Saturday, September 12, 2015

കാറ്റായി മാറുവാന്‍ / സച്ചിദാനന്ദന്‍


ചിന്തകള്‍ ഉണ്ടാവരുത്
അടുത്തു കിട്ടാവുന്ന ഏറ്റവും വലിയ
കുന്നിനു മുകളില്‍ കയറുക
കാറ്റിനെത്തന്നെ ധ്യാനിക്കുക,
എല്ലാ അവതാരങ്ങളും
എഴുന്നൂറു പൂക്കളുടെ സൌരഭ്യവുമായെത്തുന്ന
വസന്തമാരുതന്‍,
മഴയെ കയ്യില്‍ കോരിയെടുത്തു വട്ടം ചുറ്റി
ചിരിച്ച് ഉന്മാദിയായ കാമുകനെപ്പോലെ
വന്നെത്തുന്ന ശിശിരപവനന്‍,
തൊട്ടതെല്ലാം ഭസ്മമാക്കി, സൂര്യനെ ശിരസ്സേറ്റി
ചുടലയില്‍ താണ്ഡവമാടുന്ന ഗ്രീഷ്മാനിലന്‍,
അസ്ഥികള്‍ കീറിമുറിച്ചകത്തുകയറി
സ്വപ്നങ്ങളെപ്പോലും മരവിപ്പിക്കുന്ന
ഹേമന്തവാതം, കടലില്‍ ആഴമേറ്റുന്ന
കടല്‍ക്കാറ്റ്, ചിറകുകളില്‍ ഉയരമേറ്റുന്ന
മലങ്കാറ്റ്, ആയിരം വാള്‍ ചുഴറ്റിയെത്തുന്ന
ചുഴലിക്കാറ്റ്, മരങ്ങളെ ചുമലിലേറ്റിവരുന്ന
കൊടുങ്കാറ്റ്...
ഇനി നിന്‍റെ ഉള്‍ക്കാറ്റ് അടക്കിപിടിക്കുക
കൈകള്‍ മുന്നോട്ടു നീട്ടി കാലുകള്‍ മെല്ലെ ഉയര്‍ത്തുക,
പറക്കുക, മേഘങ്ങളെ തള്ളിനീക്കി
ഭൂവിന്‍റെ ഈറനണിഞ്ഞ് പറക്കുക.
തിരികെ വരണമെന്നു തോന്നുമ്പോള്‍
മഴയെ ധ്യാനിച്ച്‌ മഴയാവുക
ചിന്തകളുടെ ശാപമേറ്റി
താഴ്വാരത്തിലൂടെ ഒഴുകി വീട്ടിലെത്തുക

പിന്നെ
കാറ്റാവുക.
-----------------------------------------

No comments:

Post a Comment