Friday, October 6, 2017

എഴുതുമ്പോള്‍ മായുന്നു / എം.ആര്‍.രേണുകുമാര്‍


തിരമാലകളില്‍
തകിടം മറിയുന്ന
പിണ്ടിച്ചങ്ങാടത്തില്‍
പുനഞ്ഞുകിടക്കുന്ന നമ്മളെ
പ്രണയത്തിന്‍റെ കറചേര്‍ത്ത
നീല കളിമണ്ണുകൊണ്ട് പൊത്തിപൊതിയണം
ഉപ്പുവെള്ളത്തിന്‍റെ നാവുകള്‍
കാര്‍ന്നുതിന്നുന്നതറിഞ്ഞ്
ഒട്ടിക്കിടന്ന് കൊത്തിമരിക്കുന്ന
കളിമണ്ണോട് ചേര്‍ന്ന നമ്മളെ
കരിനീലകൊണ്ടുതന്നെ
കടല്‍ എഴുതിമായ്ക്കട്ടെ
കടലെടുത്ത് ഒടുക്കം
ഉടലാകെ നീലിച്ച്
ഉടലേത് കടലേത്
എന്നറിയാത്ത മട്ടിലാവട്ടെ
ഒടുവിലലിഞ്ഞ് തീരുവത്
നമ്മുടെ ചൊടികളാവട്ടെ
എവിടെയും അലിയാത്ത നിന്‍റെ
ചുരുള്‍മുടിക്കാടിനെ
തിരകള്‍ മാറോട് ചേര്‍ക്കട്ടെ
ചുണ്ടുനനയ്ക്കാനെത്തുന്ന
മേഘങ്ങളുടെ അടിവയറ്റില്‍
നമ്മള്‍ ചേര്‍ന്നുകൊത്തിയ രഹസ്യലിപികള്‍
അവ ആര്‍ത്തിപൂണ്ട് വായിക്കട്ടെ
കടല്‍ക്കാറ്റിന്‍റെ
ചുരും ചൂളവുമായി
എന്‍റെ ഒടുങ്ങാകൊതികള്‍
അലഞ്ഞുതിരിയട്ടെ
തമ്മില്‍ കലര്‍ന്ന് കല്ലിച്ച
നമ്മുടെ ഉടല്‍ നീലയെ
കടല്‍ നീലയില്‍ നിന്ന്
ദൈവത്തിനുപോലും
വേര്‍തിരിക്കാന്‍ കഴിയാതിരിക്കട്ടെ
എനിക്കുമാത്രം നീന്തിയെത്താനും
അകപ്പെടാനും പാകത്തില്‍
ജലച്ചുഴികള്‍ക്കിടയില്‍
നിന്‍റെ പൊക്കിള്‍ച്ചുഴി മാത്രം
വേണമെങ്കില്‍
ഒരിത്തിരികൂടി
ഇരുണ്ട് കിടന്നോട്ടെ.
----------------------------------------------------------

No comments:

Post a Comment