Friday, June 14, 2019

ഒറ്റക്കൊളുത്ത് / സുഹ്റ പടിപ്പുര

അകന്നുമാറാൻ കുതറിയിട്ടും 
ഒറ്റക്കൊളുത്താൽ,
നിർബന്ധിച്ചൊരു 
വലിച്ചുകൊണ്ടുപോക്ക് .
കുതിപ്പിന്റെ ഓരോ ഇടവേളകളിലും
സ്വാതന്ത്ര്യം മോഹിക്കുന്ന
ബോഗികളിൽനിന്ന്,
ഇനിയൊരിക്കലും
കണ്ടുമുട്ടില്ലെന്നുറപ്പുണ്ടായിട്ടും
യാത്രപറയാതെ
ഇറങ്ങിപ്പോകുന്ന പ്രതീക്ഷകൾ.
നിർത്താതെപോയ സ്റ്റേഷനിൽനിന്ന്
ആളൊഴിഞ്ഞ കൂപ്പയിലേക്ക്
കൂട്ടത്തോടെ കയറിയ മറവികൾ
ഓർമ്മത്തുരുത്തിലേക്കൊരിക്കൽ-
പ്പോലും തിരിഞ്ഞുനോക്കിയില്ല.
കറുത്ത ഗൗണിട്ടൊരു ഒറ്റക്കൈ
അപ്പോഴും ഇരകളെ തേടുകയായിരുന്നു.
തുരങ്കത്തെ ഓർമിപ്പിച്ച
വാതിലുകൾകടന്ന്
ചോരച്ചുവയുള്ളൊരു നിലവിളി
പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയത്
വേഗതകൂടുതലായതുകൊണ്ടാകാം
ആരും കേട്ടില്ല .
എല്ലാറ്റിനും സാക്ഷിയായ കാലമപ്പോഴും,
എത്ര ഓടിയിട്ടും ഒപ്പമെത്താത്തൊരു-
തീവണ്ടിപോലെ
കിതപ്പില്ലാതെ കുതിച്ചുകൊണ്ടേയിരുന്നു !

________________________________'__________

No comments:

Post a Comment