________________________________________
''എനിക്കു സങ്കടം വന്നു വന്ന് !
ReplyDeleteപിന്നേയും സങ്കടം വന്നു വന്ന് !!
കണ്ണും നിറഞ്ഞു നിറഞ്ഞ് !!!''