കമിതാക്കളെ വില്‍ക്കുന്ന
തെരുവില്‍ എനിക്ക്
കിട്ടിയത് ഒരു ഊമയെ.
എന്താണ് പേരെന്നും
ഏതാണ് നാടെന്നും
ഉള്ള ചോദ്യങ്ങള്‍ക്ക്
ഏതാണ്ട് ഒരു പോലെയുള്ള
ചുണ്ടിളക്കലായിരുന്നു ,
അവള്‍ക്കു പഥ്യം.
ഏതു ഭാഷയാണതെന്ന
ചോദ്യത്തിനുമില്ല മറുപടി.
ഭാഷ കൊണ്ട് അമ്മാനമാടുന്ന
ഒരു എഴുത്തുകാരനാണെന്ന
അഹങ്കാരം അഴിച്ചുകളയുന്ന
ഒന്നായിരുന്നു ആ മൌനം.
അഹങ്കാരത്തെ ആദ്യം
അഴിച്ചുവച്ചു.
ഭാഷയെ രണ്ടാമതായി
ഊരിയെറിഞ്ഞു.
എഴുത്തെന്ന അടിവസ്ത്രവും
അഴിച്ചുകളഞ്ഞു.
ഉപമയും അലങ്കാരവും
മായ്ച്ചുകളഞ്ഞു.
അടിവയറ്റില്‍ കവിത
പച്ച കുത്തിയത്
അഴിക്കുന്നില്ലേ
എന്നായി
ഭാഷയ്ക്കും മുമ്പത്തെ
ഭാഷയിലവള്‍.
അഴിച്ചിട്ടും അഴിച്ചിട്ടും
അഴിയുന്നില്ലെന്നു
തൊട്ടുകാണിക്കേണ്ടിവന്നു.
അവളതു ഉമ്മവച്ചുമ്മവച്ച്
മായ്ച്ചുകളഞ്ഞു.
ഭാഷയുടെ ഒരു തുരുമ്പുപോലും
ശരീരത്തിലില്ലാതായപ്പോള്‍
വൃത്തവും പ്രാസവും ലിപിയും
ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത
ശരീരങ്ങള്‍ കൊണ്ട് പരസ്പരം
സംസാരിക്കാന്‍ തുടങ്ങി .
ആ ഭാഷയില്‍ അവള്‍
എന്നെക്കാളും വലിയ
കവിയാണെന്ന് അശരീരി.
ഈരടികളും ശ്ലോകങ്ങളും
വരച്ചുവച്ചിട്ടുണ്ടത്രേ.
പൊടുന്നനെ, അവള്‍ നിറയാനിരിക്കുന്ന
മഹാകാവ്യം പെയ്യാന്‍ തുടങ്ങി .
തൊട്ടപ്പുറത്തെ മണല്‍ക്കൂനയില്‍
മറഞ്ഞിരിക്കുന്ന ആള്‍ക്ക്
ചിത്രങ്ങളില്‍ കണ്ടു മറന്ന
എഴുത്തച്ഛന്റെ അതേ ച്ഛായ.
No comments:
Post a Comment